അലിഗഢ് : വിവാഹ മോചനത്തിന് പങ്കാളികള്‍ക്ക് പല കാരണങ്ങള്‍ ചൂണ്ടിക്കാണിക്കാനുണ്ടാകും. എന്നാല്‍ ഉത്തര്‍പ്രദേശിലെ അലിഗഢില്‍ നിന്നുള്ള യുവതി കോടതിയില്‍ നല്‍കിയ കാരണങ്ങളില്‍ ഒന്ന് അല്‍പ്പം കടന്നതാണ്. ബ്യൂട്ടി പാര്‍ലറില്‍ പോകുന്നതിനും മേക്കപ്പ് സാധനങ്ങള്‍ വാങ്ങാനും ഭര്‍ത്താവ് പണം നല്‍കുന്നില്ലെന്ന് ആരോപിച്ചാണ് യുവതി വിവാഹമോചനത്തിന് അപേക്ഷ നല്‍കിയത്. തന്റെ രൂപം നല്ലതല്ലെന്നും അതിനാല്‍ തന്നെ കൂടെ നിര്‍ത്താനാകില്ലെന്നും ഭര്‍ത്താവ് പറഞ്ഞതായും യുവതി അപേക്ഷയില്‍ പറയുന്നു.
2015ലാണ് ഡല്‍ഹി സ്വദേശിയും സ്വകാര്യ കമ്പനിയില്‍ ജോലിക്കാരനുമായ അമിതുമായി യുവതി വിവാഹിതയാകുന്നത്. മൂന്ന് വര്‍ഷം മുമ്പ് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായതിനെ തുടര്‍ന്ന് വേര്‍ പിരിഞ്ഞ് താമസം തുടങ്ങി. ഭര്‍ത്താവ് ചെലവിനുള്ള പണമോ മേക്കപ്പ് സാധനങ്ങള്‍ വാങ്ങാനുള്ള പണമോ നല്‍കുന്നില്ലെന്ന് ഭാര്യ ആരോപിക്കുന്നു. ഇതിന് പുറമെ യുവാവിന്റെ അമ്മയ്ക്കും അച്ഛനുമെതിരെ ആരോപണങ്ങളും യുവതി ഉന്നയിച്ചിട്ടുണ്ട്.
ഇരുവരും ചേര്‍ന്ന് രാത്രി വീട്ടില്‍ നിന്നും പുറത്താക്കിയെന്നാണ് യുവതിയുടെ ആരോപണം. വിവാഹം കഴിഞ്ഞിട്ട് ഏഴ് വര്‍ഷം കഴിഞ്ഞിട്ടും യുവതിക്ക് അമ്മയാകാന്‍ കഴിഞ്ഞിരുന്നില്ല. ഇത് പ്രശ്‌നങ്ങളുടെ ആക്കം കൂട്ടി. ഡോക്ടറിനെ കണ്ടപ്പോള്‍ ഓപ്പറേഷന്‍ നടത്തണമെന്ന് നിര്‍ദ്ദേശിച്ചു. പണം തരാന്‍ ഭര്‍ത്താവിനോട് ആവശ്യപ്പെട്ടപ്പോള്‍ അദ്ദേഹം നിരസിക്കുകയും അസഭ്യം പറയുകയും ചെയ്തതായി യുവതി പറയുന്നു.