പാലക്കാട് - ആയിരമാ പറഞ്ഞത് പക്ഷേ, ആളൊഴുകിയപ്പോൾ 1500 ബിരിയാണിയിലും നിർത്തിയില്ല ഹോട്ടലുടമ. മെസി കപ്പുയർത്തിയ സന്തോഷത്തിൽ ഇതൊക്കെ എന്ത് എന്നാണ് റോക്ക് ലാന്റ് ഹോട്ടലുടമ ഷിബു പൊറത്തൂർ ചോദിച്ചത്.
'എല്ലാരും വയറുനിറച്ച് ബിരിയാണി കഴിക്കുക. ഇതാണ് നമ്മുടെ സന്തോഷം. ഞാൻ നേരത്തെ പറഞ്ഞത് അർജന്റീന കപ്പടിച്ചാൽ ആയിരം ബിരിയാണി സൗജന്യമായി വിളമ്പുമെന്നാണ്. എണ്ണമൊന്നും പ്രശ്‌നമാക്കണ്ട, എല്ലാരും വന്ന് ഈ ആഘോഷത്തിൽ പങ്കുചേരുന്നതാണ് നമ്മുടെ സന്തോഷ'മെന്നും ഷിബു പറഞ്ഞു.
ഉച്ചയാകാനൊന്നും ജനങ്ങൾ കാത്തുനിന്നില്ല. പള്ളിമൂലയിലെ ഹോട്ടൽ റോക്ക് ലാന്റിലേക്ക് രാവിലെ 11 മണിയോടെ തന്നെ ജനപ്രവാഹമായിരുന്നു. അർജന്റീനയുടെ ജഴ്‌സിയണിഞ്ഞാണ് ഹോട്ടലിലുള്ളവർ ബിരിയാണി വിളമ്പിയത്. തൊട്ടടുത്തുള്ള വിമല കോളജിലേയും എൻജിനീയറിംഗ് കോളജിലേയും വിദ്യാർത്ഥികൾക്കൂടി ഹോട്ടലിലേയ്ക്ക് ഒഴുകിയതോടെ റോഡ് നിറഞ്ഞു. നീണ്ട ക്യൂവായിരുന്നു ഹോട്ടലിനു മുന്നിൽ. ഇത് കണ്ട് വഴിയാത്രക്കാരും ആവേശത്തിൽ പങ്കാളികളായി.
'ആളു കൂടിയപ്പോൾ എണ്ണമൊന്നും നോക്കിയില്ല, ആയിരത്തിയഞ്ഞൂറിലേറെ പേർക്കു ബിരിയാണി നല്കി. ഇനിയും നൽകും. തീരും വരേയും നൽകുമെന്നും' ഷിബു പറഞ്ഞു. കടുത്ത അർജന്റീന ആരാധകനായ ഷാഫി പറമ്പിൽ എം.എൽ.എയാണ് ബിരിയാണി വിതരണോദ്ഘാടനം നിർവഹിച്ചത്. കടുത്ത ഫുട്‌ബോൾ ആരാധകനും അതിലേറേ കട്ട മെസി ഫാനുമാണ് ഹോട്ടലുടമ ഷിബു.