ന്യൂദല്‍ഹി-പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ രാഷ്ട്രപിതാവെന്ന് വിശേഷിപ്പിച്ച മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ ഭാര്യ അമൃത ഫഡ്‌നാവിസിന്റെ പരാമര്‍ശം വിവാദത്തില്‍. മഹാത്മാഗാന്ധി ആരാണെന്ന ചോദ്യത്തിനായിരുന്നു അമൃതയുടെ മറുപടി. നാഗ്പൂരില്‍ സാഹിത്യകാരന്‍മാരുടെ സംഘടന സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവര്‍.
മഹാത്മാ ഗാന്ധി രാഷ്ട്രപിതാവാണ്, മോഡിജി പുതിയ ഇന്ത്യയുടെ പിതാവാണ്, രാജ്യത്തിന് രണ്ട് രാഷ്ട്രപിതാക്കന്‍മാരുണ്ട്. ഒരാള്‍ ഈ കാലഘട്ടത്തില്‍ നിന്ന് ,മറ്റൊരാള്‍ ആ കാലഘട്ടത്തില്‍ നിന്നും. അമൃത പറഞ്ഞു. സോഷ്യല്‍ മീഡിയ പോസ്റ്റുകളുടെ പേരില്‍ നേരത്തെയും അമൃത വിവാദം സൃഷ്ടിച്ചിട്ടുണ്ട്. മുന്‍പൊരിക്കല്‍ രാജ്യത്തിന്റെ പിതാവായ നരേന്ദ്ര മോഡിജിക്ക് ജന്മദിനാശംസകള്‍ നേരുന്നുവെന്ന് അമൃത ട്വീറ്റ് ചെയ്തിരുന്നു. അമൃതയുടെ പ്രസ്താവനയ്‌ക്കെരിരെ രൂക്ഷവിമര്‍ശനമാണ് ഉയരുന്നത്.