കോഴിക്കോട്- ബഫർ സോൺ വിഷയത്തിൽ സർക്കാർ കർഷകരെ വഞ്ചിക്കുകയാണെന്ന് കെ.പി.സി.സി മുൻ പ്രസിഡന്റ് രമേശ് ചെന്നിത്തല. സർക്കാർ തികഞ്ഞ ലാഘവബുദ്ധിയോടെയാണ് വിഷയം കൈകാര്യം ചെയ്തത്. ഉപഗ്രഹ സർവേ അബദ്ധ പ്രഖ്യാപനമായിരുന്നു.സർവേ റിപ്പോർട്ട് പൂർണ്ണമായും തള്ളാൻ സർക്കാർ തയ്യാറാവണം.സീറോ ബഫർ സോണിലേക്ക് നീങ്ങാൻ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വകുപ്പ് മന്ത്രിക്ക് പോലും ഉപഗ്രഹ സർവേ റിപ്പോർട്ടിൽ വ്യക്തതയില്ല. റിപ്പോർട്ട് കുറ്റമറ്റതാണെന്ന് മന്ത്രിയും സമ്മതിച്ചിട്ടില്ല. ഉപഗ്രഹ സർവേയാണോ നേരിട്ടുള്ള സർവേയാണോ സുപ്രീം കോടതിയിൽ സമർപ്പിക്കുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. കാര്യത്തിന്റെ ഗൗരവം മനസിലാക്കാതെ കർഷകരെ വഴിയാധാരമാക്കാനാണ് സർക്കാർ ശ്രമം. സഭാമേലധ്യക്ഷൻമാരുടെ അഭിപ്രായങ്ങളെ ഗൗരവത്തോടെ കാണണം. ദുരഭിമാനം വെടിഞ്ഞ് കർഷക താൽപര്യം സംരക്ഷിക്കാൻ സർക്കാർ തയ്യാറാവണം. യു.ഡി.എഫ് കർഷകർക്കൊപ്പം തന്നെയാണ്. റിപ്പോർട്ട് തള്ളിയില്ലെങ്കിൽ ശക്തമായ സമരപരിപാടികളിലേക്ക് യു.ഡി.എഫ് കടക്കുമെന്നും ചെന്നിത്തല മുന്നറിയിപ്പ് നൽകി. പെരിയ ഇരട്ടക്കൊലക്കേസിലെ പ്രതികളുടെ വക്കാലത്ത് സി.കെ.ശ്രീധരൻ ഏറ്റെടുത്തത് പ്രതിഷേധാർഹമാണ്. പാർട്ടി മാറിയതിന്റെ പേരിൽ പെരിയ കൊലപാതകികളെ രക്ഷിക്കുന്നത് വഞ്ചനയാണെന്നും സി.കെ ശ്രീധരൻ വക്കാലത്തിൽനിന്നു പിൻമാറണമെന്നും പഴയ സുഹൃത്തെന്ന നിലയിൽ പറയുകയാണെന്നും ചെന്നിത്തല വ്യക്തമാക്കി.
കോഴിക്കോട് ഡി.സി.സിയിൽ നടന്ന വാർത്താസമ്മേളനത്തിൽ പ്രസിഡന്റ് അഡ്വ. കെ പ്രവീൺകുമാർ, കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.പി.എം നിയാസ്,എൻ സുബ്രമണ്യൻ,അഡ്വ.ഐ മൂസ,ആദം മുൽസി എന്നിവർ സംബന്ധിച്ചു.