കാസര്‍കോട്- നാട്ടുകാര്‍ അര്‍ധരാത്രി ക്വാര്‍ട്ടേഴ്‌സ് വളഞ്ഞപ്പോള്‍ അധ്യാപിക ഇറങ്ങിയോടി. ഒപ്പമുണ്ടായിരുന്ന അധ്യാപകനെ നാട്ടുകാര്‍ കയ്യോടെ പിടികൂടി. കുമ്പള പോലീസ് സ്റ്റേഷന്‍ പരിധിയിലെ സര്‍ക്കാര്‍ സ്‌കൂളിലെ അധ്യാപകനും അധ്യാപികയും കഴിഞ്ഞ ദിവസം രാത്രി ക്വാര്‍ട്ടേഴ്‌സ് മുറിയിലുണ്ടായിരുന്ന സമയത്താണ് നാട്ടുകാര്‍ എത്തിയത്. ക്വാര്‍ട്ടേഴ്‌സ് വളഞ്ഞപ്പോള്‍ അധ്യാപിക പിറകുവശത്തെ വാതിലിലൂടെ ഇറങ്ങിയോടുകയായിരുന്നു. സ്‌കൂളിന് സമീപത്താണ് അധ്യാപകരും ജീവനക്കാരും താമസിക്കുന്ന ക്വാര്‍ട്ടേഴ്‌സുകള്‍ ഉള്ളത്. അധ്യാപകന്‍ താമസിക്കുന്ന ക്വാര്‍ട്ടേഴ്‌സ് മുറിയിലേക്ക് അധ്യാപിക ദിവസവും രാത്രിയും പകലും പോകുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് രാത്രി 11 മണിയോടെ നാട്ടുകാര്‍ ക്വാര്‍ട്ടേഴ്‌സ് വളഞ്ഞത്. ഇതിനിടെ ഒരാള്‍ അധ്യാപികയെ ഫോണില്‍ വിളിച്ച് ക്വാര്‍ട്ടേഴ്‌സില്‍ നിന്ന് എന്തിനാണ് ഓടിയതെന്ന് ചോദിച്ചിരുന്നു. എന്നാല്‍ താന്‍ ഓടിയിട്ടില്ലെന്നും തനിക്കെതിരെ അപവാദം പറയുന്നതിനെതിരെ പോലീസില്‍ പരാതി നല്‍കുമെന്നും അധ്യാപിക അറിയിച്ചു. പിറ്റേദിവസം അധ്യാപിക കുമ്പള പോലീസില്‍ പരാതി നല്‍കി. ഇതിനിടെ ഇന്നലെ ക്വാര്‍ട്ടേഴ്‌സിന് പുറത്തിരുന്ന് അധ്യാപകന്‍ നാട്ടുകാര്‍ക്ക് നേരെ വെല്ലുവിളി മുഴക്കി. പ്രായപൂര്‍ത്തി ആയവരായതിനാല്‍ പരസ്പര സമ്മതത്തോടെ ഇടപഴകാന്‍ ഞങ്ങള്‍ക്ക് സ്വാതന്ത്ര്യമുണ്ടെന്നും ആരുവിചാരിച്ചാലും അത് തടയാന്‍ സാധിക്കില്ലെന്നും അധ്യാപകന്‍ അവകാശപ്പെട്ടു. നാട്ടില്‍ പ്രതിഷേധം ശക്തമായതോടെ ക്വാര്‍ട്ടേഴ്‌സ് ഉടമ എത്തി മുറിയില്‍ നിന്ന് ഒഴിഞ്ഞുപോകാന്‍ അധ്യാപകനോട് ആവശ്യപ്പെട്ടു. ഇതേ ചൊല്ലിയുണ്ടായ വാക്കുതര്‍ക്കത്തിനിടെ പ്രകോപിതനായ അധ്യാപകന്‍ ക്വാര്‍ട്ടേഴ്‌സ് ഉടമയെ മര്‍ദിച്ചു. അടിയേറ്റ് പരിക്കുകളോടെ ആശുപത്രിയില്‍ ചികില്‍സ തേടിയ ക്വാര്‍ട്ടേഴ്‌സ് ഉടമ പിന്നീട് ഭാര്യയെയും കൂട്ടി കുമ്പള പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി. വിദ്യാര്‍ഥികള്‍ക്ക് മാതൃകയാകുന്ന ജീവിതം നയിക്കേണ്ടതിന് പകരം അസാന്മാര്‍ഗിക പ്രവൃത്തികളിലേര്‍പ്പെടുന്ന അധ്യാപകനും അധ്യാപികക്കുമെതിരെ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. വിദ്യാഭ്യാസ മന്ത്രിക്കും ഉന്നത തല ഉദ്യോഗസ്ഥര്‍ക്കും ഇത് സംബന്ധിച്ച് പരാതി നല്‍കിയതായി നാട്ടുകാരും രക്ഷിതാക്കളും വ്യക്തമാക്കി.