ദോഹ - ലോകകപ്പ് ഫുട്ബാളിലെ കലാശപ്പോരാട്ടം നേരിൽ കാണാൻ മലയാളത്തിന്റെ സൂപ്പർ താരങ്ങളും ലൂസൈൽ സ്റ്റേഡിയത്തിൽ. മമ്മൂട്ടിയെയും മോഹൻലാലിനെയും കണ്ടതോടെ പ്രവാസി മലയാളികൾ കൈയടിച്ചും ആർപ്പുവിളിച്ചുമാണ് സന്തോഷം അറിയിച്ചത്.
പ്രത്യേക ക്ഷണിതാക്കൾക്ക് ഒപ്പം റോയൽ ഹയ്യ വി.ഐ.പി ബോക്‌സിലിരുന്നാണ് മമ്മൂട്ടി ഫൈനൽ കാണുക. ഖത്തറിന്റെ പ്രത്യേക അതിഥിയായാണ് മോഹൻലാൽ എത്തിയത്. മൊറോക്കോയിൽ നിന്നാണ് അദ്ദേഹം ദോഹയിൽ എത്തിയത്.
അർജന്റീനയ്ക്കും ഫ്രാൻസിനും ആശംസകൾ അറിയിച്ച മമ്മൂട്ടി, ഏറ്റവും അർഹതയുള്ള ടീമിന് ലോകകപ്പ് ഉയർത്താൻ കഴിയട്ടെ എന്ന് പറഞ്ഞു. ലോകഫുട്ബാൾ ആരാധകർക്കൊപ്പം പ്രിയപ്പെട്ട നാട്ടുകാരോടൊന്നിച്ച് ഈ സന്തോഷനിമിഷത്തിൽ ഇവിടെ എത്താനായതിൽ പറഞ്ഞറിയിക്കാനാകാത്ത സന്തോഷമുണ്ടെന്നും മമ്മൂട്ടി പ്രതികരിച്ചു.
എന്നാൽ, ഇന്ന് ആര് ജയിക്കുമെന്ന് പറയാനാകില്ലെന്നായിരുന്നു മോഹൻലാലിന്റെ പ്രതികരണം. ഇതൊരു ഗെയിമാണ്. ഒരുപാട് അത്ഭുദങ്ങളുണ്ടാകട്ടെ എന്നാണ് ആഗ്രഹം. ഏറെ സംശയങ്ങൾ ഉണ്ടായിരുന്നുവെങ്കിലും ഖത്തറിന് മനോഹരമായി ലോകകപ്പ് സംഘടിപ്പിക്കാൻ കഴിഞ്ഞു. ബ്രസീൽ ലോകകപ്പ് നേരിൽ കണ്ടിരുന്നു. ഇത്രയും ചെറിയ സ്ഥലമായിട്ടും എല്ലാവരെയും തൃപ്തിപ്പെടുത്തി ഖത്തറിന് ലോകകപ്പ് സംഘടിപ്പിക്കാനായെന്നും മോഹൻലാൽ സന്തോഷം പ്രകടിപ്പിച്ചു.