ഗ്ലാസ്‌ഗോ- ഭക്ഷണപ്രേമികളുടെ പ്രിയവിഭവമായ ചിക്കന്‍ ടിക്ക മസാലയുടെ സൃഷ്ടാവ് അലി അഹമ്മദ് അസ്ലം ഭക്ഷണലോകത്തോട് വിടപറഞ്ഞു. 77 വയസായിരുന്നു. ഗ്‌ളാസ്ഗോയിലെ അലിയുടെ ഭക്ഷണശാലയായ ശിഷ് മഹലാണ് അദ്ദേഹത്തിന്റെ മരണവിവരം പുറത്തുവിട്ടത്. അദ്ദേഹത്തോടുള്ള ബഹുമാനാര്‍ത്ഥം 48 മണിക്കൂര്‍ റസ്റ്റോറന്റ് അടച്ചിട്ടു. സ്‌കോട്ട്ലന്‍ഡ് നഗരമായ ഗ്‌ളാസ്ഗോയില്‍ നിന്നുള്ള ഷെഫായ അലി 1970ല്‍ ശിഷ് മഹലിലാണ് ചിക്കന്‍ ടിക്ക മസാല ആദ്യമായി തയ്യാറാക്കിയത്. പുതിയ വിഭവം ഉണ്ടാക്കാനിടയായ സാഹചര്യം 2009ല്‍ ഒരു അഭിമുഖത്തില്‍ അലി വെളിപ്പെടുത്തിയിരുന്നു. അദ്ദേഹം തയ്യാറാക്കിയ ചിക്കന്‍ ടിക്ക വളരെ വരണ്ടതാണെന്ന് ഒരു കസ്റ്റമര്‍ പരാതിപ്പെട്ടതാണ് പുതിയ വിഭവത്തിന്റെ പിറവിയ്ക്ക് കാരണമായത്. തക്കാളി സൂപ്പില്‍ നിന്ന് ഉണ്ടാക്കുന്ന സോസ് ഉപയോഗിച്ചായിരുന്നു ചിക്കന്‍ ടിക്ക മസാല തയ്യാറാക്കിയത്. യോഗര്‍ട്ട്, ക്രീം, സുഗന്ധവ്യഞ്ജനങ്ങള്‍ എന്നിവയായിരുന്നു സോസിലെ പ്രധാന ചേരുവകള്‍. പിന്നാലെ ഇത് ബ്രിട്ടീഷ് ഭക്ഷണശാലകളിലെ ഏറ്റവും പ്രശസ്തമായ വിഭവമായി മാറുകയായിരുന്നു. ചിക്കന്‍ ടിക്ക മസാല ബ്രിട്ടീഷുകാരുടെ ദേശീയ ഭക്ഷണമായി മാറിയെന്ന് ബ്രിട്ടന്റെ മുന്‍ വിദേശകാര്യ മന്ത്രി റോബിന്‍ കുക്ക് ഒരിക്കല്‍ പറഞ്ഞിരുന്നു.
അലിയുടെ ജീവിതംതന്നെ സ്വന്തം ഭക്ഷണശാലയായിരുന്നെന്ന് ബന്ധുവായ ആന്ദലീപ് അഹമ്മദ് പറയുന്നു. അദ്ദേഹം എന്നും സ്വന്തം റെസ്റ്റോറന്റില്‍ നിന്ന് ഉച്ചഭക്ഷണം കഴിക്കുമായിരുന്നു.
പാക്കിസ്ഥാനിലെ പഞ്ചാബില്‍ ജനിച്ച അലി ബാല്യകാലത്തുതന്നെ കുടുംബത്തോടൊപ്പം ഗ്‌ളാസ്ഗോയിലേയ്ക്ക് കുടിയേറിയിരുന്നു. 1964ലാണ് ഗ്‌ളാസ്ഗോയില്‍ സ്വന്തം ഭക്ഷണശാലയായ ശിഷ് മഹല്‍ തുറക്കുന്നത്. തന്നെ ദത്തെടുത്ത നഗരത്തിനുള്ള സമ്മാനമായാണ് അദ്ദേഹം ചിക്കന്‍ ടിക്ക മസാലയെ വിശേഷിപ്പിച്ചിരുന്നത്. 2009ല്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് ഈ വിഭവത്തിന് 'പ്രൊട്ടക്റ്റഡ് ഡെസിഗ്‌നേഷന്‍ ഓഫ് ഒറിജിന്‍' പദവി നല്‍കുന്നതിനായി അദ്ദേഹം നടത്തിയ പ്രചാരണം വിജയിച്ചിരുന്നില്ല.