ദോഹ - ത്രസിപ്പിക്കുന്ന കളികളും അട്ടിമറികളും കൊണ്ട് ഹരം പകര്‍ന്ന ലോകകപ്പിന് പറ്റിയ സമാപനമായി നാടകീയമായ ഫൈനല്‍. ഈ ലോകകപ്പിന്റെ നോക്കൗട്ടില്‍ രണ്ടാം തവണയാണ് അര്‍ജന്റീന രണ്ടു ഗോള്‍ ലീഡ് തുലച്ചത്. നെതര്‍ലാന്റ്സിനെതിരായ പ്രി ക്വാര്‍ട്ടറിലായിരുന്നു ആദ്യം. അന്ന് എക്സ്ട്രാ ടൈമിന്റെ പതിനൊന്നാം മിനിറ്റിലാണ് അവര്‍ സമനില ഗോള്‍ വഴങ്ങിയത്. ഇത്തവണ 97 സെക്കന്റ് ഇടവേളയില്‍ കീലിയന്‍ എംബാപ്പെ അവരുടെ നെഞ്ചകം തകര്‍ത്തു. 80 മിനിറ്റ് വരെ ഫ്രാന്‍സ് ചിത്രത്തിലേയുണ്ടായിരുന്നില്ല.
ആദ്യ 80 മിനിറ്റില്‍ ഒരിക്കല്‍ പോലും ഫ്രാന്‍സിന് എതിര് ഗോളിലേക്ക് ഷോട്ട് പായിക്കാന്‍ സാധിച്ചിരുന്നില്ല. മാത്രമല്ല അര്‍ജന്റീന പെനാല്‍ട്ടി ഏരിയയില്‍ അപൂര്‍വമായാണ് അവര്‍ പന്ത് തൊട്ടത്.
ഇരുപത്തിമൂന്നാം മിനിറ്റില്‍ പെനാല്‍ട്ടിയിലൂടെ മെസ്സിയാണ് അര്‍ജന്റീനക്ക് ലീഡ് സമ്മാനിച്ചത്.
എംബാപ്പെ ചിത്രത്തില്‍ പോലുമില്ലാതിരുന്ന ആദ്യ മുക്കാല്‍ മണിക്കൂര്‍ ലിയണല്‍ മെസ്സിയും എയിംഗല്‍ ഡി മരിയയും യൂലിയന്‍ അല്‍വരേസും കളം വാണു. ഇരുപത്തിമൂന്നാം മിനിറ്റില്‍ അല്‍വരേസിന്റെ പാസുമായി ബോക്സിലേക്കു വട്ടമിട്ടു കയറിയ ഡി മരിയയെ ഉസ്മാന് ദെംബെലെ ചെറുതായി തള്ളിവീഴ്ത്തിയതിന് ലഭിച്ച പെനാല്‍ട്ടിയില്‍ നിന്ന് അര്‍ജന്റീന മുന്നിലെത്തി. ഗോളിയെ വലത്തേക്കാകര്‍ഷിച്ച് മെസ്സി ഇടത്തേക്ക് ഷോട്ട് പായിച്ചു.
ഈ ലോകകപ്പിലെ മെസ്സിയുടെ ആറാം ഗോളായിരുന്നു അത്. അതില്‍ നാലും പെനാല്‍ട്ടിയില്‍ നിന്നാണ്. പോളണ്ടിനെതിരെ മെസ്സി പെനാല്‍ട്ടി പാഴാക്കിയിരുന്നു. നെതര്‍ലാന്റ്സിനെതിരായ ഷൂട്ടൗട്ടിലും മെസ്സി ആദ്യ പെനാല്‍ട്ടി ലക്ഷ്യത്തിലെത്തിച്ചു. ലോകകപ്പിലെ പന്ത്രണ്ടാം ഗോളോടെ പെലെയുടെ ഗോള്‍നേട്ടത്തിനൊപ്പമെത്തി മെസ്സി. ആദ്യമായാണ് ഒരു ടീമിന് ലോകകപ്പില്‍ അഞ്ച് പെനാല്‍ട്ടി ലഭിക്കുന്നത്. എല്ലാ നോക്കൗട്ട് മത്സരങ്ങളിലും ഗോളടിച്ച അപൂര്‍വ റെക്കോര്‍ഡിനൊപ്പമെത്തി മെസ്സി. കഴിഞ്ഞ 11 ലോകകപ്പ് ഫൈനലില്‍ പത്തിലും ആദ്യം ഗോളടിച്ച ടീം കിരീടം നേടിയ സാഹചര്യത്തില്‍ അര്‍ജന്റീനയുടെ പ്രതീക്ഷയുയര്‍ന്നു.
മുപ്പത്താറാം മിനിറ്റില്‍ രണ്ടാം ഗോളോടെ അര്‍ജന്റീന കിരീടമുറപ്പിച്ചുവെന്നു തോന്നി. മെസ്സിയും അല്‍വരേസും അലക്സിസ് മക്കാലിസ്റ്ററും കൈമാറി വന്ന അതിമനോഹര ടീം നീക്കം ചേതോഹരമായ ഷോട്ടിലൂടെ ഡി മരിയ ഗോളിയുടെ മുകളിലൂടെ വലയിലെത്തിച്ചു.
താളം കണ്ടെത്താനോ ഒരു ഷോട്ട് പോലും ഗോളിലേക്ക് പായിക്കാനോ സാധിക്കാതെ ചാമ്പ്യന്മാര് തീര്‍ത്തും നിഷ്പ്രഭമായി. എഴുപതാം മിനിറ്റിലാണ് ആദ്യമായി അര്‍ജന്റീന ഗോള്‍മുഖത്ത് എംബാപ്പെ പരിഭ്രാന്തി പരത്തിയത്.
അതോടെ ഡി മരിയയെ പിന്‍വലിച്ച് ഡിഫന്റര്‍ മാര്‍ക്കസ് അകൂനയെ ഇറക്കി അര്‍ജന്റീന പ്രതിരോധം ശക്തമാക്കാന്‍ ശ്രമം തുടങ്ങി. അവസാന പത്ത് മിനിറ്റ് എങ്ങനെയും അര്‍ജന്റീന അതിജീവിക്കുമെന്ന് പ്രതീക്ഷിച്ച ഘട്ടത്തിലാണ് എംബാപ്പെയിലൂടെ ഫ്രാന്‍സ് തിരിച്ചുവന്നത്. സബ്സ്റ്റിറ്റിയൂട്ട് കോളൊ മുവാനിയെ നിക്കൊളാസ് ഓടാമെന്റി ചെറുതായി തള്ളിയപ്പോള്‍ റഫറി പെനാല്‍ട്ടിക്ക് വിസിലൂതി. എംബാപ്പെക്ക് പിഴച്ചില്ല. അത് അര്‍ജന്റീനയെ ഉലച്ചു. 97 സെക്കന്റ് പിന്നിടും മുമ്പെ ഫ്രാന്‍സ് ഒപ്പമെത്തി. പകരക്കാരന് കിംഗ്സലി കൂമന് കയറ്റിക്കൊണ്ടുവന്ന് ബോക്സിലേക്ക് പായിച്ച പന്ത് സാഹസിക ഷോട്ടിലൂടെ എംബാപ്പെ വലയിട്ടു കുലുക്കി.
അര്‍ജന്റീന അതോടെ തളരുന്നതു പോലെ തോന്നി. എട്ട് മിനിറ്റ് എക്സ്ട്രാ ടൈം അവര്‍ക്ക് അതിജീവിക്കാന്‍ കഴിയുമോയെന്ന് സംശയമായി. അവസാന ഊര്‍ജം ആവാഹിച്ച് മെസ്സി പറത്തിയ കിടിലന്‍ ഷോട്ട് ഗോളി ഹ്യൂഗൊ ലോറീസ് തട്ടിത്തെറിപ്പിച്ചതോടെ കളി എക്സ്ട്രാ ടൈമിലേക്ക് നീണ്ടു.
എക്സ്ട്രാ ടൈമിലും അര്‍ജന്റീനയാണ് കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിച്ചത്. മെസ്സിയുടെയും പകരക്കാരന് ലൗതാരൊ മാര്‍ടിനേസിന്റെയും ഷോട്ടുകള്‍ ഫ്രഞ്ച് ഗോളിയും പ്രതിരോധവും അദ്ഭുതകരമായാണ് രക്ഷിച്ചത്.