ദോഹ - മെസ്സിയും ക്രിസ്റ്റ്യാനോയും നെയ്മാറും പുതിയ തലമുറയിലേക്ക് ബാറ്റണ്‍ കൈമാറുന്ന ലോകകപ്പായാണ് ഖത്തറിലെ ടൂര്‍ണമെന്റ് വിലയിരുത്തപ്പെടുന്നത്. ഇംഗ്ലണ്ടിന്റെ പത്തൊമ്പതുകാരന്‍ ജൂഡ് ബെലിംഗാം, ഇരുപത്തിമൂന്നുകാരനായ നെതര്‍ലാന്റ്‌സ് സ്‌ട്രൈക്കര്‍ കോഡി ഗാക്‌പൊ, പോര്‍ചുഗലിന്റെ ഇരുപത്തൊന്നുകാരന്‍ ഗോണ്‍സാലൊ റാമോസ്, അര്‍ജന്റീനയുടെ ഇരുപത്തിരണ്ടുകാരന്‍ യൂലിയന്‍ അല്‍വരേസ്, ക്രൊയേഷ്യയുടെ ഇരുപതുകാരന്‍ ഡിഫന്റര്‍ ജോസ്‌കൊ ഗ്വാര്‍ദിയോള്‍ എന്നിവരാണ് ആരാധരുടെ മനം കീഴടക്കിയത്.
മോഡേണ്‍ ബോക്‌സ് ടു ബോ്ക്‌സ് മിഡ്ഫീല്‍ഡറാണ് ബെലിംഗാം. ജര്‍മനിയില്‍ ബൊറൂസിയ ഡോര്‍ട്മുണ്ടിന് കളിക്കുന്ന ബെലിംഗാമാണ് ഇംഗ്ലണ്ടിന്റെ ആദ്യ ഗോളടിച്ചത്. സെനഗാലിനെതിരായ പ്രി ക്വാര്‍ട്ടര്‍ ഫൈനലില്‍ രണ്ട് ഗോളിന് അവസരമൊരുക്കി.
മൂന്ന് ഗ്രൂപ്പ് മത്സരങ്ങളിലും ഗോളടിച്ച ഏക കളിക്കാരനാണ് ഡച്ച് ഫോര്‍വേഡ് ഗാക്‌പൊ. പി.എസ്.വി ഐന്തോവനിലും ഉജ്വല ഫോമിലാണ് താരം. ഗാക്‌പോയെ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് നോട്ടമിട്ടിട്ടുണ്ട്.
ക്രിസ്റ്റിയാനോക്ക് പകരക്കാരനായി ഇറങ്ങിയാണ് റാമോസ് ലോക ശ്രദ്ധ പിടിച്ചത്. 17 മിനിറ്റിനകം റാമോസ് തകര്‍പ്പന്‍ ഗോളിലൂടെ അക്കൗണ്ട് തുറന്നു. ഹാട്രിക് നേടി. ക്രിസ്റ്റിയാനോക്ക് ഇതുവരെ ലോകകപ്പിന്റെ നോക്കൗട്ടില്‍ ഒരു ഗോളുമടിക്കാനായിട്ടില്ല. റിവര്‍പ്ലേറ്റില്‍ നിന്ന് ഈയിടെ മാഞ്ചസ്റ്റര്‍ സിറ്റിയിലെത്തിയ അല്‍വരേസ് പെരുമക്കൊത്ത പ്രകടനമാണ് കാഴ്ചവെച്ചത്. മൂന്നാമത്തെ ഗ്രൂപ്പ് മത്സരത്തില്‍ ആദ്യമായി പ്ലേയിംഗ് ഇലവനിലെത്തിയ ഇരുപത്തിരണ്ടുകാരന്‍ കിട്ടിയ അവസരം മുതലാക്കി. മെസ്സിക്കു മേലുള്ള സമ്മര്‍ദ്ദം കുറക്കാന്‍ സാധിച്ചു.
ക്രൊയേഷ്യയുടെ സെമി ഫൈനലിലേക്കുള്ള കുതിപ്പില്‍ ഏറ്റവും ശ്രദ്ധ പിടിച്ചുപറ്റിയത് മുഖകവചമണിഞ്ഞ് കളിച്ച സെന്റര്‍ബാക്ക് ഗ്വാര്‍ദിയോളാണ്. മൊറോക്കോക്കെതിരെ തകര്‍പ്പന്‍ ഹെഡര്‍ ഗോളോടെയാണ് ഗ്വാര്‍ദിയോള്‍ ടൂര്‍ണമെന്റ് അവസാനിപ്പിച്ചത്. ആര്‍.ബി ലെയ്പ്‌സിഷിനു കളിക്കവെ മൂക്ക് തകര്‍ന്ന ഗ്വാര്‍ദിയോളിന് വലതു കണ്ണിനു ചുറ്റും നീര്‍ക്കെട്ടുണ്ട്. ബെല്‍ജിയത്തിനെതിരെ അവസാന വേലയില്‍ റൊമേലു ലുകാകുവിന്റെ ഷോട്ട് ഗ്വാര്‍ദിയോള്‍ തടുത്തതോടെയാണ് ക്രൊയേഷ്യ ഗ്രൂപ്പ് ഘട്ടം കടന്നത്. മെസ്സി പക്ഷെ ഗ്വാര്‍ദിയോളിനെ വെട്ടിച്ചു കയറി ഗോളിന് അവസരമൊരുക്കി.