മുംബൈ- മഹാരാഷ്ട്ര മുന്‍ ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖ് 14 മാസം ജയിലില്‍ കഴിഞ്ഞതിന് ശേഷം ആര്‍തര്‍ റോഡ് സെന്‍ട്രല്‍ ജയിലില്‍ നിന്ന് ജാമ്യത്തില്‍ ഇറങ്ങി.ജാമ്യം അനുവദിച്ച ഉത്തരവിന്മേലുള്ള സ്‌റ്റേ നീട്ടണമെന്ന സി.ബി.ഐ ഹരജി ബോംബെ ഹൈക്കോടതി ചൊവ്വാഴ്ച നിരസിച്ചതിനെ തുടര്‍ന്നാണ് 73 കാരനായ ദേശ്മുഖിനെ വിട്ടയച്ചത്.
കൂടുതല്‍ കസ്റ്റഡി നീട്ടാനുള്ള അപേക്ഷ പരിഗണിക്കില്ലെന്ന റെഗുലര്‍ കോടതിയുടെ മുന്‍ ഉത്തരവിന്റെ പശ്ചാത്തലത്തില്‍ സിബിഐ ഹരജി പരിഗണിക്കാന്‍ ജസ്റ്റിസ് സന്തോഷ് ചപല്‍ഗോങ്കറിന്റെ സിംഗിള്‍ ജഡ്ജി അവധിക്കാല ബെഞ്ച് വിസമ്മതിച്ചു. ഇതാണ് അനില്‍ ദേശ്മുഖിന്റെ മോചനത്തിന് വഴിയൊരുക്കിയത്.
ജയില്‍ കവാടത്തിന് പുറത്തേക്ക് ഇറങ്ങിയ ദേശ്മുഖിന് നൂറുകണക്കിന് നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരും വീരോചിതമായ സ്വീകരണം നല്‍കി.