റിയാദ് - പീരിയോഡിക്കല്‍ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ഷന്‍ (ഫഹ്‌സുദ്ദൗരി) എന്ന പേരില്‍ അറിയപ്പെടുന്ന വാഹന സാങ്കേതിക പരിശോധന പാസാകാന്‍ വാഹനങ്ങളില്‍ അഗ്നിശമന സിലിണ്ടറും തകാറുകള്‍ സംഭവിക്കുമ്പോഴും മറ്റും റോഡുകളില്‍ സ്ഥാപിക്കാനുള്ള ത്രികോണ സിഗ്നലും ഉണ്ടായിരിക്കല്‍ നിര്‍ബന്ധമാണെന്ന് ഹഫ്‌സുദ്ദൗരി പ്രോഗ്രാം അറിയിച്ചു. ഫഹ്‌സുദ്ദൗരി കേന്ദ്രങ്ങളിലെ സാങ്കേതിക പരിശോധനാ ഉദ്യോഗസ്ഥര്‍ വാഹനത്തിലെ 70 ലേറെ ഭാഗങ്ങള്‍ പരിശോധിക്കും.
ഉടമയോ ഔദ്യോഗിക ഓഥറൈസേഷന്‍ വഴി ചുമതലപ്പെടുത്തുന്ന വ്യക്തിയോ വഴി വാഹനങ്ങള്‍ പരിശോധനക്ക് വിധേയമാക്കാവുന്നതാണ്. ആദ്യ പരിശോധന പൂര്‍ത്തിയായി പതിനാലു ദിവസത്തിനകം പുനഃപരിശോധന നടത്താന്‍ വാഹന ഉടമകള്‍ക്ക് രണ്ടു അവസരം കൂടി അനുവദിക്കും. വ്യത്യസ്ത ഘട്ടങ്ങളായാണ് വാഹനങ്ങള്‍ പരിശോധനക്ക് വിധേയമാക്കുക. ആദ്യ ഘട്ടത്തില്‍ കണ്ണുകള്‍ കൊണ്ടുള്ള പരിശോധനയാണ് നടക്കുക. നമ്പര്‍ പ്ലേറ്റ്, നിറം, ഷാസി നമ്പര്‍, രജിസ്‌ട്രേഷന്‍ ഇനം, മോഡല്‍ എന്നിവ ഉടമസ്ഥാവകാശ രേഖയുമായി ഒത്തുനോക്കല്‍, ബോണറ്റ്, മുന്‍വശത്തും പിന്‍വശത്തുമുള്ള ഇടിയുടെ അടയാളങ്ങള്‍, ഡോറുകളുടെ ഹാന്റിലുകള്‍, വിന്റോകള്‍, ചില്ലുകളിലെ കൂളിംഗ് ഫിലിം, ബോഡിയുടെ അവസ്ഥ, മുന്‍വശത്തെയും പിന്‍വശത്തെയും ലൈറ്റുകള്‍, സിഗ്നലുകള്‍, ടയറുകള്‍, സീറ്റുകള്‍, സീറ്റ്‌ബെല്‍റ്റുകള്‍, സൈഡ് കണ്ണാടികള്‍, ഉള്‍വശത്തെ കണ്ണാടി, വൈപ്പറുകള്‍, ഗ്ലാസിലെ വാട്ടര്‍ സ്‌പ്രേയര്‍, ഹോണ്‍, സ്റ്റിയറിംഗ്, ബ്രേക്ക്, മുന്‍വശത്തെയും പിന്‍ഭാഗത്തെയും വശങ്ങളിലെയും ചില്ലുകള്‍ എന്നിവ കണ്ണുകള്‍ കൊണ്ട് നേരിട്ടാണ് പരിശോധിക്കുക.
പുക, വീല്‍ അലൈന്‍മെന്റ്, ബ്രേക്കിംഗ് സംവിധാനം എന്നിവ ഓട്ടോമാറ്റിക് സംവിധാനങ്ങള്‍ വഴി പരിശോധിക്കും. വാഹനത്തിന്റെ അടിഭാഗവും സാങ്കേതിക വിദഗ്ധര്‍ നേരിട്ടാണ് പരിശോധിക്കുക.