ലണ്ടന്‍- ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവര്‍ണര്‍ തസ്തികയിലേക്ക് അപേക്ഷിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്‍ അറിയിച്ചു. അടുത്ത വര്‍ഷം വരുന്ന ഒഴിവിലേക്ക് രഘുറാം രാജനെ പരിഗണിക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 2019 ജൂണ്‍ അവസാനമാണ് ബി.ഒ.ഇ ഗവര്‍ണര്‍ മാര്‍ക്ക് കാര്‍ണി സ്ഥാനമൊഴിയുന്നത്. അന്താരാഷ്ട്ര നാണയ നിധിയില്‍ സാമ്പത്തിക വിദഗ്ധനായിരുന്ന രഘുറാം രാജനെ ബി.ഒ.ഇ പരിഗണിക്കുമെന്നായിരുന്നു നിരീക്ഷകരുടെ വിലയിരുത്തല്‍.
ചിക്കാഗോ സര്‍വകലാശാലയില്‍ എനിക്ക് നല്ലൊരു ജോലിയുണ്ട്. ശരിക്കും ഞാനൊരു അക്കാദമിക്കാണ്. പ്രൊഫഷണല്‍ സെന്‍ട്രല്‍ ബാങ്കറല്ല. ഇപ്പോള്‍ ചെയ്യുന്ന ജോലിയില്‍ അതീവ സന്തുഷ്ടനാണ് -രഘുറാം രാജന്‍ പറഞ്ഞു.
ചിക്കാഗോ യൂനിവേഴ്‌സറ്റിയിലെ ബൂത്ത് സ്‌കൂള്‍ ഓഫ് ബിസിനസ് ലണ്ടനില്‍ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത ശേഷം വാര്‍ത്താ ലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യൂനിവേഴ്‌സിറ്റിയില്‍ ഫിനാന്‍സ് പ്രൊഫസറായാണ് രഘുറാം രാജന്‍ ജോലി നോക്കുന്നത്. കാര്യങ്ങള്‍ വ്യക്തമായി പറഞ്ഞു കഴിഞ്ഞുവെന്നും ഒരു ജോലിക്കും അപേക്ഷിക്കുന്നില്ലെന്നും ആവര്‍ത്തിച്ചുള്ള ചോദ്യങ്ങള്‍ക്ക് അദ്ദേഹം മറുപടി നല്‍കി. ബി.ഒ.ഇ സമീപിച്ചാല്‍ എന്തു ചെയ്യുമെന്നായിരുന്നു മാധ്യമ പ്രവര്‍ത്തകരുടെ ആവര്‍ത്തിച്ചുള്ള ചോദ്യങ്ങള്‍. 2016 സെപ്റ്റംബറിലാണ് രഘുറാം രാജന്‍ ആര്‍.ബി.ഐ ഗവര്‍ണര്‍ സ്ഥാനം ഒഴിഞ്ഞത്.
ബി. ഒ.ഇ ഗവര്‍ണര്‍ കാര്‍ണിയുടെ പിന്‍ഗാമിയെ വര്‍ഷാവസാനത്തോടെ ബ്രിട്ടീഷ് ധനമന്ത്രി ഫിലിപ്പ് ഹാമോണ്ട് തെരഞ്ഞെടുക്കുമെന്നാണ് സൂചന. വിദേശത്തുള്ളവരേയും പരിഗണിക്കുമെന്ന് കഴിഞ്ഞ മാസം അദ്ദേഹം വാഷിംഗ്ടണില്‍ പറഞ്ഞിരുന്നു. ബി.ഒ.ഇയില്‍ നേരത്തെ ഡെപ്യൂട്ടി ഗവര്‍ണറായിരുന്ന ആന്‍ഡ്ര്യൂ ബെയിലിക്കാണ് ലണ്ടനിലെ നിരവധി സാമ്പത്തിക വിദഗ്ധര്‍ സാധ്യത കാണുന്നത്. ആന്‍ഡ്ര്യു ബെയ്‌ലി ഇപ്പോള്‍ ബ്രിട്ടനിലെ ഫിനാന്‍ഷ്യല്‍ കോണ്ടകട് അതോറിറ്റി മേധാവിയാണ്.
നിലവില്‍ ബി.ഒ.ഇയിലുള്ള മുതിര്‍ന്ന ഓഫീസര്‍മാര്‍ക്കു പുറമെ, മെക്‌സിക്കന്‍ സ്വദേശിയും ബാങ്ക് ഫോര്‍ ഇന്റര്‍നാഷണല്‍ സെറ്റില്‍മെന്റ്‌സ് മാനേജറുമായ ഓസ്റ്റിന്‍ കാഴ്‌സറ്റന്‍സ്, മുന്‍ ബി.ഒ.ഇ ഡെപ്യട്ടി ഗവര്‍ണറും നിലവില്‍ ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സ് മേധാവിയുമായ മിനൗഷ് ഷഫിക് എന്നിവര്‍ പരിഗണിക്കപ്പെടുന്നവരുടെ പട്ടികയിലുണ്ട്.
2007-08 ലെ ആഗോള സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിച്ച സാമ്പത്തിക അസന്തുലിതത്വത്തെ കുറിച്ച് ഐ.എം.എഫ് വിദഗ്ധനായിരിക്കേ രഘുറാം രാജന്‍ നല്‍കിയ മുന്നറിയിപ്പ് ശ്രദ്ധേയമായിരുന്നു. ബാങ്കുകള്‍ ഇപ്പോള്‍ സുരക്ഷിതമാണെങ്കിലും വെല്ലുവിളികള്‍ സാമ്പത്തിക വ്യവസ്ഥയുടെ മറ്റു ഭാഗങ്ങളിലേക്ക് മാറിയിരിക്കയാണെന്ന് അദ്ദേഹം കഴിഞ്ഞ ദിവസം പറഞ്ഞു.