ദോഹ - അർജന്റീനയുടെ ആരാധകർ നിറഞ്ഞ ലുസൈൽ സ്‌റ്റേഡിയത്തിൽ കലാശക്കളിയിൽ ഇറങ്ങുന്നതിനെക്കുറിച്ച് ഭയമില്ലെന്ന് ഫ്രാൻസ്. എൺപതിനായിരത്തിലേറെ പേർക്കിരിക്കാവുന്ന സ്റ്റേഡിയത്തിൽ ആറായിരത്തോളം മാത്രമേ ഫ്രഞ്ച് ആരാധകരുണ്ടാവൂ.
അർജന്റീനക്കാരുടെ പാട്ടും ആഘോഷവും ലോകകപ്പ് ഫൈനലിന് ഉത്സവഛായ പകരുമെന്നും എന്നാൽ ഗാലറിയിലല്ല തങ്ങളുടെ എതിരാളികളെന്നും ഫ്രാൻസിന്റെ കോച്ച് ദീദിയർ ദെഷോം പറഞ്ഞു.
ഇത് മെസ്സിയുടെ മാത്രം ഫൈനലല്ലെന്ന് ഫ്രഞ്ച് നായകൻ ഹ്യൂഗൊ ലോറീസ് അഭിപ്രായപ്പെട്ടു. ഈ കളിയുടെ ചരിത്രത്തിൽ മെസ്സി എന്തിനെയാണ് പ്രതിനിധീകരിക്കുന്നതെന്ന് ഞങ്ങൾക്കറിയാം. എന്നാൽ ഇത് അർജന്റീനയും ഫ്രാൻസും തമ്മിലുള്ള കളിയാണ്. ഈ പോരാട്ടം ജയിക്കാൻ സാധ്യമായതെല്ലാം ചെയ്യും -ലോറീസ് പറഞ്ഞു.
2018 ലെ ലോകകപ്പിൽ ഫ്രാൻസിനോട് പ്രി ക്വാർട്ടറിൽ 3-4 ന് തോറ്റാണ് അർജന്റീന പുറത്തായത്. പക്ഷെ ആ ടീമല്ല, അടിമുടി മാറിയ മറ്റൊരു ടീമാണ് ഇന്ന് അർജന്റീനയെ പ്രതിനിധീകരിക്കുക.