> ക്രിമിനല്‍ കേസ് നേരിടുന്നവരില്‍ ബിജെപി എംഎല്‍എമാര്‍ മുന്നില്‍
ബംഗളുരു- കര്‍ണാടക നിയമസഭയിലേക്ക് പുതുതായി തെരഞ്ഞെടുക്കപ്പെട്ട 221 എംഎല്‍എമാരില്‍ 215 പേരും കോടിപതികള്‍. അതായത് 97 ശതമാനം പേരും അതി സമ്പന്നരാണെന്ന് കര്‍ണാടക ഇലക്ഷന്‍ വാച്ച്, അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് എന്നീ ഗവേഷണ സംഘടനകളുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. മുഖ്യമന്ത്രിയായ അധികാരമേറ്റ യെദ്യൂരപ്പയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരിന് കേവലഭൂരിപക്ഷം ഉറപ്പാക്കാന്‍ വാഗ്ദാനം ചെയ്‌തെന്നു പറയപ്പെടുന്ന കോടികള്‍ ഈ എംഎല്‍എമാരില്‍ ആരൊക്കെ കൈക്കലാക്കുമെന്നാണ് ഇനി അറിയാനുള്ളത്.
പുതിയ എംഎല്‍എമാര്‍ക്ക് ശരാശരി 35 കോടി രൂപയുടെ ആസ്തിയുണ്ട്. 2013-ല്‍ തെരഞ്ഞെടുക്കപ്പെട്ട എംഎല്‍എമാരേക്കാള്‍ 11 കോടി രൂപ കൂടുതലാണിത്. ഇത്തവണ നിയമസഭയിലെത്തിയ എംഎല്‍എമാരില്‍ പകുതിയിലേറെ പേര്‍ക്കും 10 കോടി രൂപയുടെ മുകളില്‍ ആസ്തിയുണ്ട്. തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഇവര്‍ സമര്‍പ്പിച്ച സത്യവാങ്മൂലങ്ങളില്‍ വെളിപ്പെടുത്തി സ്വത്തു വിവരങ്ങള്‍ വിശകലനം ചെയ്താണ് എംഎല്‍എമാരുടെ സാമ്പത്തിക ശേഷി കണക്കാക്കിയത്.
ബിജെപി ചാക്കിട്ടുപിടിക്കാന്‍ ശ്രമിക്കുന്ന കോണ്‍ഗ്രസ് എംഎല്‍എമാരാണ് ഏറ്റവും വലിയ കോടിപതിമാരെന്നതും ശ്രദ്ധേയമാണ്. കോണ്‍ഗ്രസിന്റെ 99 ശതമാനം എംഎല്‍എമാരും അതിസമ്പന്നരാണ്. ഇവരുടെ ശരാശരി ആസ്തി 66 കോടി രൂപയാണ്. സഭയിലെ ഏറ്റവും സമ്പന്നരായ ആദ്യ 10 എംഎല്‍എമാരില്‍ ഏഴു പേരും കോണ്‍ഗ്രസുകാരാണ്.
ബിജെപിയുടെ 98 ശതമാനം എംഎല്‍എമാരും കോടിപതികളാണ്. കോണ്‍ഗ്രസ് എംഎല്‍എമാരേക്കാള്‍ വളരെ പിറകിലായി 17 കോടി രൂപയാണ് ശരാശരി ബിജെപി എംഎല്‍എയുടെ ആസ്തി.
്‌ജെഡിഎസിന്റെ 95 ശതമാനം എംഎല്‍മാരും സമ്പന്ന പട്ടികയിലുണ്ട്്. ഇവരുടെ ശരാശരി ആസ്തി ബിജെപി അംഗങ്ങളേക്കാള്‍ ഉയര്‍ന്നതാണ്. 24 കോടി രൂപയാണ് ഇവരുടെ ശരാശരി ആസ്തി.
ഹൊസകോട്ടെയില്‍ ജയിച്ച കോണ്‍്ഗ്രസ നേതാവ് എന്‍ നാഗരാജുവാണ് 1,015 കോടി രൂപയുടെ ആസ്തിയുമായി പട്ടികയില്‍ ഒന്നാമന്‍. കോണ്‍ഗ്രസ് മന്ത്രിയായിരുന്ന മുതിര്‍ന്ന നേതാവ് ഡി കെ ശിവകുമാര്‍ 840 കോടി രൂപയുടെ ആസ്തിയുമായി രണ്ടാം സ്ഥാനത്തും ഹെബ്ബാള്‍ എംഎല്‍എ സുരേഷ് ബിഎസ് 416 കോടിയുടെ ആസ്തിയുമായി മൂന്നാം സ്ഥാനത്തുമുണ്ട്.
സ്വത്തു വെളിപ്പെടുത്തിയതിനു പുറമെ 221 എംഎല്‍എമാരില്‍ 35 ശതമാനവും ക്രിമിനല്‍ കേസുകള്‍ നേരിടുന്ന കാര്യവും വെളിപ്പെടുത്തിയിട്ടുണ്ട്. ബിജെപിയാണ് ഈ ഗണത്തില്‍ മുന്നില്‍. ബിജെപിയുടെ 41 ശതമാനം എംഎല്‍എമാരും ക്രിമിനല്‍ കേസ് പ്രതികളാണ്. കോണ്‍ഗ്രസ്, ജെഡിഎസ് അംഗങ്ങളില്‍ 30 ശമതാനമാണ് ക്രിമിനല്‍ കേസ് നേരിടുന്നത്.