ഭോപ്പാല്‍- മെഡിസിനും എന്‍ജിനീയറിംഗും അടക്കം എല്ലാ കോഴ്‌സുകളും ഇന്ത്യന്‍ ഭാഷകളില്‍ പഠിപ്പിക്കണമെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു.
ഉപരാഷ്ട്രപതി എന്ന നിലയിലും ഇന്ത്യന്‍ പൗരന്‍ എന്ന നിലയിലും എന്റെ ആഗ്രഹം ഇതാണ്. വരുംനാളുകളില്‍ മെഡിസിനും എന്‍ജിനീയറിംഗും അടക്കമുള്ള കോഴ്‌സുകള്‍ ഹിന്ദിയിലും മറ്റ് ഇന്ത്യന്‍ ഭാഷകളിലും പഠിപ്പിക്കണം-അദ്ദേഹം പറഞ്ഞു.
ഭോപ്പാലില്‍ ജേണലിസം സ്‌കൂളില്‍ സംസാരിക്കുകയായിരുന്നു ഉപരാഷ്ട്രപതി. ഈ മാറ്റം സാധിക്കണമെങ്കില്‍ ആദ്യം നമ്മുടെ മനോനില മാറണം. ഒരാളുടെ സ്വന്തം ഭാഷയിലാണെങ്കില്‍ ഹൃദയം തുറന്നു സംസാരിക്കാം. ഞാന്‍ ഇംഗ്ലീഷ് പഠിക്കുന്നതിന് എതിരല്ല. ഇംഗ്ലീഷും പഠിക്കണം. പക്ഷേ അതിനു മുമ്പ് നമ്മുടെ മാതൃഭാഷ അത് ഹിന്ദിയാകട്ടെ, തെലുഗവും പഞ്ചാബിയും മറാത്തിയുമാകട്ടെ, പഠിക്കണം- വെങ്കയ്യ നായിഡു പറഞ്ഞു.
മാതൃഭാഷ നമ്മുടെ കണ്ണാണെങ്കില്‍ ഭാഷകള്‍ കണ്ണട മാത്രമാണ്. കണ്ണുകള്‍ക്ക് മുകളിലാണ് കണ്ണട ധരിക്കാറുള്ളത്. പക്ഷേ കണ്ണുകളിലെങ്കില്‍ പിന്നെ കാഴ്ചയുണ്ടോ- ഉപരാഷ്ട്രപതി ചോദിച്ചു. ബ്രിട്ടീഷുകാര്‍ അവരുടെ ഭാഷ ഇവിടെ സ്ഥാപിക്കാനാണ് ജോലി ലഭിക്കാന്‍ പഠിപ്പ് നിര്‍ബന്ധമാക്കിയത്. പഠനവും അധ്യാപനവും ഇന്ത്യന്‍ ഭാഷകളില്‍ പ്രോത്സാഹിപ്പിക്കുന്നില്ലെങ്കില്‍ വരും തലമുറക്ക് അവരുടെ സ്വന്തം ഭാഷ സംസാരിക്കാനാകില്ല-അദ്ദേഹം പറഞ്ഞു.
നിയമനിര്‍മാണ സഭകള്‍ തടസ്സപ്പെടുന്ന കാര്യവും ഉപരാഷ്ട്രപതിയുടെ പ്രസംഗത്തില്‍ വിഷയമായി. സഭ സംവാദത്തിനും ചര്‍ച്ചകള്‍ക്കുമുള്ളതാണ്. അവ നടന്നില്ലെങ്കില്‍ ജനാധിപത്യം ദുര്‍ബലമാകും. സര്‍ക്കാരിനെതിരെ സംസാരിക്കാന്‍ ജനാധിപത്യത്തില്‍ അവകാശമുണ്ട്. എന്നാല്‍ സഭ തടസ്സപ്പെടുത്തുന്നത് തെറ്റാണ്. നേതാക്കളെ തെരഞ്ഞെടുക്കുമ്പോള്‍ നാല് സി കള്‍ പരിഗണിക്കണം-കാരക്ടര്‍, കാലിബര്‍, കപ്പാസിറ്റി, കോണ്ടാക്ട്.. പക്ഷേ ഇപ്പോഴത്തെ രാഷ്ട്രീയത്തില്‍ നാല് സി കള്‍ കാസ്റ്റ്, കമ്മ്യൂണിറ്റി, കാഷ്, ക്രിമിനലിറ്റി എന്നിവയായി മാറിയിരിക്കയാണെന്നും ഉപരാഷ്ട്രപതി പറഞ്ഞു.