ബംഗളൂരു-കര്‍ണാടകയിലെ ശിവമോഗ ജില്ലയില്‍ മുസ്ലിംകള്‍ക്കെതിരെ നടത്തിയ വിദ്വേഷ പ്രസംഗത്തിന്റെ പേരില്‍ ബി.ജെ.പി എംപിയും സന്ന്യാസിനിയുമായ പ്രജ്ഞാ സിംഗ് ഠാക്കൂറിനെതിരെ കേസെടുത്തു.ശിവമോഗ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി എച്ച്എസ് സുന്ദരേശ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രജ്ഞാ സിംഗ് ഠാക്കൂറിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ലോക്‌സഭയില്‍ ഭോപ്പാലിനെ പ്രതിനിധീകരിക്കുന്ന ബി.ജെ.പി നേതാവിനെതിരെ ഐപിസി സെക്ഷന്‍ 153 എ, 153 ബി, 268, 295 എ, 298, 504, 508 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്.
ഞായറാഴ്ച ശിവമോഗയില്‍ നടന്ന ഹിന്ദു ജാഗരണ വേദികെയുടെ ദക്ഷിണമേഖലാ വാര്‍ഷിക കണ്‍വെന്‍ഷനില്‍ സംസാരിക്കവെ കത്തിക്ക് മൂര്‍ച്ച കൂട്ടി വീടുകളില്‍ ആയുധങ്ങള്‍ സജ്ജമാക്കണമെന്ന് പ്രജ്ഞാ സിംഗ് ആഹ്വാനം ചെയ്തത്.
ആയുധങ്ങള്‍ നിങ്ങളുടെ വീടുകളില്‍ സൂക്ഷിക്കുക, ഒന്നുമില്ലെങ്കിലും, പച്ചക്കറികള്‍ മുറിക്കാന്‍ ഉപയോഗിക്കുന്ന കത്തികളെങ്കിലും, മൂര്‍ച്ചയുള്ളത് വെക്കുക. എപ്പോള്‍ എന്ത് സാഹചര്യമുണ്ടാകുമെന്ന് അറിയില്ല.... എല്ലാവര്‍ക്കും സ്വയം പരിരക്ഷിക്കാനുള്ള അവകാശമുണ്ട്. ആരെങ്കിലും നമ്മുടെ വീട്ടില്‍ നുഴഞ്ഞുകയറി ആക്രമിക്കുകയാണെങ്കില്‍, ഉചിതമായ മറുപടി നല്‍കാന്‍ നിങ്ങള്‍ക്ക് അവകാശമുണ്ട്- അവര്‍ പറഞ്ഞു. തൃണമൂല്‍ കോണ്‍ഗ്രസ് വക്താവ് സാകേത് ഗോഖലെയും തെഹ്‌സീന്‍ പൂനവല്ലയും രണ്ട് പരാതികള്‍ നല്‍കിയതിന് തൊട്ടുപിന്നാലെയാണ് വിവാദ എംപിക്കെതിരെ എഫ്‌ഐആര്‍ വരുന്നത്.