- കുപ്പായം മാറുന്നതുപോലെ മുന്നണി മാറുന്ന ചരിത്രം ലീഗിനില്ലെന്ന് കുഞ്ഞാലിക്കുട്ടി
മലപ്പുറം - മുസ്‌ലിം ലീഗ് യു.ഡി.എഫിന്റെ അഭിവാജ്യ ഘടകമാണെന്നും കുപ്പായം മാറുന്നതുപോലെ മുന്നണി മാറുന്ന ചരിത്രം പാർട്ടിക്കില്ലെന്നും മുസ്‌ലിം ലീഗ് നേതാവും നിയമസഭാക്ഷി ലീഡറുമായ പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഗവർണർ വിഷയത്തിൽ ലീഗ് കൃത്യമായ നിലപാടാണ് സ്വീകരിച്ചത്. മെറിറ്റ് അനുസരിച്ചാണ് പാർട്ടി നിലപാടുകൾ സ്വീകരിക്കുന്നത്. അതിൽ മുന്നണി പ്രശ്്മനമില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.
ലീഗിനെ പറ്റി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത് ദുർവ്യാഖ്യാനം ചെയ്യേണ്ട കാര്യമില്ല. ലീഗിനെ പ്രശംസിക്കുക മാത്രമല്ല മുഖ്യമന്ത്രി ചെയ്തത്. എതിർക്കേണ്ട വിഷയം വരുമ്പോൾ എതിർത്തിട്ടുണ്ട്. അനുകൂലിക്കുമ്പോൾ അനുകൂലിച്ചിട്ടുണ്ട് എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. അതിനെ ദുർവ്യാഖ്യാനം ചെയ്യേണ്ടതില്ല.
പിണറായി സർക്കാരിനെതിരെ ഏറ്റവും നന്നായി സമരം ചെയ്തത് യൂത്ത് ലീഗാണ്. ബഫർസോൺ വിഷയത്തിൽ സർക്കാരിന് വീഴ്ച സംഭവിച്ചു. സർക്കാർ വരുത്തിയ വീഴ്ചകൾക്ക് വലിയ വില കൊടുക്കേണ്ടി വന്നുവെന്നും ഇനിയെങ്കിലും സമയബന്ധിതമായി സർക്കാർ പ്രവർത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.