Sorry, you need to enable JavaScript to visit this website.

പെണ്‍കുട്ടികള്‍ക്ക് പ്രചോദനം, പത്മ ജേതാവ്,  ചന്ദാ കൊച്ചാര്‍ കുറ്റകൃത്യങ്ങളുടെ പടുകുഴിയില്‍

മുംബൈ-ഇതാണ് പറയുന്നത് ഒരാളുടെ ഉയര്‍ച്ചക്കെന്ന പോലെ തകര്‍ച്ചയ്ക്കും സമയം അധികം വേണ്ടതില്ലെന്ന്. ചന്ദാ  കൊച്ചാര്‍, പത്മഭൂഷണ്‍ നല്‍കി രാജ്യം ആദരിച്ച സ്ത്രീരത്‌നം, പെണ്‍കുട്ടികള്‍ക്ക് പഠിക്കുവാനും, ഉന്നത ഉദ്യോഗം നേടാനുമുള്ള സ്വപനങ്ങള്‍ക്ക് പ്രചോദനം നല്‍കിയ വ്യക്തിത്വം. എന്നാല്‍ മാദ്ധ്യമങ്ങളില്‍ സെലിബ്രിറ്റി സിഇഒ എന്ന അലങ്കാരത്തില്‍ നിന്നും, ഫോര്‍ബ്‌സ്, ഫോര്‍ച്യൂണ്‍ എന്നീ കവര്‍പേജുകളില്‍ നിന്നും ചന്ദാ കൊച്ചാര്‍ വന്നുവീണത് കുറ്റകൃത്യങ്ങളുടെ വാര്‍ത്തകളിലായിരുന്നു. രാജ്യത്തെ റീട്ടെയില്‍ ബാങ്കിംഗ് വിപ്ലവത്തിന് തുടക്കം കുറിച്ച, ഐസിഐസിഐ ബാങ്കിനെ രാജ്യത്തെ സ്വകാര്യ മേഖലയിലെ വലിയ വായ്പാ ദാതാവായി മാറ്റുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച ചന്ദാ കൊച്ചാറിന് പറ്റിയ അബദ്ധം വീഡിയോകോണ്‍ ഗ്രൂപ്പിന്റെ സ്ഥാപനങ്ങള്‍ക്ക് വായ്പ അനുവദിച്ചതിലുണ്ടായ പിഴവായിരുന്നു. 984ല്‍ ഐസിഐസിഐ ബാങ്കില്‍ മാനേജ്മെന്റ് ട്രെയിനിയായിട്ടായിരുന്നു കൊച്ചാര്‍ തന്റെ ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. അന്നത്തെ ഗ്രൂപ്പ് ചെയര്‍മാനായിരുന്ന കെ വി കാമത്തിന്റെ പ്രിയങ്കരിയായ കൊച്ചാര്‍ പടി പടിയായി ബാങ്കിന്റെ ഉന്നതങ്ങളിലേക്ക് എത്തപ്പെട്ടത് കണ്ണടച്ച് തുറക്കുന്ന വേഗത്തിലായിരുന്നു. 2009ല്‍ കാമത്തിന്റെ പിന്‍ഗാമിയായി മാനേജിംഗ് ഡയറക്ടറായും ചീഫ് എക്‌സിക്യൂട്ടീവായും കൊച്ചാര്‍ തിരഞ്ഞെടുക്കപ്പെട്ടു. ഈ സംഭവം സീനിയറായ മുന്‍ ആക്‌സിസ് ബാങ്ക് മേധാവി ശിഖ ശര്‍മ്മയുടെ പുറത്താവുന്നതിനും കാരണമായി. എന്നാല്‍ 2018ല്‍ ആ യാത്രയ്ക്ക് വിരാമം ഇട്ടത് വീഡിയോകോണ്‍ ഗ്രൂപ്പിന് വായ്പ അനുവദിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങളായിരുന്നു. ഇതിന് വഴിമരുന്നിട്ടത് 2015ലെ ഒരു ആര്‍ബിഐ അവലോകന റിപ്പോര്‍ട്ടാണ്. വീഡിയോകോണിന് വായ്പ നല്‍കിയതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്താന്‍ ബോര്‍ഡ് നിര്‍ബന്ധിതരായതിനെ തുടര്‍ന്ന് അവര്‍ അനിശ്ചിതകാല അവധിയില്‍ പ്രവേശിച്ചു.
ചന്ദാ കൊച്ചാറിന്റെ ഭര്‍ത്താവ് ദീപക് കൊച്ചാറും വീഡിയോകോണ്‍ മേധാവി വേണുഗോപാല്‍ ദൂതും തമ്മിലുള്ള ബിസിനസ് ഇടപാടുകളും വിവാദമായി. വീഡിയോകോണ്‍ ഗ്രൂപ്പിന്റെ സ്ഥാപനങ്ങള്‍ക്ക് ഐസിഐസിഐ ബാങ്ക് അനുവദിച്ച വായ്പയില്‍ തട്ടിപ്പും ക്രമക്കേടും ആരോപിച്ച് ചന്ദ കൊച്ചാറിനെ ഭര്‍ത്താവ് ദീപക്കിനൊപ്പം സിബിഐ അറസ്റ്റ് ചെയ്തതോടെ ചന്ദാ കൊച്ചാറിന്റെ ഏറെ പേര്‍ക്ക് പ്രചോദനാത്മകമായ കരിയറിനും അന്ത്യം കുറിക്കുകയാണ്. സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യയുടെ നേതൃത്വത്തിലുള്ള 20 ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തില്‍ നിന്ന് വീഡിയോകോണിന് ലഭിച്ച 40,000 കോടിയുടെ വായ്പയില്‍ ചന്ദ കൊച്ചാര്‍ തട്ടിപ്പ് നടത്തിയതെന്നാണ് കേസ്. ചന്ദ കൊച്ചാര്‍ ഐ സി ഐ സി ഐ സി ഇ ഒ ആയിരുന്നപ്പോള്‍ വീഡിയോകോണ്‍ ഗ്രൂപ്പിന് അനുവദിച്ചത് 3,000 കോടിയിലധികം രൂപയുടെ വായ്പയായിരുന്നു.
 

Latest News