ബംഗളുരൂ- കര്‍ണാടകയില്‍ കോണ്‍ഗ്രസ്, ജെഡിഎസ് എംഎല്‍എമാരെ ചാക്കിട്ടുപിടിച്ച് അധികാരം ഉറപ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഭരണഘടനാ സ്ഥാപനങ്ങളെ ദുരുപയോഗം ചെയ്യുകയാണെന്ന് ജെഡിഎസ് നേതാവ് എച്ച് ഡി കുമാരസ്വാമി.
എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെ (ഇഡി) ദുരുപയോഗം ചെയ്താണ് കാണാതായ കോണ്‍ഗ്രസ് എംഎല്‍എ ആനന്ദ് സിങിനെ ഭീഷണിപ്പെടുത്തി പാട്ടിലാക്കിയതെന്ന് കുമാരസ്വാമി ആരോപിച്ചു. ബിജെപി പാളയത്തിലേക്ക് ചുവട് മാറിയില്ലെങ്കില്‍ ഇഡി കുരുക്കു മുറുക്കുമെന്ന് ആനന്ദ് സിങിനെ ബിജെപി ഭീഷണിപ്പെടുത്തിയിരുന്നതായി ഒരു കോണ്‍ഗ്രസ് നേതാവ് തന്നോട് പറഞ്ഞതായി കുമാരസ്വാമി വെളിപ്പെടുത്തി.
ഒരു എന്‍ഫോഴ്‌സ്‌മെന്റ് കേസ് ആനന്ദ് സിങിനെതിരെ നിലവിലുണ്ട്. ഈ കേസ് ഉപയോഗിച്ചാണ് ബിജെപി ആദ്ദേഹത്തെ വലയിലാക്കിയത്. ഇതു സംബന്ധിച്ച് എല്ലാം ഒരു കോണ്‍ഗ്രസ് നേതാവ് തനിക്കു വിശദീകരിച്ചു നല്‍കിയെന്നും കുമാരസ്വാമി പറഞ്ഞു. മോഡി ഭരണഘടനാ സ്ഥാപനങ്ങലെ ദുരുപയോഗം ചെയ്യുന്നതിനെതിരെ രാജ്യത്തെ എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും ഒന്നിക്കണമെന്നും ജെഡിഎസ് നേതാവ് ആവശ്യപ്പെട്ടു.
മോഡി ഈ രാജ്യത്ത് ജനാധിപത്യം തകര്‍ക്കുകയാണ്. മോഡി-അമിത് ഷാ കൂട്ടുകെട്ട് രാജ്യത്തേയും കര്‍ണാകടയേയും വില്‍പ്പനയ്ക്ക് വെച്ചിരിക്കുകയാണ്. പുലര്‍ച്ചെ നാലു മണിക്കാണ് എംഎല്‍എമാരെ ചാര്‍ട്ടേഡ് വിമാനത്തില്‍ ദല്‍ഹിയിലേക്ക് കടത്തുന്നത്. ഇതു കുതിരക്കച്ചവടമല്ലെങ്കില്‍ പിന്നെ എന്താണ്? ജെഡിഎസ്-കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്കുമേല്‍ ബിജെപി സമ്മര്‍ദം ചെലുത്തുകയാണ്. ഇതിനെതിരെ പ്രതിപക്ഷ പാര്‍ട്ടികളെല്ലാം ഒന്നിക്കണം- കുമാരസ്വാമി ആവശ്യപ്പെട്ടു.