ദോഹ-ഈ ലോകത്തിന് ഞങ്ങൾ നൽകിയ വാഗ്ദാനം മനോഹരമായി പൂർത്തിയാക്കിയിരിക്കുന്നുവെന്ന് ഖത്തർ ഭരണാധികാരി ശൈഖ് തമീം ബിൻ ഹമദ് അൽതാനി. ലോകകപ്പ് സമാപിച്ച ശേഷം നടത്തിയ ട്വീറ്റിലാണ് ശൈഖ് തമീം ബിൻ ഹമദ് അൽതാനി ഇക്കാര്യം പറഞ്ഞത്. അസാധാരണമായ രീതിയിൽ ചാമ്പ്യൻഷിപ്പ് സംഘടിപ്പിക്കുമെന്ന ഞങ്ങളുടെ വാഗ്ദാനം ഞങ്ങൾ നിറവേറ്റി, ഇത് ലോക ജനതയ്ക്ക് നമ്മുടെ സംസ്‌കാരത്തിന്റെ സമ്പന്നതയെക്കുറിച്ചും നമ്മുടെ മൂല്യങ്ങളുടെ മൗലികതയെക്കുറിച്ചും പഠിക്കാൻ അവസരമൊരുക്കിയെന്നും അമീർ പറഞ്ഞു. ലോകകപ്പ് സ്വീകരിക്കുന്നതിന് മുമ്പ് ഖത്തറിന്റെ പരമ്പരാഗത വേഷം മെസിയെ അമീർ ധരിപ്പിച്ചു. ഈ വേഷവും ധരിച്ചാണ് മെസി ലോകകപ്പ് കിരീടം ഏറ്റുവാങ്ങിയത്.