Sorry, you need to enable JavaScript to visit this website.

ഉന്നവോ പീഡനക്കേസില്‍ രണ്ടു പോലീസ് ഓഫീസര്‍മാര്‍ അറസ്റ്റില്‍

ലഖ്‌നൗ- ഉത്തര്‍ പ്രദേശ് ബിജെപി എംഎല്‍എ കുല്‍ദീപ് സിങ് സെന്‍ഗാര്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ രണ്ടു സബ് ഇന്‍സ്‌പെക്ടര്‍മാരെ കേസ് അന്വേഷിക്കുന്ന സിബിഐ അറസ്റ്റ് ചെയ്തു. സംഭവം നടന്ന ഉന്നാവോ ജില്ലയിലെ മഖി പോലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടര്‍ അശോക് സിങ് ബഹാദുരിയ, സ്റ്റേഷന്‍ ഓഫീസറും എസ് ഐയുമായ കംത പ്രസാദ് സിങ് എന്നിവരാണ് അറസ്റ്റിലായത്. ഈ രണ്ടു ഉദ്യോഗസ്ഥരേയും നേരത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. തെളിവു നശിപ്പിക്കല്‍, ക്രിമിനല്‍ ഗൂഢാലോചന കുറ്റങ്ങളാണ് ഇവര്‍ക്കുമേല്‍ സിബിഐ ചുമത്തിയിട്ടുള്ളത്.

2017 ജൂണ്‍ നാലിന് ബിജെപി എംഎല്‍എ സ്വന്തം വീട്ടില്‍ വച്ച് ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പെണ്‍കുട്ടിയുടെ പരാതി. ഒരു ബന്ധുവിനൊപ്പം ജോലി ആവശ്യാര്‍ത്ഥം എല്‍എല്‍എയുടെ വീട്ടിലെത്തിയതായിരുന്നു പെണ്‍കുട്ടി. പോലീസില്‍ പരാതിപ്പെട്ടിട്ടും തുടര്‍ നടപടികളൊന്നുമുണ്ടായില്ല. പരാതിയുമായി നിരന്തരം പോലീസിനെ സമീപിച്ച പെണ്‍കുട്ടിയുടെ അച്ഛനെതിരെ കേസെടുക്കുകയും ഏപ്രില്‍ അഞ്ചിന് അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇതോടെ നീതി ലഭിക്കില്ലെന്നു കണ്ട് പെണ്‍കുട്ടി മുഖ്യമന്ത്രിയുടെ വസതിക്കു മുന്നില്‍ തീകൊളുത്തി ആത്മഹത്യയ്ക്കു ശ്രമിച്ചതോടെയാണ് കേസ് കോളിളക്കമായത്. തൊട്ടടുത്ത ദിവസം പെണ്‍കുട്ടിയുടെ അച്ഛന്‍ ജയിലില്‍ കൊല്ലപ്പെടുകയും ചെയ്തു. തുടര്‍ന്ന് അന്വേഷണം സിബിഐക്ക് വിടുകയായിരുന്നു. കസ്റ്റഡിയില്‍ മര്‍ദ്ദനമേറ്റാണ് പെണ്‍കുട്ടിയുടെ അച്ഛന്‍ മരിച്ചതെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍്്ട്ട് വ്യക്തമാക്കുന്നു. 


 

Latest News