തിരുവനന്തപുരം- രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും വലിയ പ്രതിസന്ധി നേരിടുന്ന ഇ.പി. ജയരാജന്, എല്‍.ഡി.എഫ്. കണ്‍വീനര്‍ സ്ഥാനം ഒഴിയാന്‍ സന്നദ്ധത അറിയിച്ചതായി സൂചന. ആരോഗ്യപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി അദ്ദേഹം സ്ഥാനം ഒഴിയാന്‍ തയാറെടുക്കുകയാണ്. പാര്‍ട്ടിപദവികളെല്ലാം ഒഴിയാന്‍ തയാറാണെന്നും അദ്ദേഹം അറിയിച്ചതായാണ് വിവരം.
എം.വി ഗോവിന്ദന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പദത്തിലെത്തിയത് മുതല്‍ പാര്‍ട്ടിയുമായി ഇടഞ്ഞ ജയരാജന് പതുക്കെ സി.പി.എം രാഷ്ട്രീയത്തില്‍നിന്ന് പുറത്തേക്ക് പോകുകയാണ്.
പാര്‍ട്ടി നേതൃസ്ഥാനത്തേക്ക് പുതിയ നേതൃത്വം വന്നപ്പോള്‍ മുതല്‍തന്നെ അദ്ദേഹത്തിന് പരിഭവവും പ്രയാസങ്ങളും ഉണ്ടായിരുന്നു. പാര്‍ട്ടിയില്‍ സജീവമായി പ്രവര്‍ത്തിക്കുന്നതിനുള്ള ബുദ്ധിമുട്ടുകള്‍ പാര്‍ട്ടി നേതൃത്വത്തെ അറിയിക്കുകയും ചെയ്തിരുന്നു. ഇതിന്റെ പേരില്‍ ഉടക്കാന്‍ നിന്നതാണ് സാമ്പത്തിക ആരോപണങ്ങള്‍ പെട്ടെന്ന് പൊട്ടിമുളക്കാനിടയാക്കിയത്. പിടിച്ചുനില്ക്കാന് കഴിയാത്ത വിധം പാര്‍ട്ടി തന്നെ അദ്ദേഹത്തെ ആരോപണവലയില്‍ കുടുക്കിയ സ്ഥിതിയില്‍ എല്‍.ഡി.എഫ് കണ്‍വീനര്‍ സ്ഥാനം അടക്കമുള്ള പദവികള്‍ ഒഴിയാന്‍ താന്‍ സന്നദ്ധനാണ് എന്ന കാര്യം പാര്‍ട്ടി നേതൃത്വത്തെ അറിയിക്കുകയായിരുന്നു. പാര്‍ട്ടി നേതൃത്വത്തിന് മനസ്സിലാകുന്ന ഭാഷയില്‍ എല്ലാം താന്‍ നേതൃത്വത്തോട് പറഞ്ഞിട്ടുണ്ട് എന്നാണ് അടുത്തവൃത്തങ്ങളോട് അദ്ദേഹം വ്യക്തമാക്കുന്നത്.
പദവികളില്‍ തുടര്‍ന്നു പോകുന്നതിന് തനിക്ക് ബുദ്ധിമുട്ടുകളുണ്ട്. ആരോഗ്യപ്രശ്നങ്ങളും മറ്റും ഉള്ളതുകൊണ്ട് തന്നെ സജീവമായി യാത്ര ചെയ്യുന്നതിനും മറ്റും സാധിക്കുന്നില്ല. തിരുവനന്തപുരത്തേക്കും മറ്റും നിരന്തരമുള്ള യാത്രകള്‍ ബുദ്ധിമുട്ടാണ്. അത്തരം പ്രശ്നങ്ങള്‍ നേരിടേണ്ടി വരുന്നുണ്ട്. ഇത് കണക്കിലെടുത്ത് നേരത്തെ തന്നെ ഒഴിവാക്കണം എന്ന ആവശ്യം അദ്ദേഹം നേതൃത്വത്തോട് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ സാമ്പത്തിക ആരോപണം വരുന്നത്. ഇതോടെ പദവികള്‍ ഒഴിയാനുള്ള സന്നദ്ധത വീണ്ടും ആവര്‍ത്തിക്കുകയാണ് അദ്ദേഹം.