Sorry, you need to enable JavaScript to visit this website.

'പുറത്ത് സിംഹം, ഉള്ളിൽ എലിയെപ്പോലെ, ഒരു നായയുടെ ത്യാഗം പോലും ഉണ്ടായില്ല'; മോദിക്കെതിരെ ആഞ്ഞടിച്ച് ഖാർഗെ

അൽവാർ (രാജസ്ഥാൻ) - ബി.ജെ.പിക്കും കേന്ദ്ര സർക്കാറിനുമെതിരെ ആഞ്ഞടിച്ച് എ.ഐ.സി.സി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. അരുണാചൽ പ്രദേശിലെ തവാങിൽ അടുത്തിടെയുണ്ടായ ഇന്ത്യ-ചൈന ഏറ്റുമുട്ടലിനെക്കുറിച്ച് കേന്ദ്രം വസ്തുതകൾ മറച്ചുവെക്കുകയാണെന്നു പറഞ്ഞ അദ്ദേഹം, പധാനമന്ത്രി പുറത്ത് സിംഹത്തെപ്പോലെ സംസാരിക്കുമെങ്കിലും ഉള്ളിൽ എലിയെപ്പോലെയാണ് പ്രവർത്തിക്കുന്നതെന്നും വ്യക്തമാക്കി. ഞങ്ങൾ രാജ്യത്തിനൊപ്പമാണെന്നും പക്ഷേ, സർക്കാർ വിവരങ്ങൾ മറച്ചുവെക്കുകയാണെന്നും ഖാർഗെ വിശദീകരിച്ചു. ഭാരത് ജോഡോ യാത്രയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
 തന്റെ പാർട്ടി നേതാക്കൾ രാജ്യത്തിന് വേണ്ടി ജീവൻ ബലിയർപ്പിച്ചിട്ടുണ്ട്. എന്നാൽ ബി.ജെ.പിയുടെ ഏതെങ്കലും നേതാവ് അങ്ങനെ ചെയ്തിട്ടുണ്ടോ എന്നും ഖാർഗെ ചോദിച്ചു. മോദി സർക്കാർ ശക്തരാണെന്ന് അവകാശപ്പെടുമ്പോഴും അതിർത്തിയിൽ തർക്കങ്ങളും ഏറ്റുമുട്ടലുകളും തുടരുകയാണ്. നമ്മുടെ 20 സൈനികർ ഗാൽവാനിലെ അതിർത്തിയിൽ വീരമൃത്യു വരിച്ചതിനുശേഷം മോദി 18 തവണ പ്രസിഡന്റുമായി കൂടിക്കാഴ്ച്ച നടത്തി. ഇത്രയുമൊക്കെ ചെയ്തിട്ടും എന്തുകൊണ്ടാണ് അതിർത്തിയിൽ ഇങ്ങനെ സംഭവിക്കുന്നത്. ചൈനയുടെ ആക്രമണത്തെക്കുറിച്ച് ചർച്ച നടത്തണം. സർക്കാർ പാർല്ലമെന്റിൽ ചർച്ചയ്ക്ക് തയ്യാറാകുന്നില്ലെന്നും ഇന്ത്യ-ചൈന അതിർത്തിയിലെ നുഴഞ്ഞുകയറ്റം തടയാൻ കേന്ദ്രത്തിന് കഴിയുന്നില്ല. രാജ്യത്തെ ജനങ്ങളെ ജാതി, പ്രദേശം, മതം എന്നിങ്ങനെ വിഭജിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. ജനാധിപത്യത്തിന്റെ ധാർമ്മികത ഇല്ലാതാക്കുകയാണ്. ഭരണഘടനാ സ്ഥാപനങ്ങളുടെ സ്വയംഭരണാവകാശം വെല്ലുവിളിക്കുന്നു. അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്യുന്നതായും ഖാർഗെ കുറ്റപ്പെടുത്തി.
  'കോൺഗ്രസ് രാജ്യത്തിന് സ്വാതന്ത്ര്യം നേടിത്തന്നു. ഇന്ദിരാ ഗാന്ധിയും രാജീവ് ഗാന്ധിയും രാജ്യത്തിന്റെ ഐക്യത്തിനായി ജീവൻ ബലിയർപ്പിച്ചു. ഞങ്ങളുടെ പാർട്ടി നേതാക്കൾ അവരുടെ ജീവൻ നല്കി. ബി.ജെ.പി എന്താണ് ചെയ്തത്? നിങ്ങളുടെ ഏതെങ്കിലും നായ രാജ്യത്തിന് വേണ്ടി മരിച്ചോ? ഏതെങ്കിലും കുടുംബാംഗങ്ങൾ എന്തെങ്കിലും ത്യാഗം ചെയ്തിട്ടുണ്ടോ? ഇല്ല!' -ഖാർഗെ വ്യക്തമാക്കി. 
 ബി.ജെ.പിയുടെ കപട ഭാഷാസ്‌നേഹത്തിന്റെ പൊയ്മുഖം തുറന്നുകാട്ടി ജാഥാ നായകൻ രാഹുൽ ഗാന്ധിയും സംസാരിച്ചു. സ്‌കൂളുകളിൽ ഇംഗ്ലീഷ് പഠിപ്പിക്കാൻ ബി.ജെ.പി ആഗ്രഹിക്കുന്നില്ലെങ്കിലും അവരുടെ എല്ലാ നേതാക്കളുടെയും മക്കൾ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലാണ് പഠിക്കുന്നത്. എന്നാൽ പാവപ്പെട്ട കർഷകരുടെയും തൊഴിലാളികളുടെയും കുട്ടികൾ ഇംഗ്ലീഷ് പഠിച്ച് വലിയ സ്വപ്‌നങ്ങൾ സാക്ഷാത്കരിക്കണമെന്ന് അവർ ആഗ്രഹിക്കുന്നില്ലെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി.
  രാഷ്ട്രഭാഷയും മാതൃഭാഷയുമെല്ലാം മക്കൾ പഠിക്കണം, സ്‌നേഹിക്കണം സംശയമില്ല. പക്ഷേ, നമുക്ക് ലോകമെമ്പാടുമുള്ള ജനങ്ങളോട് സംസാരിക്കണമെങ്കിൽ ഇംഗ്ലീഷ് അനിവാര്യമാണ്. ഹിന്ദിയോ തമിഴോ പോലുള്ള മറ്റ് ഭാഷകൾ പഠിക്കരുതെന്നല്ല. ലോകവുമായി സംവദിക്കാനും മത്സരമുഖത്ത് നമ്മുടെ മക്കൾ പിന്നാക്കം പോകാതിരിക്കാനും മാതൃഭാഷക്കൊപ്പം ഇംഗ്ലീഷ് അറിയണമെന്നും സംഘപരിവാറിന്റെ കപട ഭാഷാഭ്രാന്ത് തരിച്ചറിയണമെന്നും അദ്ദേഹം ഓർമിപ്പിച്ചു.
 

Latest News