തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ നിയമന കത്ത് വിവാദത്തില്‍ അന്വേഷണ കമ്മീഷനെ നിയമിച്ച് സിപിഎം. ഇന്ന് ചേര്‍ന്ന സിപിഎം ജില്ലാ സെക്രട്ടറിയേറ്റാണ് ഇത് സംബന്ധിച്ച തീരുമാനം എടുത്തത്.സി ജയന്‍ ബാബു, ഡി കെ മുരളി, ആര്‍ രാമു എന്നിവരാണ് കമ്മീഷന്‍ അംഗങ്ങള്‍. മൂന്ന് ആഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാനാണ് കമ്മീഷന് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
കോര്‍പ്പറേഷനില്‍ കരാര്‍ നിയമനങ്ങള്‍ക്ക് പാര്‍ട്ടി മുന്‍ഗണനാ ലിസ്റ്റ്ആവശ്യപ്പെട്ട് മേയറുടെ ഓഫീസില്‍ നിന്നും സി പി എം തിരുവനന്തപുരംജില്ലാ സെക്രട്ടറിആനാവൂര്‍ നാഗപ്പന് നല്‍കിയ കത്ത് പുറത്ത് വന്നതാണ് വിവാദങ്ങള്‍ക്ക് തിരികൊളുത്തിയത്. ആരോഗ്യമേഖലയിലെ ഒഴിവുള്ള തസ്തികകളുടെ എണ്ണമടക്കം മേയറുടെ ഔഗ്യോഗിക ലെറ്റര്‍ പാഡിലെഴുതിയ കത്താണ് പുറത്ത് വന്നത്. കോര്‍പ്പറേഷന് കീഴിലെ അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്ററുകളിലേക്ക് 295 ഒഴിവുണ്ടെന്നും ഉദ്യോഗാര്‍ത്ഥികളുടെ മുന്‍ഗണന പട്ടിക നല്‍കണമെന്നും അറിയിച്ചു കൊണ്ടാണ് പാര്‍ട്ടി ജില്ലാ സെക്രട്ടറിക്ക് കത്തയച്ചത്. മേയറുടെ ഔദ്യോഗിക ലെറ്റര്‍പാഡില്‍ സഖാവേ എന്ന അഭിസംബോധന ചെയ്ത് അയച്ച കത്ത് ഒരു വാര്‍ഡിലെ വാട്‌സാപ്പ് ഗ്രൂപ്പില്‍ നിന്നാണ് സമൂഹമാധ്യമത്തില്‍ വൈറലായത്.
സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിയിരുന്നെങ്കിലും കത്തിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല. കത്ത് വ്യാജമായി ഉണ്ടാക്കിയതാണെന്നും ഇതിന്റെ ഉറവിടത്തെപ്പറ്റി അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് മേയര്‍ പരാതി നല്‍കിയിരുന്നു. സംഭവത്തില്‍ പാര്‍ട്ടി നേരിട്ട് അന്വേഷണം നടത്തുമെന്ന് സി പി എം നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നെങ്കിലും പിന്നീട് നടപടികളൊന്നുമുണ്ടായിരുന്നില്ല മേയറുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷത്തിന്റെ സമരപരിപാടികള്‍ ഇപ്പോഴും തുടരുന്നുണ്ട്. അതിനിടയിലാണ് പാര്‍ട്ടി അന്വേഷണ കമ്മീഷനെ നിയമിച്ചത്.