Sorry, you need to enable JavaScript to visit this website.

കോവിഡ് വ്യാപനം: പ്രധാനമന്ത്രി  ഉന്നതതല യോഗം വിളിച്ചു

ന്യൂദല്‍ഹി-വീണ്ടും കോവിഡ് രോഗബാധ പടരുന്ന സാഹചര്യത്തില്‍ സ്വീകരിക്കേണ്ട മുന്‍ കരുതലുകള്‍ വിശകലനം ചെയ്യുന്നതിനായി പ്രധാനമന്ത്രി ഉന്നതതല യോഗം വിളിച്ചു. ചൈനയില്‍ കോവിഡ് വ്യാപനത്തിന് കാരണമായ ബിഎഫ് സെവന്‍ ഉപവകഭേദം ഇന്ത്യയിലും സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജാഗ്രതയിലാണ് ആരോഗ്യ വകുപ്പ്. ഇന്ന് ചേരുന്ന യോഗത്തില്‍ നടപടിക്രമങ്ങള്‍ പ്രധാനമന്ത്രി വിലയിരുത്തും.
വിദേശ രാജ്യങ്ങളില്‍ കോവിഡ് പടരുന്ന സാഹചര്യത്തില്‍ മുന്‍ കരുതല്‍ നടപടികള്‍ ഊര്‍ജിതമായി നടത്തണമെന്ന് കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. തത്കാലം കൂടുതല്‍ നിയന്ത്രണങ്ങള്‍ രാജ്യത്ത് ഏര്‍പ്പെടുത്തിയിട്ടില്ല. പുതിയ വകഭേദം സ്ഥിരീകരിച്ച സാഹചര്യത്തില്‍ വിമാനത്താവളങ്ങളില്‍ റാന്‍ഡം പരിശോധന തുടങ്ങി. എന്നാല്‍ രാജ്യാന്തര യാത്രയ്ക്കുള്ള എയര്‍ സുവിധ ഫോം തല്‍ക്കാലം തിരിച്ചു കൊണ്ടു വരില്ല. വിമാനത്താവളങ്ങളിലെ പരിശോധന ഫലം ആദ്യം വിലയിരുത്തും. ഉത്സവസമയങ്ങളില്‍ ജാഗ്രതയ്ക്ക് വീണ്ടും നിര്‍ദേശം നല്‍കും.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനവും ജാഗ്രതയിലാണ്. ആശങ്ക വേണ്ടെങ്കിലും രോഗം ബാധിക്കാതിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്നാണ് നിര്‍ദേശം. ഇന്നലെ ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തില്‍ സ്റ്റേറ്റ് റാപ്പിഡ് റെസ്പോണ്‍സ് ടീം യോഗം ചേര്‍ന്നിരുന്നു. എല്ലാ ജില്ലകളും പ്രതിരോധ പ്രവര്‍ത്തനങ്ങളും നിരീക്ഷണവും ശക്തമാക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. പുതിയ കോവിഡ് വകഭേദത്തിന് വ്യാപന ശേഷി കൂടുതലായതിനാല്‍ ജാഗ്രത പുലര്‍ത്തണം എന്നാണ് നിര്‍ദേശം. 
 

Latest News