Sorry, you need to enable JavaScript to visit this website.

ജീവനോടെ കത്തിക്കാന്‍ എങ്ങനെ ധൈര്യം കിട്ടി, പ്രതികള്‍ക്ക് ഒരിക്കലും മാപ്പ് നല്‍കില്ലെന്ന് പിതാവ്

മുഹമ്മദ് അല്‍ഖര്‍ഹദി

ജിദ്ദ - മകന്‍ ബന്ദറിനെ കാര്‍ അഗ്നിക്കിയാക്കി കൊലപ്പെടുത്തിയ പ്രതികള്‍ക്ക് വധശിക്ഷ നടപ്പാക്കണമെന്ന് മുഹമ്മദ് അല്‍ഖര്‍ഹദി ആവശ്യപ്പെട്ടു. മകന്റെ ഘാതകര്‍ക്ക് ഒരിക്കലും മാപ്പ് നല്‍കില്ല. ഞാന്‍ എന്താണ് ചെയ്തതെന്ന് കൊല്ലപ്പെടുന്നതിനു തൊട്ടു മുമ്പ് മകന്‍ പ്രതികളോട് ആരായുന്നതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ ക്ലിപ്പിംഗുകള്‍ പുറത്തുവന്നിട്ടുണ്ട്. ഈ ചോദ്യമാണ് പ്രതികളോട് തനിക്കും ഉന്നയിക്കാനുള്ളത്. തനിക്ക് തന്റെ മകനെ നഷ്ടപ്പെട്ട രീതിയില്‍ മറ്റൊരു പിതാവിനും മാതാവിനും മക്കളെ നഷ്ടപ്പെടാന്‍ പാടില്ല.
തന്റെയും മകന്റെയും തന്റെ കുടുംബത്തിന്റെയും കാര്യം കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനെയും മക്ക ഗവര്‍ണര്‍ ഖാലിദ് അല്‍ഫൈസല്‍ രാജകുമാരനെയും ജിദ്ദ ഗവര്‍ണറെയും താന്‍ ഏല്‍പിക്കുകയാണ്. പ്രതികള്‍ ചെയ്ത ക്രൂരകൃത്യം സമൂഹത്തിനും പാരമ്പര്യത്തിനും പുറത്തുള്ളതാണ്. ആര്‍ക്കും ഒരിക്കലും അംഗീകരിക്കാന്‍ കഴിയാത്ത ലജ്ജാകരവും അപമാനകരവുമായ കൃത്യമാണിത്. ഒരാളെ ജീവനോടെ കത്തിക്കാന്‍ മറ്റൊരാളെ പ്രേരിപ്പിക്കുന്ന ധൈര്യം എന്താണ്. ഇത്തരം കുറ്റകൃത്യങ്ങള്‍ സിനിമകളില്‍ മാത്രമാണ് മുമ്പ് കേട്ടിട്ടുള്ളതെന്നും മുഹമ്മദ് അല്‍ഖര്‍ഹദി പറഞ്ഞു.
രണ്ടു മക്കളുടെ പിതാവും സൗദിയയില്‍ സ്റ്റ്യുവാര്‍ഡുമായ ബന്ദര്‍ ഖര്‍ഹദിയെ പത്തു ദിവസം മുമ്പാണ് അമീര്‍ ഫവാസ് ഡിസ്ട്രിക്ടില്‍ കാറിലിട്ട് പെട്രോളൊഴിച്ച് കൊലപ്പെടുത്തിയത്. കേസിലെ മുഖ്യപ്രതിയെ ജിദ്ദ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. നാലു യുവാക്കള്‍ ചേര്‍ന്നാണ് കൊലപാതകം നടത്തിയത്. ശേഷിക്കുന്ന പ്രതികള്‍ക്കു വേണ്ടി സുരക്ഷാ വകുപ്പുകള്‍ അന്വേഷണം തുടരുകയാണ്. മുഖ്യപ്രതിയും കൊല്ലപ്പെട്ട ബന്ദറും കുട്ടിക്കാലം മുതല്‍ കളിക്കൂട്ടുകാരായിരുന്നു. സമീപ കാലത്ത് ഇവര്‍ക്കിടയിലുണ്ടായ വ്യക്തിവൈരാഗ്യമാണ് ബന്ദറിനെ ജീവനോടെ കത്തിച്ചു കൊലപ്പെടുത്താന്‍ മുഖ്യപ്രതി അടക്കമുള്ളവരെ പ്രേരിപ്പിച്ചത്.


 

 

Latest News