Sorry, you need to enable JavaScript to visit this website.

കേരളത്തില്‍നിന്ന് ലണ്ടനിലേക്ക് സൈക്കിളില്‍; ഫായിസ് അലി ജിദ്ദയില്‍

ജിദ്ദ- തിരുവനന്തപുരത്തുനിന്ന് സൈക്കിളില്‍ ലണ്ടനിലേക്ക് പുറപ്പെട്ട കോഴിക്കോട് തലക്കുളത്തൂര്‍ സ്വദേശി ഫായിസ് അഷ്‌റഫ് അലി ജിദ്ദയില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് സന്ദര്‍ശിച്ചു. യാത്രയുടെ വിശദാംശങ്ങള്‍ ചോദിച്ചറിഞ്ഞ കോണ്‍സല്‍ ജനറല്‍ മുഹമ്മദ് ഷാഹിദ് ആലം എല്ലാ സഹായവും വാഗ്ദാനം ചെയ്തു. കോണ്‍സുലേറ്റിലെ മറ്റ് ഉദ്യോഗസ്ഥരും സ്വീകരണത്തില്‍ പങ്കെടുത്തു.
ഓഗസ്റ്റ് 15 നാണ് ഫായിസ് രണ്ട് ഭൂഖണ്ഡങ്ങളിലെ 35 രാജ്യങ്ങള്‍ താണ്ടിയുള്ള സൈക്കിള്‍ യാത്ര ആരംഭിച്ചത്. ലോകസമാധാനം, ആരോഗ്യ സംരക്ഷണം, സീറോ കാര്‍ബണ്‍, മയക്കുമരുന്നിനെതിരെയുള്ള ബോധവല്‍ക്കരണം തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് 450 ദിവസം സൈക്കിളില്‍ യാത്ര ചെയ്യുന്നത്.
ഒമാനില്‍നിന്ന് യു.എ.ഇയിലെത്തിയ ഫായിസ് അല്‍ഐന്‍ ഒഴികെയുള്ള എല്ലാ എമിറേറ്റുകളിലും സഞ്ചരിച്ച ശേഷമാണ് സൗദിയില്‍ കാലു കുത്തിയത്.
ലോകകപ്പിന് വേദിയായ ഖത്തറിലേക്കുള്ള ആദ്യ ഹയ്യാ കാര്‍ഡ് യാത്രക്കാരനായിരുന്നു ഫായിസ്. ഖത്തറും സൗദിയും അതിര്‍ത്തി പങ്കിടുന്ന അബൂസംറ വഴിയാണ് ഖത്തറില്‍ പ്രവേശിച്ചത്. ഖത്തറില്‍ 11 ദിവസം ചെലവഴിച്ച ശേഷമാണ് വീണ്ടും സൗദിയിലെത്തിയത്. പിന്നീട് ഹുഫൂഫ്, ദമാം വഴി ബഹ്‌റൈനിലേക്ക് പോയി. ആറു ദിവസം അവിടെ തങ്ങിയ ശേഷം വീണ്ടും സൗദിയിലെത്തി.
ദമാം വഴി കുവൈത്തിലേക്കാണ് അടുത്തയാത്ര. അവിടെ നിന്ന് ഇറാന്‍, ഇറാഖ്, അസൈര്‍ബൈജാന്‍, ജോര്‍ജിയ അങ്ങിനെയാണ് യൂറോപ്പിലേക്കുള്ള റൂട്ട്.

 

Latest News