ബംഗളൂരു- രാഷ്ട്രീയ അനിശ്ചിതാവസ്ഥക്കൊടുവില്‍ കര്‍ണാടക മുഖ്യമന്ത്രിയായി ബി.എസ്. യെദ്യൂരപ്പ അധികാരമേറ്റു. രാജ്ഭവനില്‍ രാവിലെ ഒമ്പത് മണിക്കായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ്. ഭൂരിപക്ഷം തെളിയിക്കാന്‍ യെദ്യൂരപ്പക്കു മുന്നില്‍ 15 ദിവസങ്ങളുണ്ട്. മുഖ്യമന്ത്രി യെദ്യൂരപ്പ മാത്രമേ സത്യപ്രതിജ്ഞ ചെയ്തിട്ടുള്ളൂ.
രാഷ്ട്രീയ കുതിരക്കച്ചവടത്തിന് അവസരം നല്‍കിക്കൊണ്ട് യെദ്യൂരപ്പയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിച്ച ഗവര്‍ണറുടെ നടപടി ചോദ്യം ചെയ്ത് സുപ്രീം കോടതിയെ സമീപിച്ചെങ്കിലും കോണ്‍ഗ്രസിന് അവിടേയും കനത്ത തരിച്ചടിയേറ്റു. ഗവര്‍ണറുടെ നടപടി സ്റ്റേ ചെയ്യാന്‍ സുപ്രീം കോടതി ഡിവിഷന്‍ ബെഞ്ച് വിസമ്മതിക്കുകയായിരുന്നു.
വിഷയം കോടതിയുടെ പരിഗണനയിലാണെന്നും എന്നാല്‍ ബി.ജെ.പി ഭരണഘടനയെ അട്ടിമറിക്കുന്ന കാര്യം ബോധ്യപ്പെടുത്താന്‍ ജനങ്ങളിലേക്കിറങ്ങുമെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യ പറഞ്ഞു.
സുപ്രീംകോടതിയില്‍ പുലര്‍ച്ചെ നടന്ന വാശിയേറിയ അസാധാരണ വാദംകേള്‍ക്കലിലാണ് ബിജെപി സര്‍ക്കാരിന് ഇന്നു രാവിലെ സത്യപ്രതിജ്ഞ ചെയ്യുന്നതിന് തടസ്സമില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കിയത്. രണ്ടുമണിക്കൂര്‍ നീണ്ട വാദപ്രതിവാദങ്ങള്‍ക്കൊടുവിലാണു മൂന്നംഗ സുപ്രീംകോടതി ബെഞ്ചിന്റെ തീരുമാനം. ജസ്റ്റിസ് എ.കെ.സിക്രിയുടെ നേതൃത്വത്തിലുള്ള ബെഞ്ച് പുലര്‍ച്ചെ 2.10ന് തുടങ്ങിയ വാദംകേള്‍ക്കല്‍ നാലേകാലോടെയാണ് അവസാനിപ്പിച്ചത്. കര്‍ണാടക ഗവര്‍ണറുടെ തീരുമാനം സ്റ്റേ ചെയ്യണമെന്ന ആവശ്യം തള്ളിയ കോടതി, ഗവര്‍ണറുടെ ഓഫിസിന് നോട്ടിസ് അയക്കുമെന്ന് അറിയിച്ചു. സര്‍ക്കാരിയ കമ്മിഷന്‍ ശുപാര്‍ശ പ്രകാരം, സര്‍ക്കാരുണ്ടാക്കാന്‍ മൂന്നാമത്തെ പരിഗണന നല്‍കേണ്ടതു തിരഞ്ഞെടുപ്പിനു ശേഷമുള്ള സഖ്യത്തിനാകണമെന്നും അതു കഴിഞ്ഞേ തനിച്ചു ഭൂരിപക്ഷമില്ലാത്ത വലിയ ഒറ്റക്കക്ഷിയെ പരിഗണിക്കേണ്ടതുള്ളൂ എന്നും കോണ്‍ഗ്രസിനു വേണ്ടി മുതിര്‍ന്ന നേതാവും അഭിഭാഷകനുമായ അഭിഷേക് മനു സിങ്വി വാദിച്ചു. ഗോവയിലും മണിപ്പുരിലും മേഘാലയയിലും ഏറ്റവും വലിയ ഒറ്റക്കക്ഷിയല്ല സര്‍ക്കാര്‍ ഉണ്ടാക്കിയതെന്നും സിങ്‌വി ചൂണ്ടിക്കാട്ടി.
കേന്ദ്ര സര്‍ക്കാരിനുവേണ്ടി ഹാജരായ അഡിഷനല്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയും ബിജെപിക്കു വേണ്ടി ഹാജരായ മുന്‍ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹ്തഗിയും സിങ്വിയുടെ വാദങ്ങളെ എതിര്‍ത്തു. അറ്റോര്‍ണി ജനറള്‍ കെ.കെ. വേണുഗോപാലും സുപ്രീം കോടതിയില്‍ എത്തിയിരുന്നു.
തീരുമാനത്തിന്റെ രേഖകളൊന്നും പരിഗണിക്കാതെ ഗവര്‍ണറുടെ അധികാരത്തില്‍ ഇപ്പോള്‍ ഇടപെടുന്നതെങ്ങനെയെന്നു സുപ്രീംകോടതി ചോദിച്ചു. ഗവര്‍ണറുടെ തീരുമാനം വിലക്കിയാല്‍ സംസ്ഥാനത്തെ ഭരണരംഗത്തു ശൂന്യതയുണ്ടാകില്ലേ എന്ന കോടതിയുടെ ചോദ്യത്തിന് ഇടക്കാല സര്‍ക്കാര്‍ ഉണ്ടെന്നായിരുന്നു സിങ്വിയുടെ മറുപടി. സഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ 15 ദിവസം അനുവദിക്കുന്നത് കേട്ടുകേള്‍വി ഇല്ലാത്തതാണെന്നും 116 സീറ്റുള്ളവരെ അവഗണിച്ച് 104 സീറ്റുള്ളവരെ സത്യപ്രതിജ്ഞയ്ക്കു ക്ഷണിക്കുന്നതു മുറിവേറ്റവരെ അപമാനിക്കുന്നതിനു തുല്യമാണെന്നും സിങ്‌വി പറഞ്ഞു.