റായ്പൂര്‍- കര്‍ണാടക തെരഞ്ഞെടുപ്പു ഫലം പുറത്തു വന്നതിനു ശേഷം ആദ്യമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പ്രതികരണം. രാജ്യത്തെ എല്ലാ ജനാധിപത്യ, ഭരണഘടനാ സ്ഥാപനങ്ങളും ആര്‍ എസ് എസും ബിജെപിയും പിടിച്ചടക്കിക്കൊണ്ടിരിക്കുകയാണന്നും രാജ്യത്ത് ഭയപ്പാടിന്റെ അന്തരീക്ഷമാണ് നിലനില്‍ക്കുന്നതെന്നും രാഹുല്‍ പറഞ്ഞു. ഭരണഘടന ഗുരുതരമായ കയ്യേറ്റത്തിനിരയായിരിക്കുന്നു. പാക്കിസ്ഥാനെ പോലുള്ള രാജ്യങ്ങള്‍ നടക്കുന്നതാണ് ഇപ്പോള്‍ ഇന്ത്യയില്‍ കാണുന്നതെന്ന് കര്‍ണാടകയില്‍ ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന സംഭവവികാസങ്ങളെ സൂചിപ്പിച്ച് രാഹുല്‍ പറഞ്ഞു. ഛത്തീസ്ഗഢ് തലസ്ഥാനമായ റായ്പൂരില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബിജെപി അഴിമതിയില്‍ മുങ്ങിയിരിക്കുകയാണെന്നും രാജ്യത്തിന്റെ പണം വളരെ കുറച്ചു പേരുടെ കൈകളിലായിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. കര്‍ണാടകയില്‍ ഒരു ഭാഗത്ത് എംഎല്‍എമാരും മറുഭാഗത്ത് ഗവര്‍ണറുമാണ്. തങ്ങളുടെ എംഎല്‍എമാര്‍ക്ക് 100 കോടി രൂപവരെയാണ് മറുകണ്ടം ചാടാന്‍ വാഗ്ദാനം ചെയ്തതെന്ന് ജെഡിഎസ് പറയുന്നു. ബിജെപി അഴിമതിയെ കുറിച്ചാണ് സംസാരിക്കുന്നതെങ്കില്‍ ഇതിനെ കുറിച്ചും റഫേല്‍ കരാറിനേ കുറിച്ചും അമിത് ഷായുടെ മകനെകുറിച്ചും പിയൂഷ് ഗോയലിനെ കുറിച്ചും സംസാരിക്കണം, രാഹുല്‍ ആവശ്യപ്പെട്ടു.
ബിജെപി രാജ്യത്തെ നശിപ്പിക്കുകയാണെന്നും കൊലക്കേസ് പ്രതി എന്നു വിശേഷിപ്പിച്ച് ബിജെപി അധ്യക്ഷന്‍ അമിത് ഷായ്‌ക്കെതിരേയും രാഹുല്‍ ആഞ്ഞടിച്ചു.