ന്യൂദൽഹി - പ്രതിപക്ഷ ആവശ്യങ്ങളോടും ഭേദഗതി നിർദേശങ്ങളോടുമെല്ലാം മുഖംതിരിക്കുന്ന നരേന്ദ്ര മോദി സർക്കാറിനെന്തു പറ്റി? ആന്റി മാരിടൈം പൈറസി ബില്ലിൽ പ്രതിപക്ഷത്തെ എൻ.കെ പ്രേമചന്ദ്രൻ അവതരിപ്പിച്ച ഭേഭഗതികളെ ഔദ്യോഗിക ഭേഭഗതിയായി അംഗീകരിച്ചിരിക്കുകയാണ് കേന്ദ്രസർക്കാർ. ആറു ഭേദഗതി നിർദേശങ്ങളിൽ രണ്ടെണ്ണമാണ് സ്വീകരിച്ചതെങ്കിലും, പ്രതിപക്ഷ അംഗം കൊണ്ടുവന്ന ഭേദഗതി നിർദ്ദേശങ്ങൾ നരേന്ദ്ര മോദി സർക്കാർ അംഗീകരിക്കുന്നത് ഇതാദ്യമാണെന്നതാണ് സവിശേഷത.
ആർ.എസ്.പി നേതാവും കൊല്ലം എം.പിയും മുൻ സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രിയുമായ എൻ.കെ പ്രേമചന്ദ്രൻ മികച്ച പാർലമെന്റേറിയനാണ്. ഓരോ പ്രശ്‌നങ്ങളിലും വിഷയം പഠിച്ച് അവതരിപ്പിക്കുന്ന ഇദ്ദേഹം ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ സർവരുടേയും പ്രശംസ പലപ്പോഴും പിടിച്ചുപറ്റിയതാണ്.
കൊല്ലം ലോക്‌സഭ സീറ്റിൽ സി.പി.എം മത്സരിക്കാൻ ഏകപക്ഷീയമായി തീരുമാനിച്ചതിനെ തുടർന്ന് 2014ലെ ലോക്‌സഭ തിരഞ്ഞെടുപ്പ് സമയത്ത്് ആർ.എസ്.പി കേരള ഘടകം ഇടതുമുന്നണി വിട്ട് യു.ഡി.എഫിൽ ചേരുകയായിരുന്നു. അന്ന് പിണറായി വിജയൻ പ്രേമചന്ദ്രനെതിരെ നടത്തിയ പരനാറി പ്രയോഗം ഏറെ ചർച്ചയായിരുന്നു. പിന്നാലെ 2014ലെ ലോക്‌സഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി കൊല്ലത്ത് നിന്ന് തിളക്കമാർന്ന നേട്ടവുമായാണ് പ്രേമചന്ദ്രൻ ഇന്ദ്രപ്രസ്ഥത്തിലേക്ക് വണ്ടികയറിയത്. അന്ന് സി.പി.എം പൊളിറ്റ്ബ്യൂറോ അംഗവും മുൻ വിദ്യാഭ്യാസ മന്ത്രിയുമായ എം.എ ബേബിയെയാണ് എൻ.കെ പ്രേമചന്ദ്രൻ തറപറ്റിച്ചത്. 2019-ലും കൊല്ലം സീറ്റ് പിടിച്ചെടുക്കൽ അഭിമാന പ്രശ്‌നമായി കണ്ട് സി.പി.എം മുൻ രാജ്യസഭാംഗവും നിലവിൽ ധനമന്ത്രിയുമായ കെ.എൻ ബാലഗോപാലിനെ സർവ്വ സന്നാഹങ്ങളുമായി നിയോഗിച്ചെങ്കിലും പ്രമേചന്ദ്രന് വെല്ലുവിളി ഉയർത്താനായില്ല. പാർല്ലമെന്റിന്റെ ഓരോ സെഷനിലും കൃത്യമായി വിഷയങ്ങൾ പഠിച്ച് അവതരിപ്പിക്കുന്ന പ്രേമചന്ദ്രന്റെ അസാമാന്യമായ അവതരണം സഭക്കകത്തും പുറത്തുമെല്ലാം ഒരുപോലെ ശ്രദ്ധിക്കപ്പെട്ടതാണ്.