Sorry, you need to enable JavaScript to visit this website.

മൊറോക്കൊ പൊരുതിവീണു, ക്രൊയേഷ്യക്ക് മൂന്നാം സ്ഥാനം

ദോഹ - രണ്ടാം പകുതിയും ഇഞ്ചുറി ടൈമും മുഴുവന്‍ പൊരുതിയിട്ടും മൊറോക്കോക്ക് സമനില ഗോളടിക്കാന്‍ സാധിക്കാതിരുന്നതോടെ ഖത്തര്‍ ലോകകപ്പിലെ മൂന്നാം സ്ഥാനം ക്രൊയേഷ്യക്ക്. ആദ്യ പകുതിയിലെ രണ്ട് എണ്ണം പറഞ്ഞ ഗോളില്‍ അവര്‍ 2-1 ന് മൊറോക്കോയെ തോല്‍പിച്ചു. ഈ ലോകകപ്പില്‍ അറബ് ലോകത്തെയും ആഫ്രിക്കയെയും ത്രസിപ്പിച്ച മൊറോക്കൊ വെറുംകൈയോടെ മടങ്ങി. കഴിഞ്ഞ ലോകകപ്പില്‍ റണ്ണേഴ്‌സ്അപ്പായ അവര്‍ ഇത്തവണ അഭിമാനാര്‍ഹമായ മൂന്നാം സ്ഥാനം നേടി. 
മൊറോക്കോയുടെ നിരവധി ഗോളവസരങ്ങള്‍ അതിജീവിച്ച ശേഷം നാല്‍പത്തിരണ്ടാം മിനിറ്റില്‍ മിസ്ലാവ് ഓര്‍സിച്ചാണ് ക്രൊയേഷ്യയെ മുന്നിലെത്തിച്ചത്. മൊറോക്കന്‍ പ്രതിരോധത്തില്‍ നിന്ന് പന്ത് പിടിച്ചെടുത്ത ശേഷം ഒാര്‍സിച് വളച്ചുവിട്ട ഷോട്ട് ഗോളിയെ കീഴടക്കിയ ശേഷം പോസ്റ്റിനിടിച്ച് വലയില്‍ കയറി. 
മനോഹരമായി സൃഷ്ടിച്ചെടുത്ത സെറ്റ് പീസ് ഗോളുകളില്‍ ഇരു ടീമുകളും ഗോളടിച്ചതോടെ മത്സരം ആവേശകരമായിരുന്നു. ഏഴാം മിനിറ്റില്‍ ക്രൊയേഷ്യയും ഒമ്പതാം മിനിറ്റില്‍ മൊറോക്കോയും ലക്ഷ്യം കണ്ടു. 
ജാസ്‌കൊ ഗ്വാര്‍ദിയോളാണ് ക്രൊയേഷ്യയുടെ ആദ്യ ഗോളടിച്ചത്. ബോക്‌സിനു മുന്നില്‍ കിട്ടിയ ഫ്രീകിക്ക് സമര്‍ഥമായി ഉയര്‍ത്തുകയായിരുന്നു ക്രൊയേഷ്യ. ജമ്പിംഗ് ഹെഡറിലൂടെ ഗ്വാര്‍ദിയോള്‍ ലക്ഷ്യം കണ്ടു. ഒരു വര്‍ഷത്തിനു ശേഷമാണ് ഡിഫന്റര്‍ ക്രൊയേഷ്യക്കു വേണ്ടി ലക്ഷ്യം കാണുന്നത്.
പന്ത് ടച്ച് ചെയ്ത മൊറൊക്കോ തിരിച്ചടിച്ചു. ബോക്‌സിലേക്ക് വന്ന ഫ്രീകിക്ക് അശ്‌റഫ് ദാരി ഗോളാക്കി. മൂന്നാം മിനിറ്റില്‍ മൊറോക്കന്‍ ബോക്‌സിലുണ്ടായ ആശയക്കുഴപ്പം സെല്‍ഫ് ഗോളില്‍ കലാശിക്കേണ്ടതായിരുന്നു. ഗോളി യാസീന്‍ ബൂനു അടിച്ച ഷോട്ട് കഷ്ടിച്ചാണ് പോസ്റ്റില്‍ നിന്നകന്നത്. 
 

Latest News