ന്യൂദൽഹി- കർണാടകയിൽ ബി.ജെ.പിയെ സർക്കാർ രൂപീകരിക്കാൻ ക്ഷണിച്ച ഗവർണറുടെ നടപടിക്കെതിരെ കോൺഗ്രസ് നൽകിയ ഹരജി സുപ്രീം കോടതി പരിഗണിക്കുന്നു. മുകുൾ രോഹ്തഗിയാണ് ബി.ജെ.പിക്ക് വേണ്ടി ഹാജരാകുന്നത്. കോൺഗ്രസിന് വേണ്ടി മനു അഭിഷേക് സിംഗ് വിയാണ് കോടതിയിൽ എത്തിയത്. ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. 111 സീറ്റാണ് ഭൂരിപക്ഷത്തിന് ആവശ്യമെന്ന് കോൺഗ്രസ്-ജെ.ഡി.എസ് സഖ്യത്തിന് 117 സീറ്റുണ്ടെന്ന് മനു അഭിഷേക് സിംഗ്് വിയുടെ വാദം. ഈ സഖ്യത്തെ പിന്തുണക്കുന്ന എം.എൽ.എമാരുടെ പിന്തുണക്കത്ത് ഇന്നലെ തന്നെ ഗവർണറെ ഏൽപ്പിച്ചിട്ടും അത് പരിഗണിച്ചില്ലെന്നും അഭിഷേക് സിംഗ് വി ആരോപിച്ചു. ജെ.ഡി.എസ് നേതാവ് ഡാനിഷ് അലിയും സുപ്രീം കോടതിയിൽ എത്തി.
കേവലഭൂരിപക്ഷത്തിന് ആവശ്യമായ അംഗങ്ങളുടെ പിൻബലമില്ലെന്ന് വ്യക്തമായിട്ടും ഏറ്റവും വലിയ കക്ഷി എന്ന നിലയിൽ ബി.ജെ.പിയെ സർക്കാറുണ്ടാക്കാനായി ഗവർണർ ക്ഷണിക്കുകയായിരുന്നു. വ്യാഴാഴ്ച്ച രാവിലെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്ന യെദിയൂരപ്പക്ക് ഭൂരിപക്ഷം തെളിയിക്കാൻ പതിനഞ്ച് ദിവസത്തെ സാവകാശവും നൽകി. രാവിലെ ഒൻപതിന് കർണാടകയുടെ മുഖ്യമന്ത്രിയായി എഴുപത്തിയഞ്ചുകാരനായ യെദിയൂരപ്പ അധികാരമേൽക്കുമെന്ന് ബി.ജെ.പി അറിയിച്ചു. യെദിയൂരപ്പയുടെ സ്ഥാനാരോഹണത്തിന് പ്രധാനമന്ത്രി നരേന്ദ്രമോഡിയും ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ഷായുമെത്തുമെന്നും പാർട്ടി കേന്ദ്രങ്ങൾ വ്യക്തമാക്കി. യെദിയൂരപ്പയെ മുഖ്യമന്ത്രിയായി അധികാരമേൽക്കാൻ ക്ഷണിച്ച് ഗവർണറുടെ ഓഫീസ് അറിയിപ്പ് വരുന്നതിനുമുമ്പ് തന്നെ ഇക്കാര്യം ബി.ജെ.പിയുടെ ഐ.ടി സെൽ ട്വീറ്റ് ചെയ്തിരുന്നു. വിവാദമായതോടെ ട്വീറ്റ് പിൻവലിച്ചെങ്കിലും ഗവർണറും ബി.ജെ.പിയും തമ്മിലുള്ള ഒത്തുകളിയുടെ ഏറ്റവും ഒടുവിലെ തെളിവാണിതെന്ന് കോൺഗ്രസും ജെ.ഡി.എസും ആരോപിച്ചു.
ബി.ജെ.പിയെ സർക്കാറുണ്ടാക്കാൻ ക്ഷണിച്ച ഗവർണറുടെ നടപടിക്കെതിരെ കോൺഗ്രസ് സുപ്രീം കോടതി ചീഫ് ജസ്റ്റീസിന് പരാതി നൽകി. ഇന്നലെ രാത്രി കോൺഗ്രസ് നേതാക്കൾ ചീഫ് ജസ്റ്റീസ് ദീപക് മിശ്രയെ നേരിൽ കണ്ട് പരാതി നൽകിയത്. സത്യപ്രതിജ്ഞ തടയണമെന്നും ഗവർണർ പക്ഷപാതപരമായി പെരുമാറുന്നുവെന്നും പരാതിയിൽ ആരോപിക്കുന്നു. കോൺഗ്രസിന്റെ നിയമപോരാട്ടങ്ങൾക്കായി കോൺഗ്രസ് നേതാക്കളായ കപിൽ സിബൽ, മനു അഭിഷേക് സിംഗ്‌വി, വിവേക് തങ്ക എന്നിവരാണ് രംഗത്തുള്ളത്. ചീഫ് ജസ്റ്റീസിന്റെ വീടിന് മുന്നിൽ വൻ പോലീസ് സന്നാഹത്തെ വിന്യസിച്ചു. വീടിന് മുന്നിൽ ബാരിക്കേഡുകളും തീർത്തു.
224 അംഗ നിയമസഭയിൽ 104 പേരുടെ പിന്തുണയാണ് ബി.ജെ.പിക്കുള്ളത്. അതേസമയം, കോൺഗ്രസ്-ജെ.ഡി.എസ് സഖ്യത്തിന് 116 പേരുടെ പിന്തുണയുണ്ട്. ഒരു സ്വതന്ത്ര അംഗത്തിന്റെ പിന്തുണ കൂടി ഈ സഖ്യം ഉറപ്പിച്ചിട്ടുണ്ട്. 117 പേരുടെ പിന്തുണയുണ്ടെന്ന് കോൺഗ്രസ്-ജെ.ഡി.എസ് സഖ്യം ഗവർണറെ നേരിൽ കണ്ട് വ്യക്തമാക്കിയെങ്കിലും വഴങ്ങാൻ മുൻ ബി.ജെ.പി-ആർ.എസ്.എസ് സഹയാത്രികനായ ഗവർണർ തയ്യാറായില്ല.
കുതിരക്കച്ചവടത്തിനാണ് ഗവർണർ ഒത്താശ ചെയ്യുന്നതെന്ന് കോൺഗ്രസ് ആരോപിച്ചു. നൂറു കോടി രൂപയും മന്ത്രി സ്ഥാനവും തന്റെ പാർട്ടിയിലെ ചില എം.എൽ.എമാർക്ക് വാഗ്ദാനം നൽകിയതായി ജെ.ഡി.എസ് നേതാവ് എച്ച്.ഡി കുമാരസ്വാമി പറഞ്ഞു. വാഗ്ദാനം ചെയ്ത പണം കള്ളപ്പണമാണോ രേഖകളുള്ളതാണോ എന്നും കുമാരസ്വാമി പരിഹസിച്ചു. ഓരോ എം.എൽ.എമാർക്കുമാണ് ഈ തുക വാഗ്ദാനം ചെയ്തത്. ജെ.ഡി.എസ് ഒരിക്കലും ബി.ജെ.പിയുമായി സഖ്യത്തിനില്ലെന്നും അവർ പിന്തുണ തേടിയിരുന്നെന്നും കുമാരസ്വാമി പറഞ്ഞു. ജനങ്ങൾ ബി.ജെ.പി സർക്കാറിനെ ആഗ്രഹിക്കുന്നില്ല. ജെ.ഡി.എസും കോൺഗ്രസും വ്യക്തമായ ഭൂരിപക്ഷം ഗവർണറെ ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും കുമാരസ്വാമി ഗവർണറെ സന്ദർശിച്ച ശേഷം വ്യക്തമാക്കി.
പ്രധാനമന്ത്രി നരേന്ദ്രമോഡി കുതിരക്കച്ചവടത്തിന് നേതൃത്വം നൽകുകയാണെന്ന് കർണാടക കാവൽ മുഖ്യമന്ത്രി സിദ്ധരാമയ്യ ആരോപിച്ചു.
നൂറു കോടി രൂപ വാഗ്ദാനം ചെയ്തുവെന്ന ആരോപണം തെറ്റാണെന്നും ഭാവനാത്മകമാണെന്നും ബി.ജെ.പി വ്യക്തമാക്കി. നിയമത്തിനനുസരിച്ച് മാത്രമാണ് ബി.ജെ.പി മുന്നോട്ടുപോകുന്നതെന്നും കുതിരക്കച്ചവടം നടത്തില്ലെന്നും ബി.ജെ.പി വ്യക്തമാക്കി.
അതിനിടെ, കോൺഗ്രസ്-ജെ.ഡി.എസ് എം.എൽ.എമാരെ ടൂറിസ്റ്റ് റിസോർട്ടിലേക്ക് മാറ്റി. എം.എൽ.എമാർ ബി.ജെ.പി പാളയത്തിലേക്ക് പോകുമോ എന്ന് ഭയന്നാണ് നീക്കം.
കർണാടകയിൽ സർക്കാർ രൂപീകരിക്കാൻ കോൺഗ്രസ് പിന്തുണയോടെ ജനതാദൾ എസ് നേതാവ് എച്ച്.ഡി കുമാരസ്വാമിയെ ഗവർണർ ക്ഷണിച്ചില്ലെങ്കിൽ സുപ്രീംകോടതിയെ സമീപിക്കുമെന്ന് കോൺഗ്രസ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകനായ ഹരീഷ് സാൽവേ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
ബി.ജെ.പി തന്നെ നിയമിച്ചിരിക്കുന്ന ഗവർണർമാർ മറ്റൊരു തീരുമാനം എടുക്കുമെന്നു പ്രതീക്ഷിക്കേണ്ടതില്ലെന്നാണ് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞത്. കേന്ദ്ര മന്ത്രിമാരടക്കം ഇത്തരം പ്രവണതകളെ പിന്തുണക്കുന്നതാണ് കാണുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഗവർണർ കുതിരക്കച്ചവടത്തെ പ്രോത്സാഹിപ്പിക്കരുതെന്ന് കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ് പറഞ്ഞു.