ന്യൂദല്‍ഹി- കര്‍ണാടക മുഖ്യമന്ത്രിയായി വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്ത ബി എസ് യെദിയൂരപ്പ നാളെ വൈകുന്നേരം നാലു മണിക്ക് മുമ്പ് വിശ്വാസ വോട്ടു നേടി ഭൂരിപക്ഷം തെളിയിക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. ഇത് അധികാരം പിടിച്ചെടുക്കാന്‍ ബിജെപി നടത്തുന്ന രാഷ്ട്രീയനാടകങ്ങള്‍ക്ക് കനത്ത തിരിച്ചടിയായി. വിശ്വാസ വോട്ടെടുപ്പില്‍ രഹസ്യബാലറ്റ് വേണമെന്ന ബിജെപിയുടെ ആവശ്യവും കോടതി തള്ളി. എംഎല്‍എമാരുടെ സത്യപ്രതിജ്ഞയും പ്രൊട്ടം സ്പീക്കറുടെ തെരഞ്ഞെടുപ്പും നാളെ നാലു മണിക്കു മുമ്പായി തീര്‍ക്കണം. ബിജെപിക്ക് സഹായകമാകുന്ന രീതിയില്‍ ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധിയെ എംഎല്‍എയായി നാമനിര്‍ദേശം ചെയ്യാന്‍ ഗവര്‍ണര്‍ തിരക്കിട്ട് നിര്‍ദേശം നല്‍കിയതും കോടതി തടഞ്ഞു. ഇതും ബിജെപിക്ക് കനത്ത തിരിച്ചടിയായി.
ഭൂരിപക്ഷം തെളിയിക്കാന്‍ കര്‍ണാടക ഗവര്‍ണര്‍ വാജുഭായ് വാല യെദിയൂരപ്പയ്ക്കു അനുവദിച്ച രണ്ടാഴ്ച സമയമാണ് സുപ്രീം കോടതി 24 മണിക്കൂറാക്കി വെട്ടിച്ചുരുക്കിയത്. ബിജെപിക്കു വേണ്ടി കോടതിയില്‍ ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോത്തഗി ഒരാഴ്ചത്തെ സമയം തേടിയെങ്കിലും കോടതി അനുവദിച്ചില്ല. നാളെ തന്നെ വിശ്വാസ വോട്ടെടുപ്പ് നടത്തുകയാണ് ഉചിതം. ആര്‍ക്കും കൂടുതല്‍ സമയം നല്‍കേണ്ടതില്ലെന്നും കോടതി വ്യക്തമാക്കി.
സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ഭൂരിപക്ഷം തങ്ങള്‍ക്കുണ്ടെന്ന് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസും ജനതാദള്‍ സെക്യുലറും (ജെഡിഎസ്) സംയുക്തമായി സമര്‍പ്പിച്ച ഹരജിയിലാണ് കോടതി വിധി. സഭയില്‍ ഭൂരിപക്ഷമുള്ള കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തെ അവഗണിച്ച് ഗവര്‍ണര്‍ കേവലഭൂരിപക്ഷമില്ലാതെ വലിയ ഒറ്റ കക്ഷിയായ ബിജെപിയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിച്ചതോടെയാണ് കര്‍ണാടകയില്‍ രാഷ്ട്രീയ നാടകങ്ങളുടെ തുടക്കം.
കഴിഞ്ഞ ദിവസം കോടതി ആവശ്യപ്പെട്ടതനുസരിച്ച് സമര്‍പ്പിച്ച യെദിയൂരപ്പയുടെ കത്തില്‍ എംഎല്‍എമാരുടെ പേരുകളില്ലെന്നു വ്യക്തമായി. ബിജെപിയുടെ കത്തുകളില്‍ വലിയ ഒറ്റക്കക്ഷിയാണെന്നും പുറമെ നിന്നുള്ള പിന്തുണയുണ്ടെന്നും മാത്രമാണ് പറഞ്ഞിരിക്കുന്നത്. എന്നാല്‍ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിന്റെ കത്തുകളില്‍ എംഎല്‍എമാരുടെ പേരുകള്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഭൂരിപക്ഷം ലഭിക്കാത്ത ബിജെപിയെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ച ഗവര്‍ണറുടെ നടപടിയില്‍ പിന്നീട് വധി പറയുമെന്നും സുപ്രീം കോടതി വ്യക്തമാക്കി. എല്ലാം കണക്കുകളുടെ അടിസ്ഥാനത്തിലാണ്. ഭൂരിപക്ഷം തീരുമാനിക്കേണ്ടത് ഗവര്‍ണറാണ്. ഭൂരിപക്ഷമില്ലാത്ത ബിജെപിയെയാണോ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ചതെന്നും കോടതി ചോദിച്ചു.