- സി.പി.എമ്മോ ഇടതുപക്ഷമോ ഇതുവരേ മുന്നണിയിലേക്ക് ക്ഷണിച്ചിട്ടില്ലെന്നും ഏറ്റുമുട്ടലിന്റെ സമയമല്ലെന്നും മുസ്ലിം ലീഗ് അധ്യക്ഷൻ
കോഴിക്കോട് - സി.പി.എമ്മുമായുള്ള എതിർപ്പ് അടിസ്ഥാനപരമായി വിശ്വാസമാണെന്നും ഇടതുപക്ഷവുമായി ഒത്തുചേരലിനോ ഏറ്റുമുട്ടലിനോ ഉള്ള സാഹചര്യം നിലവിലില്ലെന്നും മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.
സി.പി.എമ്മും ഇടതുപക്ഷവും ലീഗിനെ ഇതുവരെ അവരുടെ മുന്നണിയിലേക്ക് ക്ഷണിച്ചിട്ടില്ലെന്നും അങ്ങനെ ക്ഷണിക്കുമ്പോൾ മാത്രമേ അത് സംബന്ധിച്ച നിലപാട് പറയാനാകൂവെന്നും അദ്ദേഹം മാതൃഭൂമി ന്യൂസിനോട് പ്രതികരിച്ചു.
മാധ്യമങ്ങൾ പറയുന്നത് കേട്ടാൽ തോന്നും ലീഗിനെ ഇടതുപക്ഷം ക്ഷണിച്ചുകൊണ്ടിരിക്കുകയാണെന്ന്. ഇടതുപക്ഷം ഇതുവരെ ക്ഷണിച്ചിട്ടില്ല. ക്ഷണിക്കുമ്പോൾ നോക്കിയാൽ മതി. ഇപ്പോൾ അതിന്റെ സമയമല്ല. ബി.ജെ.പിക്കെതിരായി ഫാസിസത്തിനെതിരായ പോരാട്ടത്തിലാണ്. അതിന് നേതൃത്വം കൊടുക്കേണ്ടത് കോൺഗ്രസാണ്. കോൺഗ്രസ് അത് ഗൗരവത്തോടെ എടുക്കണം. അവർ അവരുടെ ഉത്തരവാദിത്തം മറക്കാൻ പാടില്ല. കോൺഗ്രസ് എല്ലാ നേതാക്കളുടെയും ഒരു കൂട്ടായ്മയാണ്. എല്ലാ നേതാക്കൾക്കും അണികളുണ്ട്. നേരത്തെയുള്ള നിലപാട് തിരുത്തി ഇപ്പോൾ അവർ തരൂരിനെ അംഗീകരിക്കുന്നുണ്ട്. അതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. കോൺഗ്രസിൽ ഭിന്നതയുണ്ടാകാൻ പാടില്ല. അവരുടെ ആശയങ്ങൾ നിലനില്ക്കണം. അതിലൂടെ മാത്രമേ മതേതരത്വത്തെ സംരക്ഷിക്കാൻ സാധിക്കുകയുള്ളൂവെന്നും സാദിഖലി തങ്ങൾ പറഞ്ഞു.