ഇടുക്കി- മറയൂര്‍ സ്റ്റേറ്റ് ബാങ്ക് സി. ഡി. എം മെഷീനില്‍ കള്ളനോട്ട് നിക്ഷേപിച്ച കേസില്‍ രണ്ടു പേര്‍ പിടിയില്‍. മറയൂരിന് സമീപം വാഗവുരൈ ബസാര്‍ ഡിവിഷനില്‍ കെ. ഡി. എച്ച് .പി കമ്പനി ഇലക്ട്രീഷ്യന്‍ കനിരാജ് (33), തമിഴ്നാട് ദിണ്ഡുക്കല്‍ മണലൂര്‍ വില്ലേജ് സ്വദേശി രാംകുമാര്‍ (46 ) എന്നിവരെയാണ് അറസ്റ്റു ചെയ്തത്.
മറയൂര്‍ ബ്രാഞ്ചിന് സമീപത്തുള്ള എ. ടി. എം മെഷീനില്‍ ഡിസംബര്‍ മാസത്തില്‍ 500 രൂപയുടെ 79 നോട്ടുകള്‍ നിക്ഷേപിച്ചത് ബാങ്ക് അധികൃതര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് മറയൂര്‍ പോലീസില്‍ പരാതി നല്‍കി. ഇടുക്കി പോലീസ് മേധാവി വി. യു കുര്യാക്കോസിന്റെ നിര്‍ദേശപ്രകാരം മൂന്നാര്‍ ഡി വൈ. എസ് .പിയുടെ നേതൃത്വത്തില്‍ പ്രത്യേക സ്‌ക്വാഡ് രൂപികരിച്ച് നടത്തിയ പരിശോധനകളില്‍ കനിരാജാണ് കള്ളനോട്ടുകള്‍ മെഷിനില്‍ നിക്ഷേപിച്ചത് എന്ന് സി. സി. ടി. വി ദൃശ്യങ്ങളില്‍ നിന്ന് കണ്ടെത്തി. കനിരാജനെ ഡിസംബര്‍ 22 ന് മറയൂര്‍ പോലീസ് സംഘം കസ്റ്റഡിയില്‍ എടുത്തു. കൈയില്‍ നിന്നും 500ന്റെ 10 കളള നോട്ടുകളും വാഹനത്തില്‍ നിന്നും 500 രൂപയുടെ 79 നോട്ടുകളും ലഭിച്ചു.കനി രാജനെ ദേവികുളം കോടതിയില്‍ ഹാജരാക്കി റിമാന്റു ചെയ്തിരുന്നു.
കനിരാജനെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തില്‍ കള്ളനോട്ടുകള്‍ നല്‍കിയ തമിഴ്‌നാട് ദിണ്ഡുക്കല്‍ ജില്ലയില്‍ മണലൂര്‍ വില്ലേജ് സ്വദേശി രാംകുമാറിനെ ദിണ്ഡുക്കല്‍ ബേഗംപൂര്‍ ജംഗ്ഷനില്‍ വച്ച് തിങ്കളാഴ്ച അറസ്റ്റു ചെയ്തു. ഇയാളില്‍ നിന്നും 500 രൂപയുടെ 46 കള്ളനോട്ടുകളും കണ്ടെടുത്തു.
പ്രതികളെ ദേവികുളം കോടതിയില്‍ ഹാജരാക്കി റിമാന്റു ചെയ്തു. മറയൂര്‍ ഇന്‍സ്‌പെക്ടര്‍ ടി.സി. മുരുകന്‍, എസ്.ഐമാരായ പി.ജി.അശോക് കുമാര്‍, മുകേഷ്, ബോബി.എം.തോമസ്, സന്തോഷ്.എന്‍.എസ്, അനുകുമാര്‍, സജു സണ്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.