ന്യൂയോർക്ക് - ശക്തമായ മഞ്ഞും വീശിയടിക്കുന്ന കാറ്റും കാരണം അമേരിക്കയിൽ പതിനേഴ് മരണം. ഭയാനകമായ ശൈത്യകാല കൊടുങ്കാറ്റിനെ തുടർന്ന് പതിനേഴ് ലക്ഷത്തോളം പേർക്ക് വൈദ്യുതി മുടങ്ങി. ആയിരകണക്കിന് വിമാന സർവീസുകൾ റദ്ദാക്കി. ക്രിസ്മസ് അവധി ആഘോഷിക്കാനൊരുങ്ങുന്നവർക്ക് കനത്ത ആഘാതമാണ് സംഭവിച്ചത്. കനത്ത മഞ്ഞുവീഴ്ച, വീശിയടിക്കുന്ന കാറ്റ്, അപകടകരമായ തണുത്ത താപനില എന്നിവ കാരണം ആറ് സംസ്ഥാനങ്ങളിലായി കുറഞ്ഞത് 17 മരണങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്. സാധാരണ മിതശീതോഷ്ണമായ അമേരിക്കയുടെ ദക്ഷിണ മേഖലയിലും തുടർച്ചയായ മൂന്നാം ദിവസവും മരവിച്ച അവസ്ഥയിലാണ്. ഈ പതിറ്റാണ്ടിലെ ഏറ്റവും രൂക്ഷമായ കൊടുങ്കാറ്റാണ് അമേരിക്കയിൽ വീശുന്നത്. ശനിയാഴ്ച 1,900ലധികം യുഎസ് വിമാനങ്ങൾ റദ്ദാക്കി. തലേദിവസം ഏകദേശം 6,000 സർവീസുകളാണ് റദ്ദാക്കിയത്. അറ്റ്‌ലാന്റ, ചിക്കാഗോ, ഡെൻവർ, ഡെട്രോയിറ്റ്, ന്യൂയോർക്ക് എന്നിവയുൾപ്പെടെയുള്ള വിമാനത്താവളങ്ങളിൽ നിരവധി യാത്രക്കാർ എത്തി.