Sorry, you need to enable JavaScript to visit this website.

ഇടക്കാല സ്പീക്കറായി ഗവര്‍ണര്‍ നിയമിച്ചത് വിവാദ ബിജെപി എംഎല്‍എയെ; കോണ്‍ഗ്രസ് വീണ്ടും സുപ്രീം കോടതിയിലേക്ക് 

ബംഗളുരു- കര്‍ണാടകയില്‍ നാളെ വിശ്വാസ വോട്ടെടുപ്പ് നടത്താന്‍ സുപ്രീം കോടതി ഉത്തരവിട്ട പശ്ചാത്തലത്തില്‍ സീനിയോറിറ്റി ചട്ടം മറികടന്ന് ഗവര്‍ണര്‍ വാജുഭായ് വാലെ ഇടക്കാല സ്പീക്കറായി വിവാദ ബിജെപി എംഎല്‍എ കെ ജി ബൊപ്പയ്യയെ നിയമിച്ചു. ഏറ്റവും മുതിര്‍ന്ന അംഗത്തെയാണ് പ്രൊട്ടെം(ഇടക്കാല) സ്പീക്കറായി നിയമിക്കേണ്ടതെന്ന ചട്ടം ലഘിച്ചാണ് ഗവര്‍ണറുടെ ഈ നിയമനമെന്നാരോപിച്ച് കോണ്‍ഗ്രസ് രംഗത്തെത്തി. ഇതിനെതിരെ കോണ്‍ഗ്രസ് ഉടന്‍ സുപ്രീം കോടതിയെ സമീപിക്കും. സഭയിലെ ഏറ്റവും മുതിര്‍ന്ന അംഗം കോണ്‍ഗ്രസ് എംഎല്‍എ ആര്‍ വി ദേശ്പാണ്ഡെ ആണ്. ദേശ്പാണ്ഡെയെ ഇടക്കാല സ്പീക്കറാക്കണെന്നാണ് കോണ്‍ഗ്രസ്-ജെഡിഎസ് ആവശ്യം.  ബൊപ്പയ്യ നാലു തവണ എംഎല്‍എ ആയിട്ടുണ്ട്. എന്നാല്‍ ദേശ്പാണ്ഡെ എട്ടു തവണ നിയസഭാംഗമായ നേതാവാണ്. നിയമസഭാ സെക്രട്ടറി നല്‍കിയ മുതിര്‍ന്ന എംഎല്‍എമാരുടെ പട്ടികയില്‍ നിന്നാണ് ഗവര്‍ണര്‍ ബൊപ്പയ്യയെ തെരഞ്ഞെടുത്തത്. നേരത്തെ വിശ്വാസ വോട്ടെടുപ്പില്‍ ബിജെപിയെ രക്ഷിച്ചതിന് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം കേട്ട നേതാവുകൂടിയാണ് ബൊപ്പയ്യ. 

മുന്‍ യെദിയൂരപ്പ സര്‍ക്കാര്‍ വിശ്വാസ വോട്ടെടുപ്പ് നേരിട്ടപ്പോള്‍ രക്ഷയ്‌ക്കെത്തിയ നേതാവാണ് ബൊപ്പയ്യ. 2010-ല്‍ നടന്ന വിശ്വാസ വോട്ടെടുപ്പില്‍ ബിജെപിക്ക് അനൂകൂലമായി നിലപാടെടുത്തതിന് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം ഏറ്റുവാങ്ങിയ ആളാണ് ബൊപ്പയ്യ. വിശ്വാസ വോട്ടെടുപ്പില്‍ യെദ്ിയൂരപ്പയുടെ വിജയം ഉറപ്പിക്കാന്‍ 16 എംഎല്‍എമാരെ അയോഗ്യരാക്കിയ ബൊപ്പയ്യയുടെ നടപടി റദ്ദാക്കി കൊണ്ടാണ് അന്ന് സുപ്രീം കോടതി രൂക്ഷമായ ഭാഷയില്‍ ബൊപ്പയ്യയെ വിമര്‍ശിച്ചത്. അഴിമതിക്കേസില്‍ കുടുങ്ങിയ യെദിയൂരപ്പയ്‌ക്കെതിരെ നിരവധി ബിജെപി എംഎല്‍എമാര്‍ തന്നെ രംഗത്തെത്തിയതിനെ തുടര്‍ന്നാണ് 2010-ല്‍ വിശ്വാസ വോട്ടെടുപ്പ് വേണ്ടി വന്നത്. ബിജെപിയുടെ ജയം ഉറപ്പാക്കാന്‍ അന്ന് ബൊപ്പയ്യ 11 വിമത ബിജെപി എല്‍എല്‍എമാരേയും അഞ്ച് സ്വതന്ത്ര എംഎല്‍എമാരേയും അയോഗ്യരാക്കുകയായിരുന്നു.

ഇടക്കാല സ്പീക്കറെ നിയമിക്കാനുള്ള വിവേചനാധികാരം ഗവര്‍ണര്‍ക്കാണെങ്കിലും സഭയിലെ ഏറ്റവും മുതിര്‍ന്ന അംഗത്തെ നിയമിക്കുന്നതാണ് കീഴ്‌വഴക്കം. നിലവില്‍ സഭയിലെ ഏറ്റുവം മുതിര്‍ന്ന അംഗം എട്ടു തവണ എംഎല്‍എയായ കോണ്‍ഗ്രസ് നേതാവ് ആര്‍ വി ദേശ്പാണ്ഡെയാണ്. രണ്ടാമത് വരുന്നത് ഏഴു തവണ എംഎല്‍എയായി ബിജെപി നേതാവ് ഉമേഷ് കാട്ടിയാണ്. ഇവര്‍ക്കു ശേഷം മൂന്നാമാണ് ബൊപ്പയ്യയുടെ സീനിയോറിറ്റി. 
 

Latest News