ഹൈദരാബാദ്-ആന്ധ്രാപ്രദേശിലെ നെല്ലൂര്‍ ജില്ലയില്‍ തെലുഗുദേശം പാര്‍ട്ടി (ടിഡിപി) അധ്യക്ഷനും മുന്‍ മുഖ്യമന്ത്രിയുമായ എന്‍ ചന്ദ്രബാബു നായിഡുവിന്റെ റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് ഏഴ് പേര്‍ മരിക്കുകയും ആറ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
തുറന്ന അഴുക്കുചാലില്‍ വീണാണ് മരണം. നെല്ലൂരിലെ കണ്ടുകുരു ടൗണില്‍ റാലിക്കിടെ രാത്രി എട്ട് മണിയോടെ സംഭവം നടക്കുമ്പോള്‍ ആയിരക്കണക്കിന് ആളുകള്‍ നായിഡുവിന്റെ പ്രസംഗം കേള്‍ക്കാന്‍ തടിച്ചുകൂടിയിരുന്നു. പാര്‍ട്ടി പ്രവര്‍ത്തകരും ലോക്കല്‍ പോലീസും രക്ഷാപ്രവര്‍ത്തനം നടത്തി.
ആളുകള്‍ ഒന്നിനുപുറകെ ഒന്നായി വീണതിനാല്‍ ഏഴ് പേര്‍ ശ്വാസം മുട്ടി മരിക്കുകയും ആറ് പേര്‍ക്ക് ഗുരുതരമായ പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റവരെ പോലീസ് അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചു.
നായിഡു ഉടന്‍ തന്നെ പ്രസംഗം നിര്‍ത്തി പരിക്കേറ്റവരെ സന്ദര്‍ശിക്കാന്‍ ആശുപത്രിയിലെത്തി. മരിച്ചവരുടെ കുടുംബങ്ങളെ അനുശോചനം അറിയിച്ച അദ്ദേഹം 10 ലക്ഷം രൂപ വീതം അദ്ദേഹം ധനസഹായം പ്രഖ്യാപിച്ചു. ഏഴ് പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടത് വളരെ ദൗര്‍ഭാഗ്യകരമാണ്. ഞങ്ങള്‍ അവരുടെ കുടുംബങ്ങളെ ചേര്‍ത്തുപിടിക്കും- ടിഡിപി അധ്യക്ഷന്‍ പറഞ്ഞു.
മരിച്ചവരുടെ മക്കള്‍ക്ക് ടിഡിപി സൗജന്യ വിദ്യാഭ്യാസം നല്‍കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. പൊതുറാലി റദ്ദാക്കിയതായും മരിച്ചവരോടുള്ള അനുശോചന സൂചകമായി രണ്ട് മിനിറ്റ് മൗനം ആചരിച്ചതായും അദ്ദേഹം പറഞ്ഞു.