ന്യൂദല്‍ഹി- ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് കെ എം ജോസഫിനെ സുപ്രീം കോടതി ജഡ്ജിയായി നിയമിക്കണമെന്ന കൊളീജിയം ശുപാര്‍ശ കേന്ദ്ര സര്‍ക്കാര്‍ തള്ളിയ പശ്ചാത്തലത്തില്‍ ഇതു സംബന്ധിച്ച് തീരുമാനമെടുക്കുന്നത് കൊളീജിയം വീണ്ടും മാറ്റി വച്ചു. സുപ്രീം കോടതിയിലെ മുതിര്‍ന്ന അഞ്ചു ജഡ്ജിമാരടങ്ങുന്ന കൊളീജിയം ബുധനാഴ്ച വൈകുന്നേരം യോഗം ചേര്‍ന്നിരുന്നു. രണ്ടു മണിക്കൂര്‍ നീണ്ട യോഗത്തിനു ശേഷം ജസ്റ്റിസ് ജോസഫിന്റെ നിയമനകാര്യത്തില്‍ തീരുമാനമെടുക്കുന്നത് മാറ്റി വയ്ക്കുകയായിരുന്നു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ ജെ ചെലമേശ്വര്‍, രഞ്ജന്‍ ഗൊഗോയ്, മദന്‍ ബി ലോക്കൂര്‍, കൂര്യന്‍ ജോസഫ് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
ജസ്റ്റിസ് ജോസഫിന്റെ പേര് വീണ്ടും ശുപാര്‍ശചെയ്യാനുള്ള അഭിപ്രായം കഴിഞ്ഞ തവണ കൊളീജിയം യോഗത്തില്‍ ഉരുത്തിരിഞ്ഞു വന്നിരുന്നെങ്കിലും തീരുമാനം മാറ്റിവയ്ക്കുകയായിരുന്നു. സുപ്രീം കോടതിയില്‍ ഇപ്പോള്‍ ആറു ജഡ്ജിമാരുടെ കുറവാണുള്ളത്. ഇപ്പോഴത്തെ 25 ജഡ്ജിമാരില്‍ അഞ്ചു പേര്‍ ഈ വര്‍ഷം വിരമിക്കുകയും ചെയ്യും. ഈ വര്‍ഷാവസാനത്തോടെ 11 ജഡ്ജിമാരാണ് സുപ്രീം കോടതിക്ക് പുതുതായി വേണ്ടത്.