ദോഹ- ഖത്തറില്‍ ഇന്ന് സമാപിക്കുന്ന ഫിഫ ലോകകപ്പില്‍ മൂന്നാമത്തെ മനോഹര ഗോളായി സൗദി താരം സാലിം അല്‍ ദോസരിയുടെ ഗോള്‍ തെരഞ്ഞെടുക്കപ്പെട്ടു.
അര്‍ജന്റീനക്കെതിരായ മത്സരത്തില്‍ സാലിം അല്‍ ദോസരി നേടിയ ഗോളിനെ ഈ ലോകകപ്പിലെ മൂന്നാമത്തെ മനോഹര ഗോളായി ഫിഫ തെരഞ്ഞെടുത്തു. ലോകകപ്പിലെ മികച്ച അഞ്ചു ഗോളുകളായി എ.എഫ്.പി വാര്‍ത്താ ഏജന്‍സി തെരഞ്ഞെടുത്തതില്‍ രണ്ടാമത്തേത് സൗദി സ്‌ട്രൈക്കര്‍ സാലിം അല്‍ദോസരിയുടേത്. ബ്രസീലിന്റെ റിച്ചാര്‍ലിസന്റെ ബൈസികിള്‍ കിക്കാണ് ഒന്നാം സ്ഥാനത്ത്. കാഴ്ചയില്‍ അത്ര മികച്ചതല്ലെന്നും പ്രാധാന്യം കണക്കിലെടുത്ത് നെതര്‍ലാന്റ്‌സിന്റെ വൂട് വീഗോസ്റ്റിന്റെ ഗോളിന് മൂന്നാം സ്ഥാനം നല്‍കി. പോര്‍ചുഗലിന്റെ ഗോണ്‍സാലൊ റാമോസിന്റെ ഹാട്രിക്കിലെ ആദ്യ ഗോള്‍, മെക്‌സിക്കോയുടെ ലൂയിസ് ഷാവേസിന്റെ ഫ്രീകിക്ക് ഗോള്‍ എ്ന്നിവയാണ് ആദ്യ അഞ്ചില്‍.
സെര്‍ബിയക്കെതിരായ വിജയത്തില്‍ ബ്രസീലിന്റെ രണ്ടു ഗോളുമടിച്ചത് റിച്ചാര്‍ലിസനായിരുന്നു. രണ്ടാമത്തേതാണ് ബൈസികിള്‍ കിക്ക്. പുറംകാലു കൊണ്ട് വിനിസിയൂസ് ജൂനിയര്‍ ഉയര്‍ത്തിയ പന്ത് ഇടങ്കാലു കൊണ്ട് നിയന്ത്രിച്ച റിച്ചാര്‍ലിസന്‍ കരണം മറിഞ്ഞ് വലങ്കാലു കൊണ്ട് ഷോട്ട് പായിച്ചു.
അര്‍ജന്റീനക്കെതിരായ 2-1 അട്ടിമറി വിജയത്തിലെ രണ്ടാം ഗോളാണ് സാലിമിന്റേത്. ബോക്‌സില്‍ വെട്ടിത്തിരിഞ്ഞ് രണ്ട് ഡിഫന്റര്‍മാരെ കബളിപ്പിക്കുകയും മൂന്നാമത്തെ ഡിഫന്ററെ വെട്ടിക്കടക്കുകയും ചെയ്ത സാലിം തനിക്കു നേരെ വന്ന ലിയാന്ദ്രൊ പരേദേസ് എത്തും മുമ്പെ ചെറിയ പഴുതിലൂടെ വലയിലേക്ക് പന്ത് പായിച്ചു. കരണം മറിഞ്ഞ് ആ ഗോള്‍ ദോസരി ആഘോഷിച്ചപ്പോള്‍ ലോക ഫുട്‌ബോളാണ് കീഴ്‌മേല്‍ മറിഞ്ഞത്.
അര്‍ജന്റീനക്കെതിരെ സമര്‍ഥമായി എടുത്ത ഫ്രീകിക്കില്‍ നിന്നാണ് ഇഞ്ചുറി ടൈമിന്റെ പതിനൊന്നാം മിനിറ്റില്‍ വീഗോസ്റ്റ് ഗോളടിച്ചത്. രണ്ടു ഗോളിന് പിന്നിലായ ശേഷം നെതര്‍ലാന്റ്‌സ് 2-2 സമനിലയോടെ കളി എക്‌സ്ട്രാ ടൈമിലേക്ക് നീട്ടി. എന്നാല്‍ ഷൂട്ടൗട്ടില്‍ അര്‍ജന്റീന തിരിച്ചുവന്നു.