തിരുവനന്തപുരം- സംസ്ഥാന ഭക്ഷ്യ സുരക്ഷ സൂചികയില്‍ രണ്ടില്‍ നിന്നും ആറിലേക്ക് പിന്തള്ളപ്പെട്ട് കേരളം. പതിനെട്ട് സംസ്ഥാനങ്ങളാണ് പട്ടികയില്‍ ഉള്‍പ്പെട്ടത്.
തമിഴ്‌നാട് 82 പോയിന്റോടെ ഒന്നാം സ്ഥാനത്തും ഗുജറാത്ത് 77.5 പോയിന്റോടെ രണ്ടാം സ്ഥാനത്തും എത്തിയപ്പോള്‍ മൂന്നാമത് മഹാരാഷ്ട്രയും നാലാമത് ഹിമാചല്‍ പ്രദേശുമാണ് പട്ടികയിലുള്ളത്. മധ്യപ്രദേശും പശ്ചിമ ബംഗാളും അഞ്ചാം സ്ഥാനം പങ്കിട്ടു. ഇവര്‍ക്കു പിന്നിലാണ് കേരളത്തിന്റെ സ്ഥാനം.
അഞ്ച് മാനദണ്ഡങ്ങളാണ് പട്ടികയില്‍ ഇടം നേടാന്‍ പരിഗണിച്ചത്. അതില്‍ ലബോറട്ടറികളുടെ ഗുണനിലവാരത്തില്‍ മാത്രമാണ് കേരളം മുമ്പിലെത്തിയത്. കേരളത്തിലെ മൂന്ന് ലബോറട്ടറികള്‍ ദേശീയ തലത്തില്‍ അംഗീകാരം നേടി. സംസ്ഥാന- ജില്ലാതല സ്റ്റിയറിങ് കമ്മിറ്റിയുടെ തീരുമാനം നടപ്പാക്കുന്നതിലും നിയമ ലംഘനങ്ങള്‍ക്കുളള പിഴ ഈടാക്കുന്നത് തീര്‍പ്പാക്കാനും കേരളത്തിന് മുന്നേറ്റം കാഴ്ചവെയ്ക്കാനായില്ല. കൂടാതെ ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേഴ്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ പദ്ധതി നടത്തിപ്പിലും ഉപഭോക്താക്കള്‍ക്കുളള ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളിലും മികവു പുലര്‍ത്താന്‍ കേരളത്തിനായില്ല.
ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ട് പ്രത്യേക ഡ്രൈവ് നടത്തുക, ക്യാമ്പുകള്‍ സംഘടിപ്പിക, ഹെല്‍പ്പ് ഡെസ്‌ക് സംവിധാനം തുടങ്ങുക, ഉപഭോക്തൃ പരാതികള്‍ക്ക് പരിഹാരം കാണുക തുടങ്ങിയ മാനദണ്ഡങ്ങളില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് കേരളം മികച്ച നിലവാരമല്ല പ്രകടിപ്പിച്ചത്. ഇതൊക്കെ പിറകോട്ടേക്ക് പോകാനുള്ള കാരണങ്ങളായി.