Sorry, you need to enable JavaScript to visit this website.

പ്രവാസികള്‍ നല്ല മീനും മട്ടനും കഴിച്ച് ജീവിതം ആസ്വദിക്കണം; ഉപദേശികളുടെ നിറഞ്ഞാട്ടം

പ്രവാസികള്‍ക്ക് നാട്ടുകാരും പ്രവാസികള്‍ തന്നെയും നല്‍കാറുളള ഉപദേശങ്ങള്‍ക്ക് പഞ്ഞമുണ്ടാകാറില്ല. ഇപ്പോള്‍ ഇതാ ഒരു അവസരം വന്നപ്പോള്‍ ഉപദേശികളെല്ലാം കൂട്ടത്തോടെ ഇറങ്ങിയിരിക്കുന്നു.
നമ്മള്‍ നമുക്ക് വേണ്ടി ഭക്ഷിക്കണം. നമ്മുടെ സന്തോഷം കണ്ടെത്തണം. വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും വേണ്ടി ജീവിക്കരുത്. നല്ല മീനും മട്ടനും വാങ്ങി കഴിക്കണം. റിയാലും ദിര്‍ഹമും കൂട്ടിവെക്കാതെ നാടുകള്‍ കാണാന്‍ പോകണം. കാശ് കൈയിലുണ്ടായിട്ടും ഖത്തറില്‍ ലോകകപ്പ് കാണാന്‍ പോയോ.. എന്നിങ്ങനെ പോകുന്നു ഉപദേശങ്ങള്‍.


ഇപ്പോള്‍ ഉപദേശങ്ങള്‍ ഇങ്ങനെ പൊട്ടിയൊഴുകാന്‍ നിമിത്തമായത് യു.എ.ഇയില്‍നിന്ന് പ്രവാസികളുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്ന സേവന പ്രവര്‍ത്തനം നടത്തുന്ന അഷ്‌റഫ് താമരശ്ശേരിയുടെ കുറിപ്പാണ്. യു.എ.ഇയില്‍ മലയാളിയുടെ മൃതദേഹം നാട്ടിലയക്കാന്‍ ശ്രമം തുടങ്ങിയപ്പോള്‍ അയാളുടെ ഭാര്യയും മക്കളും മൃതദേഹം ഇങ്ങോട്ട് കെട്ടിയെടുക്കേണ്ട എന്നു പറഞ്ഞതാണ് അദ്ദേഹത്തെ സങ്കടത്തിലാക്കിയത്.
ആരുടെ മൃതദേഹമാണെന്ന് അഷ്‌റഫ് താമരശ്ശേരി വെളിപ്പെടുത്തിയിരുന്നില്ലെങ്കിലും സമൂഹ മാധ്യമങ്ങളിലെ അന്വേഷണ വിദഗ്ധര്‍ക്ക് അത് കണ്ടെത്താന്‍ അധിക സമയമൊന്നും വേണ്ടിവന്നില്ല. എന്തുകൊണ്ട് മൃതദേഹം വേണ്ടായെന്ന് ഭാര്യയും മക്കളും പറഞ്ഞുവെന്ന് കണ്ടെത്താന്‍ കൂടി അഷ്‌റഫ് താമരശ്ശേരി ശ്രമിക്കേണ്ടിയിരുന്നുവെന്ന് കുറ്റപ്പെടുത്തുന്നവരുമുണ്ട്.


കാവി ബിക്കിനിയുടെ വിവാദം കത്തിക്കയറുകയാണ്. മുസ്ലിമായ ഷാരൂഖ് ഖാന്‍ അഭിനയിക്കുന്ന പത്താന്‍ സിനിമയില്‍ ദീപിക പദുക്കോണ്‍ കാവി ബിക്കിനി ധരിച്ചതാണ് സംഘ്പരിവാര്‍ നേതാക്കള്‍ വിവാദമാക്കിയത്. എന്നാല്‍ ഇപ്പോഴത്തെ കേന്ദ്ര മന്ത്രി സ്മൃതി ഇറാനി പണ്ട് സ്വമ്മിംഗ് വസ്ത്രം ധരിച്ച വീഡിയോയും പ്രധാനമന്ത്രി മോഡിയുടെ ഇഷ്ടക്കാരനായ ബാബ രാംദേവ് കാവി അടിവസ്ത്രം ധരിച്ച ഫോട്ടോകളുമൊക്കെ പൊക്കിക്കൊണ്ടുവന്നാണ് പ്രതിപക്ഷം സംഘ് പരിവാര്‍ പ്രചാരകരെ നേരിടുന്നത്. ഗുജറാത്തില്‍ ബില്‍ക്കിസ് ബാനുവിനെ ബലാത്സംഗ ചെയ്തുവരുടെ സാംസ്‌കാരിക ബോധവും ജാതിയും വീണ്ടും ചോദ്യം ചെയ്യാനും കാവി ബിക്കിനി വിവാദം അവസരമൊരുക്കി.
അതിനിടയിലാണ് ബില്‍ക്കിസ് ബാനുവിനെ ബലാത്സംഗം ചെയ്യുകയും കുടുംബാംഗങ്ങളെ കൊലപ്പെടുത്തകയും ചെയ്ത ഘാതകര്‍ക്ക് ശിക്ഷാ ശിക്ഷ പൂര്‍ത്തിയാകുന്നതിനു മുമ്പേ ജയില്‍ മോചനം നല്‍കിയതിനെ ചോദ്യം ചെയ്യുന്ന ഹരജി സുപ്രീം കോടതി തള്ളിയിരിക്കുന്നത്. ബില്‍ക്കിസ് ബാനു സമര്‍പ്പിച്ച ഹരജി പരിഗണിക്കാമെന്ന് സുപ്രീം കോടതി സമ്മതിച്ചപ്പോള്‍ വലിയ പ്രതീക്ഷ ഉയര്‍ന്നിരുന്നു. ഗുജറാത്ത് സര്‍ക്കാരും നീതിപീഠവും കണ്ണടച്ചുവെങ്കിലും രാജ്യത്തിന്റെ എല്ലാ ഭാഗത്തുനിന്നും ബില്‍ക്കിസ് ബാനുവിന് ലഭിച്ച പിന്തണ എടുത്തു പറയേണ്ടതാണ്.
അന്താരാഷ്ട്ര അറബി ഭാഷാദിനത്തിന്റെ പശ്ചാത്തലത്തില്‍ ഖത്തറില്‍ കളി കാണാനെത്തിയ വിദേശികളുടെ അനുഭവങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ ഷെയര്‍ ചെയ്യപ്പെടുന്നത്. തങ്ങളുടെ നാടുകളിലെ നിറം പിടിപ്പിച്ച ഇസ്ലാം വിരുദ്ധ കഥകള്‍ കേട്ടതിനുശേഷം ഖത്തറിലെത്തിയവര്‍ക്ക് അവിടെ പരിചയപ്പെട്ട അറബി സംസ്‌കാരം പുതിയ അനുഭവങ്ങള്‍ സമ്മാനിച്ചു. പള്ളികള്‍ മറ്റു മത വിശ്വാസികളായ വിദേശികള്‍ക്കുമുന്നില്‍ തുറന്നിട്ടതും മനോഹരമായ ബാങ്ക് വിളികള്‍ കേള്‍ക്കാനായതും മുതല്‍ ടോയ്‌ലെറ്റുകളില്‍ വെള്ളം ഉപയോഗിക്കുന്നതുപോലും അത്ഭുതക്കാഴ്ചകളായതാണ് വൈറലായത്. വിദേശികളെ ഖുര്‍ആന്‍ സൂക്തങ്ങള്‍ കേള്‍പ്പിച്ചപ്പോള്‍ പുതിയ അനുഭവമായതിന്റെ ചെറു വീഡിയോകളും വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലുണ്ട്.


മന്ത്രി വാസവനും അമിതാഭ് ബച്ചനും ഇന്ദ്രന്‍സും മമ്മൂട്ടിയും ജൂഡും ബോഡി ഷെയിമിംഗും ട്രോളുകള്‍ക്ക് നല്ല അവസരങ്ങളൊരുക്കി. ബുദ്ധിയേയും കഷണ്ടിയേയും താരതമ്യം ചെയ്ത മമ്മൂട്ടി തനിക്ക് പറ്റിയ തെറ്റ് ഏറ്റുപറഞ്ഞപ്പോള്‍ അത് സോഷ്യല്‍ മീഡിയക്ക് നന്നായി ബോധിച്ചു. മറ്റുള്ളവരോടൊപ്പം അതിനെ പുകഴ്ത്തിയ മന്ത്രി ശിവന്‍കുട്ടിയോട് സമയം കിട്ടുമെങ്കില്‍ മന്ത്രി വാസവനെ കണ്ട് ഒന്ന് ഉപദേശിക്കണമെന്ന് പലരും ഉപദേശിച്ചു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News