ന്യൂദല്‍ഹി- തെരുവു പട്ടികളെ തല്ലിയോടിക്കുന്നതാണ് മലയാളികളുടെ പാരമ്പര്യമെങ്കിലും അതിര്‍ത്തി കടന്നാല്‍ അവരും ശ്വാന സ്നേഹികള്‍ തന്നെ. അഞ്ച് ഡിഗ്രി സെല്‍ഷ്യസില്‍ തണുത്തുവിറക്കുന്ന ദല്‍ഹി നഗരത്തിലെ തെരുവുനായ്ക്കളെ ബ്ലാങ്കറ്റിട്ട് പുതപ്പിക്കാന്‍ അവരും മുന്നിലുണ്ട്.
കമ്പിളി പുതപ്പണിഞ്ഞ തെരുവുനായ്ക്കളെ ദല്‍ഹിയിലെങ്ങും കാണാം. ദല്‍ഹി യൂണിവേഴ്സിറ്റി കോളജുകള്‍ സ്ഥിതി ചെയ്യുന്ന നോര്‍ത്ത് കാമ്പസ് മേഖലയില്‍ ധാരാളം തെരുവുനായ്ക്കള്‍ ഇപ്രകാരം തണുപ്പില്‍നിന്ന് രക്ഷതേടുന്നു. വിജയനഗര്‍, കമല നഗര്‍ തുടങ്ങി മലയാളി വിദ്യാര്‍ഥികളടക്കം തിങ്ങിത്താമസിക്കുന്ന പ്രദേശങ്ങളില്‍ മനുഷ്യര്‍ക്കൊപ്പം മിക്ക തെരുവുനായകളും കമ്പിളിപ്പുതപ്പിലാണ്.
വിജയനഗറില്കൂടി നടക്കുമ്പോള്‍ തെരുവുനായ്ക്കളെ ലാളിക്കുന്ന വിദ്യാര്‍ഥികളെ കാണാം. അക്കൂട്ടത്തില്‍ മലയാളികള്‍ ധാരാളം. മിക്കവരേയും നായ്ക്കള്‍ തിരിച്ചറിയുന്നു. അവയെ ഓമനിക്കാന്‍ കിട്ടുന്ന സന്ദര്‍ഭം കുട്ടികളും പാഴാക്കുന്നില്ല. ഓരോരുത്തരും ഓരോ പേരിട്ടാണ് നായകളെ വിളിക്കുന്നത്. തികച്ചും നിരുപദ്രവികളാണ് ഇവിടത്തെ തെരുവുനായ്ക്കള്‍.
അവയെ പരിപാലിക്കുന്നതില്‍ സര്‍ക്കാരും മുന്‍പന്തിയിലാണ്. വിജയനഗര്‍ എന്ന ചെറിയ ടൗണില്‍ മാത്രം പത്തിലധികം നായ ക്ലിനിക്കുകളുണ്ട്. ഇവിടങ്ങളില്‍ വളര്‍ത്തുനായകള്‍ക്കാണ് ചികിത്സ. എന്നാല്‍ അസുഖബാധിതരായ തെരുവുനായകളെയും ആളുകള്‍ ഇവിടെയെത്തിക്കും.
ദല്‍ഹി യൂനിവേഴ്സിറ്റിയിലെ മിക്ക കാമ്പസുകളിലും തെരുവുനായകളുണ്ട്. അവയെല്ലാം ഭീതിയില്ലാതെ അവിടെ വിഹരിക്കുന്നു. ചിലപ്പോഴൊക്കെ പ്രൊഫസര്‍മാരുടെ ക്ലാസ്സുകള്‍ അറ്റന്‍ഡ് ചെയ്യാനും ചില നായകള്‍ എത്തും. സമാധാനത്തോടെ അവ ക്ലാസ് മുറിയില്‍കയറി ക്ലാസ്സ് കേള്‍ക്കും. ആരും അവയെ അടിച്ചോടിക്കാറില്ലെന്ന് ദല്‍ഹി സെന്റ് സ്റ്റീഫന്‍സ് കോളജിലെ വിദ്യാര്‍ഥിനി അമല്‍ നൗറിന് പറഞ്ഞു.
സ്റ്റീവിനൊപ്പം ദല്‍ഹി സെന്റ് സ്റ്റീഫന്‍സ് വിദ്യാര്‍ഥിനി അമല്‍.
തങ്ങളുടെ ക്ലാസ്സിലും കാമ്പസിലും സ്ഥിര സാന്നിധ്യമായ സ്റ്റീവ് എന്ന തെരുവുനായയെക്കുറിച്ചും അമല്‍ പറഞ്ഞു. കുട്ടികളുടേയും പ്രൊഫസര്‍മാരുടേയും പ്രിയപ്പെട്ട നായയാണ് സ്റ്റീവ്. പലപ്പോഴും ക്ലാസ് മുറി തന്നെയാണ് അവന്റെയും ഇഷ്ട സ്ഥലം. ഇല്ലെങ്കില്‍ സ്റ്റീഫന്‍സിലെ വിശാലമായ പുല്‍ത്തകിടികള്‍.
എന്തായാലും മരംകോച്ചുന്ന തണുപ്പില്‍ കരുണയുള്ള ഹൃദയങ്ങളില്‍നിന്ന് ചൂടേറ്റുവാങ്ങി ആശ്വസിക്കുകയാണ് ദല്‍ഹിയിലെ തെരുവുനായകള്‍.