ദോഹ - ലോകകപ്പിനായുള്ള 36 വര്‍ഷത്തെ വേദനാജനകമായ കാത്തിരിപ്പ് അവസാനിക്കുമെന്ന പ്രതീക്ഷയില്‍ കല്‍പന്ത് ലഹരിയുടെ നാടായ അര്‍ജന്റീന ഖത്തറിലേക്ക് ഒഴുകുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഒരു രാജ്യത്തിന് ആശ്വാസത്തിന്റെ മധുചഷകമാവും ലോകകപ്പ് കിരീടം. അര്‍ജന്റീന ആരാധകരുടെ മുചാചോസ് വാദ്യങ്ങള്‍ അലയടിക്കുകയാണ് ദോഹയില്‍.
സൂഖ് വാഖിഫില്‍ നീലയും വെള്ളയും വസ്ത്രങ്ങളില്‍ പന്ത് കൊണ്ട് നൃത്തം ചെയ്ത യുവതി ചോദിക്കുന്നത് ഫൈനലിനുള്ള ഒരു ടിക്കറ്റാണ്. അറബിക്കിലും ഇംഗ്ലിഷിലും ആവശ്യം അവര്‍ എഴുതിവെച്ചിട്ടുണ്ട്. ഫുട്‌ബോളാണ് തനിക്ക് എല്ലാമെന്ന് ഇരുപത്തിനാലുകാരി ബെലന്‍ ഗൊദോയ് പറയുന്നു. ഒരു മാസമായി ദോഹയിലുള്ള അര്‍ജന്റീനക്കാരി അവരുടെ ഏതാണ്ടെല്ലാ മത്സരങ്ങളും കണ്ടിട്ടുണ്ട്. കൂട്ടി വെച്ച എല്ലാ പണവുമെടുത്താണ് വന്നത്, തിരിച്ചു ചെന്നാല്‍ എങ്ങനെ വാടക കൊടുക്കുമെന്നറിയില്ല. പക്ഷെ ഒരു മാസത്തെ എന്റെ ജീവിതം ആര്‍ക്കെടുത്തു മാറ്റാനാവും -അവര്‍ പറയുന്നു. ടൊയോട്ട ട്രക്ക് വിറ്റാണ് മുപ്പത്തിനാലുകാരന്‍ ക്രിസ്റ്റ്യന്‍ മാക്കിനെല്ലി ലോകകപ്പിനെത്തിയത്.
എത്ര അര്‍ജന്റീനക്കാര്‍ ഖത്തറിലുണ്ടെന്നതിന് കണക്കില്ല. പലരും യൂറോപ്പില്‍ നിന്നും അമേരിക്കയില്‍ നിന്നുമാണ് വന്നത്. ഉള്ളതെല്ലാം വിറ്റുപെറുക്കി അവര്‍ വന്നത് ഈയൊരു നിമിഷത്തിനാണ്, അര്‍ജന്റീന കിരീടമുയര്‍ത്തുന്നതു കാണാന്‍.