വത്തിക്കാന്‍ സിറ്റി- ചിലിയിലെ ദേവാലയത്തില്‍ കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച വിവാദത്തെ തുടര്‍ന്ന് ചിലിയിലെ 34 ബിഷപ്പുമാരും രാജിവെച്ചു. വത്തിക്കാനില്‍ പോപ്പ് ഫ്രാന്‍സിസുമായി മൂന്ന് ദിവസത്തെ കൂടിക്കാഴ്ചക്കു ശേഷമാണ് ബിഷപ്പുമാരുടെ രാജിയെന്ന് വക്താവ് പറഞ്ഞു.
ഇപ്പോള്‍ റോമിലുള്ള എല്ലാ ബിഷപ്പുമാരും രാജി സമര്‍പ്പിച്ചുവെന്നും ഓേരാരുത്തരെ കുറിച്ചും ഇനി പോപ്പ് തീരുമാനമെടുക്കുമെന്നും പത്രക്കുറിപ്പില്‍ പറഞ്ഞു.
റിട്ടയര്‍ ചെയ്ത മൂന്ന് പേരടക്കം 34 ബിഷപ്പുമാര്‍ സംഘമായും തനിച്ചുമാണ് പോപ്പുമായി കൂടിക്കാഴ്ച നടത്തിയത്. തങ്ങളുടെ വേദനയും നാണക്കേടും പങ്കുവെക്കാനാണ് പോപ്പിനെ സന്ദര്‍ശിച്ചതെന്ന് ബിഷപ്പുമാരുടെ വക്താവ് ഫെര്‍ണാണ്ടോ റാമോസ് പറഞ്ഞു. ലൈംഗിക അതിക്രമത്തിനിരയായവരെ കുറിച്ചാണ് വേദന, അത് ചിലിയില്‍ ചര്‍ച്ചിനകത്തു നടന്നുവെന്നതാണ് നാണക്കേട് -അദ്ദേഹം പറഞ്ഞു. ചിലിയിലെ പുരോഹിതന്‍ ഫെര്‍ണാണ്ടോ കരാഡിമ ലൈംഗികമായി ചൂഷണം ചെയ്ത മൂന്ന് കുട്ടികളെ പോപ്പ് ഫ്രാന്‍സിസ് രണ്ടാഴ്ച മുമ്പ് കണ്ടിരുന്നു. 1980 കളിലും 90 കളിലും പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ പീഡിപ്പിച്ച കരാഡിമ 2011 ല്‍ രാജിവെക്കാന്‍ നിര്‍ബന്ധിതമായിരുന്നു.