ന്യൂദൽഹി / ലഖ്‌നൗ - കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിൽ സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവും ബി.എസ്.പി നേതാവ് മായവതിയും പങ്കെടുക്കില്ല. ജനുവരിയിൽ ഉത്തർപ്രദേശിൽ പ്രവേശിക്കുന്ന യാത്രയോടൊപ്പം ചേരണമെന്ന് അഭ്യർത്ഥിച്ച് കോൺഗ്രസ് ഇവരുൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടി നേതാക്കളെ ക്ഷണിച്ചിരുന്നു. ഇതോടായാണ് ഇരു നേതാക്കളെയും ഉദ്ധരിച്ച് പാർട്ടി കേന്ദ്രങ്ങളുടെ പ്രതികരണം. രാഷ്ട്രീയ ലോക് ദൾ നേതാവ് ജയന്ത് ചൗധരിയേയും ക്ഷണിച്ചിട്ടുണ്ട്. ചൗധരിയും മാർച്ചിൽ പങ്കെടുക്കില്ലെന്നാണ് വിവരം.
അഖിലേഷ് യാദവ് നേരിട്ട് യാത്രയിൽ പങ്കെടുക്കില്ലെന്ന് അറിയിച്ചെങ്കിലും പാർട്ടിയിലെ മുതിർന്ന നേതാക്കളെ ആരെയങ്കിലും യാത്രയോടൊപ്പം ചേരാൻ അയക്കുമോ എന്നതിൽ വ്യക്തത വന്നിട്ടില്ല. ഭാരത് ജോഡോ യാത്രയുടെ സന്ദേശത്തോട് യോജിപ്പുണ്ട്. എന്നാൽ ഈ കാര്യത്തിൽ ഊഹാപോഹങ്ങൾ പരത്തി സാധ്യമായി നിൽക്കുന്ന സഖ്യത്തെ അട്ടിമറിക്കാൻ ആഗ്രഹിക്കുന്നില്ലെന്നാണ് എസ്.പി വക്താവ് ഘനശ്യാം തിവാരി പ്രതികരിച്ചത്.
കോൺഗ്രസിനെ രൂക്ഷമായി വിമർശിക്കുന്ന നേതാവാണ് മായാവതി. ബി.എസ്.പി ക്ഷണം സ്വീകരിക്കുമോ എന്നതിൽ പല അഭിപ്രായങ്ങൾ ഉണ്ടായെങ്കിലും അവരെ മാറ്റിനിർത്തേണ്ടതില്ലെന്ന തീരുമാനത്തിന്റെ ഭാഗമായാണ് മായാവതിയെ തുറന്ന മനസ്സോടെ ക്ഷണിച്ചത്. തനിക്ക് വോട്ടു ചെയ്യണമെന്നും കോൺഗ്രസിന് വോട്ട് ചെയ്യുന്നത് ബി.ജെ.പി വിരുദ്ധ വോട്ടുകളെ ഭിന്നിപ്പിക്കുമെന്നും വ്യക്തമാക്കിയാണ് അവർ തെരഞ്ഞെടുപ്പിനെ നേരിട്ടിരുന്നത്.
രാജസ്ഥാനിലെ കോൺഗ്രസ് സഖ്യത്തിൽ ഭാഗമായതിനാൽ ആശയപരമായി രാഹുലിന്റെ യാത്രയ്ക്ക് എല്ലാ പിന്തുണയും നൽകുന്നുണ്ടെങ്കിലും അതിൽ രാഷ്ട്രീയം കലർത്താൻ പാർട്ടി ഉദ്ദേശിക്കുന്നില്ലെന്നാണ് ആർ.എൽ.ഡി വക്താവ് രോഹിത് ജാഖർ പ്രതികരിച്ചത്.