പട്ടിക ജാതി, വര്‍ഗ അതിക്രമം തടയല്‍ നിയമം ദുര്‍ബലമാക്കുന്ന ഉത്തരവ് റദ്ദാക്കാന്‍ സുപ്രീം കോടതി വിസമ്മതിച്ചു
ന്യൂദല്‍ഹി- പട്ടിക ജാതി, പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്കെതിരായ അതിക്രമം തടയുന്ന നിയമം ദുര്‍ബലമാക്കിയ വിധി സ്്‌റ്റേ ചെയ്യാന്‍ സുപ്രീം കോടതി വിസമ്മതിച്ചു. ഏകപക്ഷീയമായി ഒരാളെ അറസ്റ്റ് ചെയ്യാനാവില്ല. ജീവിക്കാന്‍ ഭരണഘടന നല്‍കുന്ന അവകാശങ്ങളും വ്യക്തി സ്വാതന്ത്ര്യവും ഉറപ്പാക്കാന്‍ കോടതിക്കു ബാധ്യതയുണ്ടെന്നും ജസ്റ്റിസുമാരായ എ.കെ.ഗോയല്‍, യു.യു.ലളിത് എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. കേന്ദ്രസര്‍ക്കാര്‍ നല്‍കിയ പുനഃപരിശോധനാ ഹരജി പരിഗണിക്കുന്നത് കോടതി ജൂലൈയിലേക്ക് മാറ്റി.
കോടതി വിധിക്കെതിരെ നല്‍കിയ പുനഃപരിശോധന ഹരജികള്‍ നിയമപരമായി നിലനില്‍ക്കാത്തതാണെന്നു കോടതി വ്യക്തമാക്കി. ഏകപക്ഷീയമായ അറസ്റ്റ് എന്ന വാള്‍ വ്യക്തികള്‍ക്ക് മേല്‍ തൂങ്ങിക്കിടക്കുകയാണെങ്കില്‍ നമ്മള്‍ ജീവിക്കുന്നത് പരിഷ്‌കൃത സമൂഹത്തില്‍ അല്ലെന്ന് വിധി പ്രസ്താവിച്ച ജസ്റ്റിസ് എ.കെ. ഗോയല്‍ നിരീക്ഷിച്ചു.
ഭരണഘടനയിലെ 21-ാം വകുപ്പ് (വ്യക്തി സ്വാതന്ത്ര്യവും ജീവിക്കാന്‍ ഭരണഘടന നല്‍കുന്ന അവകാശങ്ങളും) സംരക്ഷിക്കാന്‍ കോടതിക്ക് ബാധ്യതയുണ്ട്. നടപടി ക്രമങ്ങള്‍ പാലിക്കാതെ ആളുകളെ അറസ്റ്റ് ചെയ്യാനുള്ള നിയമം നിര്‍മിക്കാന്‍ പാര്‍ലമെന്റിന് പോലും കഴിയില്ലെന്നും കോടതി വ്യക്തമാക്കി. നടപടി ക്രമങ്ങള്‍ പാലിക്കാതെ ഒരു വ്യക്തിയെ അറസ്റ്റ് ചെയ്യുന്നത് പ്രസ്തുത വകുപ്പിന്റെ ലംഘനമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. പ്രചാരത്തിലുള്ള നിയമത്തിലെ ഒരു വ്യവസ്ഥക്ക് പകരം വെക്കാന്‍ കോടതിക്ക് സാധിക്കില്ലെന്നാണ് കേന്ദ്ര സര്‍ക്കാരിന് വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ പറഞ്ഞത്. സുപ്രീംകോടതി വേനലവധിക്ക് അടയ്ക്കുന്നതിന് മുമ്പ് പുനഃപരിശോധനാ ഹര്‍ജി പരിഗണിക്കണമെന്ന കേന്ദ്രത്തിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല.