ന്യൂദല്‍ഹി-മക്കളെ മദ്യപാനികള്‍ക്ക് വിവാഹം ചെയ്ത് നല്‍കരുതെന്ന് കേന്ദ്രമന്ത്രി കൗശല്‍ കിഷോര്‍. റിക്ഷാക്കാരനോ കൂലിപ്പണിക്കാരനോ മദ്യപാനിയായ ഉദ്യോഗസ്ഥനേക്കാള്‍ നല്ല ഭര്‍ത്താവാകാന്‍ സാധിക്കുമെന്നും മന്ത്രി പറഞ്ഞു. താന്‍ ഒരു എംപിയും ഭാര്യ എംഎല്‍എയായിട്ടും തങ്ങളുടെ മകനെ ലഹരിയില്‍നിന്നും രക്ഷിക്കാനായില്ല. പിന്നെയെങ്ങനെയാണ് സാധാരണക്കാര്‍ക്ക് സാധിക്കുകയെന്നും മന്ത്രി ചോദിച്ചു. കൗശല്‍ കിഷോറിന്റെ മകന്‍ അമിത മദ്യപാനത്തെ തുടര്‍ന്ന് രോഗം വന്ന് രണ്ട് വര്‍ഷം മുന്‍പാണ് മരിച്ചത്. സ്വാതന്ത്ര്യസമരത്തിനായി പോരാടിയ ആറര ലക്ഷം പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്, എന്നാല്‍ ലഹരിക്ക് അടിമകളായി എല്ലാ വര്‍ഷവും ഇരുപത് ലക്ഷത്തോളം പേരാണ് രാജ്യത്ത് മരിക്കുന്നതെന്നും മന്ത്രി ഓര്‍മപ്പെടുത്തി. ഉത്തര്‍പ്രദേശില്‍ ഒരു ലഹരിവിരുദ്ദചടങ്ങിലാണ് മന്ത്രി വൈകാരികമായി പ്രസംഗിച്ചത്.
മദ്യപാനം തന്റെ മകനെ കൊന്നത് എങ്ങനെയെന്ന് ഓര്‍ത്തെടുത്തുകൊണ്ടായിരുന്നു കൗശല്‍ കിഷോര്‍ വൈകാരികമായി പ്രസംഗിച്ചത്. ആളുകള്‍ തങ്ങളുടെ പെണ്‍മക്കളെയും സഹോദരിമാരെയും മദ്യപാനിക്ക് വിവാഹം കഴിച്ചു കൊടുക്കരുത്. തന്റെ മകന്‍ ആകാശ് കിഷോര്‍ മദ്യം കഴിക്കുന്നത് ശീലമായി വളര്‍ത്തിയെടുത്തിരുന്നു. ഇടയ്ക്ക് പുനരധിവാസ കേന്ദ്രത്തില്‍ കൊണ്ടുപോയി ചികിത്സ നടത്തി. ദുശ്ശീലം ഉപേക്ഷിച്ചെന്ന് കരുതി. ആറ് മാസത്തിന് ശേഷം വിവാഹം കഴിച്ചു. എന്നാല്‍, വിവാഹശേഷം, അവന്‍ വീണ്ടും മദ്യപാനം ആരംഭിച്ചു. അത് ആത്യന്തികമായി മരണത്തിലേക്ക് നയിക്കുകയും ചെയ്തു. 2020ല്‍ ആകാശ് മരിക്കുമ്പോള്‍ അവന്റെ മകന് രണ്ട് വയസ്സേ ഉണ്ടായിരുന്നുള്ളൂവെന്നും ലംഭുവ അസംബ്ലി മണ്ഡലത്തില്‍ മദ്യലഹരി വിമുക്തി വിഷയമായ ഒരു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പങ്കാളിയായി തെരഞ്ഞെടുക്കുന്നതിന് മദ്യപാനിയായ ഒരു ഉദ്യോഗസ്ഥനേക്കാള്‍ നല്ലത് ഓട്ടോ റിക്ഷാ ഡ്രൈവറോ കൂലിപ്പണിക്കാരനോ ആണ്. മദ്യപാനികളുടെ ആയുസ്സ് വളരെ കുറവാണ്. എംപി എന്ന നിലയില്‍ എനിക്കും എംഎല്‍എ എന്ന നിലയില്‍ എന്റെ ഭാര്യക്കും ഞങ്ങളുടെ മകന്റെ ജീവന്‍ രക്ഷിക്കാന്‍ കഴിയാത്തപ്പോള്‍, സാധാരണക്കാര്‍ എങ്ങനെ അത് ചെയ്യും, ബ്രിട്ടീഷുകാര്‍ക്കെതിരായ സ്വാതന്ത്ര്യ സമരകാലമായ 90 വര്‍ഷത്തില്‍ പോരാട്ടത്തില്‍ 6.32 ലക്ഷം പേരാണ് ജീവന്‍ ബലിയര്‍പ്പിച്ചത്. എന്നാല്‍ ഓരോ വര്‍ഷവും 20 ലക്ഷം പേരാണ് ലഹരി ഉപയോഗ ഫലമായി മരണത്തിന് കീഴടങ്ങുന്നത്. ഏകദേശം 80 ശതമാനം കാന്‍സര്‍ മരണങ്ങളും പുകയില, സിഗരറ്റ്, ബീഡി എന്നിവയുടെ ആസക്തി മൂലമാണ് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.