Sorry, you need to enable JavaScript to visit this website.

വാനോളം പുകഴ്ത്തി അഭിഭാഷകര്‍; ക്ഷമ ചോദിച്ച് ജസ്റ്റിസ് ചെലമേശ്വര്‍ 

ന്യൂദല്‍ഹി- കഴിഞ്ഞ ആറു വര്‍ഷത്തിനും പത്തു മാസത്തിനുമിടയില്‍ കോപം കൊണ്ട് ആരുടെയെങ്കിലും വികാരത്തെ മുറിപ്പെടുത്തിയിട്ടുണ്ടെങ്കില്‍ അത് മനപ്പൂര്‍വമല്ലെന്നും മാപ്പു ചോദിക്കുന്നുവെന്നും സുപ്രീം കോടതിയിലെ മുതിര്‍ന്ന ജഡ്ജി ജെ. ചെലമേശ്വര്‍. 
സുപ്രീം കോടതിയുടെ പടിയിറങ്ങുന്നതിന്റെ തലേദിവസം ജസ്റ്റിസ് ചെലമേശ്വറിനെ വാനോളം പുകഴ്ത്തിയ മുതിര്‍ന്ന അഭിഭാഷകര്‍ക്കു നന്ദി പറയുകയായിരുന്നു അദ്ദേഹം. രണ്ടാം നമ്പര്‍ കോടതി മുറിയില്‍നിന്ന് ഇന്നലെ ഉച്ചഭക്ഷണത്തിനു പിരിയുന്നതിന് മുമ്പായാണ് മുതിര്‍ന്ന അഭിഭാഷകനായ ശാന്തിഭൂഷന്‍ ജസ്റ്റിസ് ചെലമേശ്വറിനെ പ്രശംസിച്ചത്. 
ജസ്റ്റിസ് ചെലമേശ്വര്‍ ധൈര്യശാലിയാണ്. പെരുമാറ്റവും നിയമപരമായ സമീപനങ്ങളും അദ്ദേഹത്തെ സുപ്രീംകോടതിയില്‍നിന്നുള്ള ഏറ്റവും മികച്ച ജഡ്ജിമാരില്‍ ഒരാളാക്കി മാറ്റുന്നു. മുന്‍ സുപ്രീം കോടതി ജഡ്ജിയായിരുന്ന എച്ച്.ആര്‍ ഖന്നയോടാണ് ശാന്തി ഭൂഷന്‍ ജസ്റ്റിസ് ചെലമേശ്വറെ ഉപമിച്ചത്. ഇവര്‍ രണ്ടു പേരും സുപ്രീം കോടതിയുടെ രണ്ടാം നമ്പര്‍ മുറിയിലിരുന്ന് വാദം കേട്ടും വിധി പ്രസ്താവിച്ചും ചീഫ് ജസ്റ്റിസ് ആകാതെ പടിയിറങ്ങിയവരാണ്. 
ജസ്റ്റിസ് ഖന്ന ഈ രണ്ടാം നമ്പര്‍ കോടതി മുറിയിലാണ് ഇരുന്നത്. ജനങ്ങള്‍ എല്ലാക്കാലത്തും അദ്ദേഹത്തെക്കുറിച്ചു സംസാരിച്ചിരുന്നു. അദ്ദേഹത്തിന്റെ ചിത്രവും ഇവിടുണ്ട്. താങ്കളുടെ ചിത്രവും ഉടന്‍ തന്നെ ഇവിടെ ഇടംപിടിക്കുമെന്നാണ്  പ്രതീക്ഷയെന്നും ശാന്തി ഭൂഷണ്‍ പറഞ്ഞു. തന്റെ നാല്‍പതു വര്‍ഷക്കാലത്തെ നിയമ ജീവിതത്തില്‍ താന്‍ ഹാജരായിട്ടുള്ള ഏറ്റവും മികച്ച ജഡ്ജിമാരില്‍ ഒരാളാണ് ജസ്റ്റിസ് ചെലമേശ്വറെന്നും അദ്ദേഹം പറഞ്ഞു. 
തുടര്‍ന്ന് മുതിര്‍ന്ന അഭിഭാഷകനായ ദുഷ്യന്ത് ദവേയും അദ്ദേഹത്തെ പ്രശംസിച്ചു. ജസ്റ്റിസ് ചെലമേശ്വറെ പോലുള്ള ന്യായാധിപന്‍മാരുടെ മുന്നില്‍ ഹാജരാകാന്‍ കഴിയുന്നത് അഭിഭാഷകരെ സംബന്ധിച്ച് അന്തസ്സാണെന്ന് അദ്ദേഹം പറഞ്ഞു. 
മുതിര്‍ന്ന അഭിഭാഷകരുടെ പ്രശംസയ്ക്ക് നന്ദി അറിയിച്ചുകൊണ്ട് ജസ്റ്റിസ് ചെലമേശ്വര്‍ പറഞ്ഞതിങ്ങനെ: 
    കഴിഞ്ഞ ആറു വര്‍ഷത്തിനും പത്തു മാസത്തിനും ഇടയില്‍ ഞാന്‍ ആരോടെങ്കിലും അകാരണമായി കോപം പ്രകടിപ്പിച്ചിട്ടുണ്ടെങ്കില്‍ അത് മനഃപൂര്‍വമല്ല, ആരോടും വ്യക്തിപരമായി ഒരു അകല്‍ച്ചയും ഇല്ല. അത് വേണ്ട മുന്‍കരുതലുകള്‍ ഇല്ലാത്തതുകൊണ്ടും ആ സമയത്തെ ചില പ്രത്യേക കാരണങ്ങള്‍ കൊണ്ടുമാണ്. ആരുടെയെങ്കിലും വികാരത്തെ മുറിപ്പെടുത്തിയിട്ടുണ്ടെങ്കില്‍ മാപ്പു ചോദിക്കുന്നു.
ഈ മാസം 22 നാണ് ജസ്റ്റിസ് ചെലമേശ്വര്‍ സുപ്രീംകോടതിയില്‍നിന്നു വിരമിക്കുന്നത്. കോടതി വേനല്‍ അവധിയിലേക്കു പ്രവേശിക്കുന്നതിനാല്‍ ഇന്നാണ് അദ്ദേഹത്തിന്റെ അവസാന പ്രവൃത്തി ദിവസം. കീഴ്‌വഴക്കമനുസരിച്ച് ഇന്ന് ചീഫ് ജസ്റ്റിസിന്റെ ബെഞ്ചിലിരുന്ന് അദ്ദേഹം വാദം കേള്‍ക്കും. വിരമിക്കുന്നതിനോടനുബന്ധിച്ചു സുപ്രീം കോടതി ബാര്‍ അസോസിയേഷന്‍ നല്‍കാനിരുന്ന യാത്ര അയപ്പു ചടങ്ങില്‍നിന്ന് ജസ്റ്റിസ് ചെലമേശ്വര്‍ വിട്ടു നിന്നത് ശ്രദ്ധേയമായിരുന്നു.
 

Latest News