Sorry, you need to enable JavaScript to visit this website.

കന്നട പാഠം

രാഷ്ട്രീയ അനിശ്ചിതത്വത്തിന്റെ വാർത്തകളാണ് ഇതെഴുതുമ്പോൾ കർണാടക അസംബ്ലി തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലുമായി ബന്ധപ്പെട്ട് പുറത്തുവരുന്നത്. ആർക്കും കേവല ഭൂരിപക്ഷമില്ല. 104 സീറ്റുമായി ബി.ജെ.പി ഏറ്റവും വലിയ ഒറ്റകക്ഷി. അധികാരത്തിലിരുന്ന കോൺഗ്രസ് 78 സീറ്റുമായി രണ്ടാം കക്ഷി. എക്‌സിറ്റ് പോളുകൾ പ്രവചിച്ചപോലെ മൂന്നാം സ്ഥാനത്തെത്തിയ ജനതാദൾ സെക്കുലറിന് 37 സീറ്റ്.
ഭരണം പിടിക്കാൻ പതിനെട്ടടവും പയറ്റുകയാണ് ബി.ജെ.പിയും കോൺഗ്രസും. ഒരു ഘട്ടത്തിൽ കേവല ഭൂരിപക്ഷമായ 113 സീറ്റിലും മുകളിലേക്ക് ട്രെന്റുകൾ എത്തിയതോടെ ബി.ജെ.പി കേന്ദ്രങ്ങളിൽ ആഘോഷം പൊടിപൊടിച്ചതാണ്. എന്നാൽ പെട്ടെന്നാണ് കാര്യങ്ങൾ മാറിമറിഞ്ഞത്. ബീ.ജെ.പി സീറ്റുകളുടെ എണ്ണം കുറഞ്ഞുവന്നു. ഒരു വേള 56 സീറ്റ് എന്ന നിലയിലേക്ക് താഴ്ന്നുപോയ കോൺഗ്രസ് മെല്ലെ കയറിവന്നു. ഇതോടെ രാഷ്ട്രീയ കരുനീക്കങ്ങൾ (കുതിരക്കച്ചവടമെന്നും പറയാം) സജീവമായി. 
 ജെ.ഡി.എസുമായി സഖ്യമുണ്ടാക്കാനും എച്ച്.ഡി. കുമാരസ്വാമിയെ മുഖ്യമന്ത്രിയാക്കാനും തയാറായ കോൺഗ്രസ് ഒരു മുഴം മുമ്പേ എറിഞ്ഞു. സ്വന്തം സർക്കാർ രൂപീകരിക്കാൻ ആലോചന നടത്തുകയായിരുന്ന ബി.ജെ.പി ആ അപ്രതീക്ഷിത നീക്കത്തിൽ ഒന്നമ്പരന്നു. പക്ഷെ പെട്ടെന്നുതന്നെ മറുതന്ത്രം പയറ്റി. ബി.ജെ.പി നേതാവ് ബി.എസ് യെദിയൂരപ്പയെ ഉടൻതന്നെ  രാജ്ഭവനിലേക്കയച്ചു. നേരത്തെ കോൺഗ്രസ് പ്രതിനിധി സംഘത്തെ കാണാൻ വിസമ്മതിച്ച മുൻ ഗുജറാത്ത് അസംബ്ലി സ്പീക്കർ കൂടിയായ വാജുഭായ വാല ഏതായാലും യെദിയൂരപ്പയെ രണ്ടു കയ്യും നീട്ടി സ്വീകരിച്ചു. വൈകുന്നേരത്തോടെ കോൺഗ്രസ്, ജെ.ഡി.എസ് കക്ഷി നേതാക്കൾ സംയുക്തമായി ഗവർണറെ കണ്ടു. പന്ത് ഇപ്പോൾ ഗവർണറുടെ കോർട്ടിലാണ്. 
കർണാടകയിൽ ആര് ഭരണത്തിലേറിയാലും വ്യക്തമായ ജനവിധിയോടെ ആയിരിക്കില്ല എന്നതുറപ്പ്. മൂന്ന് കക്ഷികളും പരസ്പരം ഏറ്റുമുട്ടിക്കൊണ്ടായിരുന്നു തെരഞ്ഞെടുപ്പിനെ നേരിട്ടത്. സ്വാഭാവികമായും വോട്ടർമാർ മൂന്ന് ഭാഗത്തേക്കും ചിതറി. ഇവിടെയും ബി.ജെ.പിക്ക് ഏറ്റവും വലിയ ഒറ്റ കക്ഷി ആകാനായി എന്നതാണ് കന്നഡ തെരഞ്ഞെടുപ്പ് നൽകുന്ന പാഠം. 
ഏറ്റവും കൂടുതൽ സീറ്റ് ബി.ജെ.പിക്കാണെങ്കിലും കൂടുതൽ വോട്ട് കിട്ടിയത് കോൺഗ്രസിനാണെന്ന വൈചിത്ര്യവും ഈ തെരഞ്ഞെടുപ്പ് നൽകുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകൾ പ്രകാരം 104 സീറ്റ് നേടിയ ബി.ജെ.പി കിട്ടിയത് 36.2 ശതമാനം വോട്ട്, 78 സീറ്റുള്ള കോൺഗ്രസിനാവട്ടെ 38 ശതമാനവും. 37 സീറ്റുള്ള ജെ.ഡി.എസിനാവട്ടെ 18.4 ശതമാനം വോട്ട് കിട്ടി. മൂന്ന് പാർട്ടികളും തങ്ങളുടെ പരമ്പരാഗത വോട്ട് വിഹിതം ഏതാണ്ടൊക്കെ നിലനിർത്തി എന്ന് മനസ്സിലാക്കണം. യെദിയൂരപ്പയുടെ നേതൃത്വത്തിൽ ഒരു വിഭാഗം ബി.ജെ.പിയിൽനിന്ന് പിളർന്ന സാഹചര്യത്തിൽ നടന്ന 2013ലെ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് നില മെച്ചപ്പെടുത്താൻ പാർട്ടിക്ക് കഴിഞ്ഞിട്ടുണ്ട്. 
ജെ.ഡി.എസുമായി ചേർന്ന് സർക്കാരുണ്ടാക്കാൻ കഴിയുന്ന പക്ഷം  കോൺഗ്രസിന് തൽക്കാലം ആശ്വാസമാവുമെങ്കിലും, തെരഞ്ഞെടുപ്പിലെ അപ്രതീക്ഷിത തിരിച്ചടി ആ പാർട്ടിക്ക് വലിയ പാഠങ്ങളാണ് നൽകുന്നത്. ഒട്ടേറെ അനുകൂല സാഹചര്യങ്ങളുമായാണ് ഇത്തവണ കോൺഗ്രസ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. മറ്റ് പല സംസ്ഥാനങ്ങളിൽനിന്നും വ്യത്യസ്തമായി ശക്തമായൊരു പ്രാദേശിക നേതൃത്വം കർണാടകയിൽ പാർട്ടിക്ക് ഉണ്ടായിരുന്നു.
 മതേതര, പുരോഗമന പ്രതിഛായയുള്ള, കാര്യമായ അഴിമതി ആരോപണങ്ങൾ നേരിടാത്ത മുഖ്യമന്ത്രി സിദ്ധരാമയ്യ. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെക്കാൾ കരുത്തോടെ തെരഞ്ഞെടുപ്പ് പ്രചാരണവേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെയും, ദേശീയ അധ്യക്ഷൻ അമിത് ഷാ അടക്കമുള്ള ബി.ജെ.പി നേതാക്കളെയും നേരിട്ടത് സിദ്ധരാമയ്യ ആയിരുന്നു. കർണാടകയുടെ ചരിത്രത്തിൽ ഏറ്റവുമധികം വാഗ്ദാനങ്ങൾ പാലിച്ച സർക്കാർ എന്ന അവകാശവാദവുമായാണ് സിദ്ധരാമയ്യയും കോൺഗ്രസും പ്രചാരണം തുടങ്ങിയതുതന്നെ. പ്രചാരണ വേളയിൽ സംസ്ഥാനത്ത് എവിടെയും ഭരണവിരുദ്ധ വികാരം ഉണ്ടായിരുന്നില്ലെന്ന് ചില ബി.ജെ.പി നേതാക്കൾ തന്നെ സമ്മതിച്ചിരുന്നു. മറുഭാഗത്ത് ബി.ജെ.പിയെ പ്രതിരോധത്തിലാക്കാൻ പറ്റിയ നിരവധി ആയുധങ്ങൾ കോൺഗ്രസിന്റെ പക്കലുണ്ടായിരുന്നു. ഖനി കുംഭകോണവീരന്മാരായ റെഡ്ഡി സഹോദന്മാരുടെ ബിനാമികൾക്ക് സീറ്റ് നൽകിയതിലൂടെ ബി.ജെ.പിയുടെ അഴിമതി വിരുദ്ധ മുഖംമൂടി അഴിഞ്ഞുവീണിരുന്നു. റെഡ്ഡി സഹോദരന്മാർ നേരിട്ട് ബി.ജെ.പി സ്ഥാനാർഥികൾക്കുവേണ്ടി പ്രചാരണം നടത്തുകയും ചെയ്തു. 
നോട്ട് നിരോധനത്തിലെ ദുരന്തം, അടിക്കടിയുള്ള പെട്രോൾ, ഡീസൽ വിലവർധന (പ്രചാരണവേളയിൽ രണ്ടാഴ്ചയോളം വർധന മരവിപ്പിച്ചു എന്നത് വേറെ കാര്യം), വമ്പന്മാരുടെ ബാങ്ക് കുംഭകോണം, വിദേശങ്ങളിലെ കള്ളപ്പണം തിരിച്ചുകൊണ്ടുവരുമെന്ന പ്രഖ്യാപനം പാഴ്‌വാക്കായത്, കോർപറേറ്റ് പ്രീണനം മുതൽ കതുവ കൊലപാതകം വരെയുള്ള കാര്യങ്ങൾ ബി.ജെ.പിയെ പ്രതിരോധത്തിലാക്കിയിരുന്നു. ഇതിനെയെല്ലാം മറികടന്നാണ് അവർ കേവല ഭൂരിപക്ഷത്തിന് തൊട്ടടുത്തെത്തിയതെങ്കിൽ ഉത്തരേന്ത്യയിൽ ബി.ജെ.പി പയറ്റുന്ന ഹിന്ദുത്വ കാർഡ് എന്ന തന്ത്രം കർണാടകയിലും ഒരു പരിധിവരെ വിലപ്പോയി എന്നുതന്നെ വേണം അനുമാനിക്കാൻ.
ഒരു തെരഞ്ഞെടുപ്പിൽ എന്തൊക്കെ ചർച്ച ചെയ്യേണ്ടതുണ്ടോ അതെല്ലാം ഒഴിവാക്കിയായിരുന്നു ബി.ജെ.പിയുടെ പ്രചാരണം. പ്രത്യേകിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ. കേന്ദ്ര സർക്കാരിന്റെ ഭരണ നേട്ടങ്ങളോ, കർണാടക സർക്കാരിന്റെ കോട്ടങ്ങളോ പറയാതെ എന്നോ മരിച്ചു മൺമറഞ്ഞ കന്നഡിഗരും മുൻ സൈന്യാധിപന്മാരുമായ ഫീൽഡ് മാർഷൽ കരിയപ്പയെയും, ജനറൽ തിമ്മയ്യയെയും കുറിച്ച് ഇല്ലാകഥകൾ പറഞ്ഞുകൊണ്ടായിരുന്നു മോഡിയുടെ തുടക്കം. പിന്നീട് ടിപ്പു സുൽത്താനിലേക്ക് തിരിഞ്ഞു. ടിപ്പു ജയന്തി ആഘോഷിക്കാനുള്ള സിദ്ധരാമയ്യ സർക്കാരിനെ ചൂണ്ടിക്കാട്ടി സുൽത്താന്മാരുടെ ജന്മവാർഷികം ആഘോഷിക്കുന്ന സർക്കാർ എന്ന മോഡിയുടെ പരാമർശം വ്യക്തമായ ലക്ഷ്യങ്ങളോടെ തന്നെയായിരുന്നു. അതുകഴിഞ്ഞ് രാഹുൽ ഗാന്ധിയെയും സോണിയ ഗാന്ധിയെയും സിദ്ധരാമയ്യയെയും വ്യക്തിപരമായി കടന്നാക്രമിച്ചു. മറുഭാഗത്തുനിന്ന് മോഡിക്കെതിരെ പ്രത്യാക്രമണവുമുണ്ടായി. എങ്കിലും താൻ ഉദ്ദേശിച്ച സ്ഥലത്തേക്ക് തെരഞ്ഞെടുപ്പ് കാമ്പയിൻ ചർച്ചകളെ കൊണ്ടുവരാൻ മോഡിക്ക് കഴിഞ്ഞു. താൻ ഉദ്ദേശിച്ച രീതിയിലുള്ള ധ്രുവീകരണം നടത്താനും. അതിന്റെ ആകെത്തുകയാണ് തെരഞ്ഞെടുപ്പിൽ പാർട്ടി കൈവരിച്ച മേൽക്കൈ. ബി.ജെ.പി വോട്ട് ബാങ്കായ ലിംഗായത്തുകളെ സ്വാധീനിക്കാൻ സിദ്ധരാമയ്യ പ്രഖ്യാപിച്ച ന്യൂനപക്ഷ പദവി വാഗ്ദാനമടക്കം ചീറ്റിപ്പോയത് മോഡിയുടെ വരവോടെയാണ്.
2014ലെ പൊതു തെരഞ്ഞെടുപ്പ് മുതൽ ഓരോ തെരഞ്ഞെടുപ്പിലും നടത്തിവന്ന അതേ പ്രചാരണ തന്ത്രം തന്നെയായിരുന്നു കർണാടകയിലും ബി.ജെ.പിയും മോഡിയും നടത്തിയത്. രാജ്യത്തെ ബഹുഭൂരിപക്ഷം വരുന്ന ഹിന്ദു സമൂഹത്തെ വർഗീയമായും വൈകാരികമായും ചിന്തിക്കാൻ പ്രേരിപ്പിക്കുക. മുസ്‌ലിംകളടക്കമുള്ള ന്യൂനപക്ഷം, കോൺഗ്രസ്, നെഹ്രു കുടുംബം തുടങ്ങിയവയെ ശത്രുക്കളുടെ പ്രതീകങ്ങളാക്കുക. ഫലം വരുമ്പോൾ ആ തന്ത്രം ഏറെക്കുറെ വിജയിച്ചതായാണ് കാണുന്നത്. അതുകൊണ്ടുതന്നെ വരുന്ന തെരഞ്ഞെടുപ്പുകളിലും അതുതന്നെ അവർ പയറ്റും. ജനങ്ങളിൽ നല്ലൊരു ശതമാനവും വൈകാരികമായും വർഗീയമായും മാത്രം ചിന്തിക്കുന്ന സാഹചര്യത്തിൽ, എന്ത് മതേതരത്വം, എന്ത് ജനാധിപത്യം, എന്ത് പെട്രോൾ വിലക്കയറ്റം, എന്ത് വാഗ്ദാന ലംഘനം, എന്ത് കതുവ പീഡനം? 
സമകാലീന ഇന്ത്യൻ സാഹചര്യത്തിൽ ഏത് തെരഞ്ഞെടുപ്പിലും ജയിക്കാൻ കഴിയുന്ന ഒറ്റമൂലിയാണ് ബി.ജെ.പി പോക്കറ്റിലിട്ട് നടക്കുന്നത്. എത്ര ശക്തമായ സംഘടനാ സംവിധാനമുണ്ടെങ്കിലും അതിനെ മറികടക്കാൻ കഴിയാത്ത സാഹചര്യമാണ് രാജ്യത്ത് ഇപ്പോഴുള്ളത്. സംഘടനാ ശക്തി കൊണ്ട് ജയിക്കാമായിരുന്നെങ്കിൽ ത്രിപുരയിൽ സി.പി.എം തോൽക്കുമായിരുന്നില്ലല്ലോ. ഭരണമുള്ള സ്ഥലത്തുപോലും കാര്യമായ സംഘടനാ സംവിധാനമില്ലാത്ത കോൺഗ്രസിന്റെ കാര്യം പറയേണ്ടതുമില്ല.
ഇതൊക്കെയാണെങ്കിലും രാജ്യത്തെ ജനങ്ങളിൽ ബഹുഭൂരിപക്ഷവും ബി.ജെ.പിയുടെ പ്രത്യശാസ്തത്തെ അംഗീകരിക്കുന്നില്ല എന്നതാണ് വസ്തുത. കർണാടകത്തിലും അതുതന്നെയാണ് കണ്ടത്. മോഡിയുടെ ഗുജറാത്തിൽ പോലും ബി.ജെ.പിക്ക് കഷ്ടിച്ച് നാൽപത് ശതമാനത്തിനുമുകളിൽ വോട്ട് വിഹിതമേ ലഭിച്ചുള്ളു.
വോട്ടർമാരിൽ ന്യൂനപക്ഷത്തിന്റെ പിന്തുണമാത്രമേ ഉള്ളുവെങ്കിലും തെരഞ്ഞെടുപ്പുകളിൽ വിജയം ആവർത്തിക്കുന്ന ബി.ജെ.പിയെ 2019ലെ പൊതു തെരഞ്ഞെടുപ്പിൽ നേരിടുമ്പോൾ കോൺഗ്രസ് അടക്കമുള്ള ഇതര കക്ഷികൾക്ക് നന്നേ വിയർക്കേണ്ടിവരും. രാജ്യത്തിന്റെ മതേതര പൈതൃകം വീണ്ടെടുക്കാനുള്ള ശ്രമം ഒരു വശത്ത് നടത്തുകയും മറുവശത്ത് ഭിന്നതകൾ മറന്ന് ഒരുമിച്ച് നിൽക്കുകയുമാണ് അവർക്കുമുന്നിൽ അവശേഷിക്കുന്ന വഴികൾ. കർണാടകയിലെ ദുർബലമെന്ന് തോന്നാവുന്ന ഇപ്പോഴത്തെ കോൺഗ്രസ് -ജെ.ഡി.എസ് സഖ്യം അതിനുള്ള തുടക്കമാവുമോ എന്നാണറിയേണ്ടത്. 

 

Latest News